വീടിനുള്ള ധനസഹായം വർധിപ്പിക്കും; ഭൂമി ഉറപ്പാക്കാൻ നിയമനിർമാണം, ഇ-ഗ്രാന്റും സ്കോളർഷിപ്പും മുടങ്ങില്ല
കൊച്ചി: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് ലൈഫ് മിഷനിൽ നിന്ന് വേർതിരിച്ച് പ്രത്യേക ഭവനപദ്ധതി നടപ്പാക്കുമെന്നും ഭൂരഹിതരായ അർഹരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗാന്ധിജയന്തി ദിനത്തിൽ പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുതുയുഗ വഴിയിൽ നാമുയരുന്നു… നാടുണരുന്നു…’ എന്ന സന്ദേശമുയർത്തിയാണ് ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സംഘടിപ്പിക്കുന്നത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾ ഇനി കേവലം ചടങ്ങുകളിലോ പ്രഖ്യാപനങ്ങളിലോ ഒതുങ്ങില്ലെന്നും അവരുടെ യഥാർത്ഥ ആവശ്യങ്ങൾ കണ്ടെത്തി സമയബന്ധിതമായി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ വഴി പട്ടികവിഭാഗങ്ങൾക്ക് വീടുകൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് പ്രത്യേക ഭവനനിർമാണ പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നത്. അർഹരായ ഭവനരഹിതർക്ക് നിലവിലുള്ള ധനസഹായം വർധിപ്പിച്ച് വീട് ഉറപ്പാക്കും. ഭൂരഹിതരായ പട്ടികവിഭാഗക്കാർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി ആവശ്യമായ നിയമനിർമാണവും മറ്റ് നടപടികളും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിവിധ മേഖലകളിൽ ബജറ്റ് ചെലവുകൾ നിയന്ത്രിക്കേണ്ടിവന്നപ്പോഴും പട്ടികവിഭാഗങ്ങളുടെ വികസന ഫണ്ടിൽ ഒരു രൂപ പോലും കുറച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ 500 കോടി രൂപ അധികമായി അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റും സ്കോളർഷിപ്പുകളും ഒരു കാരണവശാലും മുടങ്ങരുതെന്ന് ധനകാര്യ വകുപ്പിന് കർശന നിർദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രൊഫഷണൽ കോഴ്സുകളിലുൾപ്പെടെ പട്ടികവിഭാഗ വിദ്യാർത്ഥികളുടെ പഠനം പാതിവഴിയിൽ നിലയ്ക്കുന്ന സാഹചര്യം ഉണ്ടാകാൻ അനുവദിക്കില്ല. ഇതിനായി എത്ര തുക ആവശ്യമായി വന്നാലും മുൻഗണന നൽകി അനുവദിക്കുമെന്നും വിദ്യാഭ്യാസം സർക്കാരിന്റെ പ്രധാന പരിഗണനകളിലൊന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് കേന്ദ്രീകരിച്ച് പുതിയ ആശയങ്ങളോടെ ‘ട്രൈബൽ യൂണിവേഴ്സിറ്റി’ യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോത്രവിഭാഗങ്ങളുടെ തനത് കല, സംസ്കാരം, പാരമ്പര്യം എന്നിവ സംരക്ഷിക്കുകയും പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നതിനായി ട്രൈബൽ ഫെസ്റ്റിവലുകൾ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും.
മുൻതലമുറകൾ നേരിട്ട സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളെ മറികടന്ന് പുതിയ തലമുറ മികച്ച വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ മുഖ്യധാരയിൽ കൂടുതൽ ശക്തമായി ഉയർന്നുവരണം. അതിനാവശ്യമായ പിന്തുണ നൽകാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ കർമപരിപാടികളുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ വകുപ്പ് ഏറ്റെടുത്ത പദ്ധതികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയതിൽ വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യ വിതരണവും ആദരിക്കൽ ചടങ്ങുകളും നടന്നു. പട്ടികജാതി വികസന വകുപ്പിന്റെ നൈപുണ്യ വികസന പദ്ധതിയിലൂടെ ജോലി ലഭിച്ച ഉദ്യോഗാർഥികൾക്ക് ഹൈബി ഈഡൻ എം.പി. ഓഫർ ലെറ്ററുകൾ വിതരണം ചെയ്തു. കെ.എസ്.ബി.സി.ഡി.സി.യുടെ സി.ഡി.എസ്. മൈക്രോക്രെഡിറ്റ് വായ്പാ വിതരണവും 2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ ഒ.ബി.സി. വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും നടന്നു.
പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ടീച്ചർ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ്, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, മറ്റ് ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
