കേരളത്തിൽ മഴ കനക്കുന്നു; തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു, രണ്ടുപേർ ഗുരുതരാവസ്ഥയിൽ

കുന്നത്തുകാലിൽ സ്വകാര്യ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് മൂന്നുപേർക്കും ഇടിമിന്നലേറ്റത്; അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ മേഖലയിൽ സ്വകാര്യ പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന പരശുവയ്ക്കൽ സ്വദേശി വിൻസന്റാണ് മരിച്ചത്. അപകടത്തിൽ മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

പരശുവയ്ക്കൽ സ്വദേശി അജേഷ്, ആടുമൻകാവ് സ്വദേശി ദാസയ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

കുന്നത്തുകാലിലെ സ്വകാര്യ പുരയിടത്തിൽ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. മൂന്നുപേർക്കും മിന്നലേറ്റതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചു. വിൻസന്റിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ച മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. മലയോര മേഖലകളിലും നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ഭാഗങ്ങളിലും കഴിയുന്നവർ അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം.

ആവശ്യമായ സാഹചര്യങ്ങളിൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്നും നിർദേശമുണ്ട്.

ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും ദുർബലവുമായ വീടുകളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ തുടങ്ങിയവ തകർന്നുവീഴാനുള്ള സാധ്യതയും കണക്കിലെടുക്കണം.

കനത്ത മഴ പെയ്യുന്ന സമയത്ത് പുഴകളിലും തോടുകളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങുന്നതും കുളിക്കുന്നതും മീൻപിടിക്കുന്നതും ഒഴിവാക്കണം. ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടുകളിലേക്കും ഒഴുക്കുള്ള പ്രദേശങ്ങളിലേക്കും ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

പാലങ്ങളിലും മേൽപ്പാലങ്ങളിലും നിന്നുള്ള സെൽഫി ഉൾപ്പെടെയുള്ള അപകടകരമായ പ്രവൃത്തികളും ഒഴിവാക്കണം. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഇടിമിന്നൽ സാധ്യതയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരങ്ങളുടെ ചുവട്ടിൽ അഭയം തേടുന്നതും ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുന്നതാണ് ഉചിതം.

മഴക്കെടുതികളുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. സഹായത്തിനും വിവരങ്ങൾക്കും 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

കാലാവസ്ഥാ മുന്നറിയിപ്പുകൾ മാറാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക അറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കുകയും അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് ദുരന്തനിവാരണ സംവിധാനങ്ങൾ അഭ്യർത്ഥിച്ചു.

 

 

Leave a Comment

More News