അമേരിക്കയില്‍ ഡോക്ടർമാരുടെ ക്ഷാമത്തിന് ‘കുടിയേറ്റ പ്രതിവിധി’; നിർണായക ബില്ലുകളുമായി രാജാ കൃഷ്ണമൂർത്തി

വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാർക്കും നഴ്സുമാർക്കും അവസരം; ലൈസൻസിംഗ് തടസ്സങ്ങൾ നീക്കാനും മെഡിക്കൽ റെസിഡൻസി ഉറപ്പാക്കാനും നീക്കം

വാഷിംഗ്ടണ്‍: അമേരിക്കയിൽ രൂക്ഷമാകുന്ന ഡോക്ടർ-നഴ്സ് ക്ഷാമം പരിഹരിക്കാൻ യോഗ്യതയുള്ള കുടിയേറ്റ ആരോഗ്യപ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തുന്ന രണ്ട് സുപ്രധാന ബില്ലുകളുമായി കോൺഗ്രസ് അംഗങ്ങളായ രാജാ കൃഷ്ണമൂർത്തിയും ആദം സ്മിത്തും. ലൈസൻസിംഗ്, പരിശീലനം, സാമ്പത്തിക സഹായം തുടങ്ങിയ മേഖലകളിലെ തടസ്സങ്ങൾ കുറച്ച് വിദേശത്ത് പരിശീലനം നേടിയ ആരോഗ്യപ്രവർത്തകർക്ക് അമേരിക്കയിൽ ജോലി ചെയ്യാനുള്ള വഴി എളുപ്പമാക്കുകയാണ് ലക്ഷ്യം.

‘ഇമിഗ്രന്റ്സ് ഇൻ നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് ആക്ട്’, ‘ഇന്റർനാഷണലി ട്രെയിൻഡ് ഫിസിഷ്യൻസ് അസിസ്റ്റൻസ് ആക്ട്’ എന്നീ രണ്ട് ബില്ലുകളാണ് അവതരിപ്പിച്ചത്.

വിദേശത്ത് മെഡിക്കൽ ബിരുദം നേടിയ കുടിയേറ്റ ഡോക്ടർമാർക്ക് മേൽനോട്ടത്തിൽ ചികിത്സ നടത്തുന്നതിനുള്ള താൽക്കാലിക ലൈസൻസിംഗ് പദ്ധതികൾ ആരംഭിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ആരോഗ്യസേവനം കുറവുള്ള മേഖലകളിൽ ഇവർക്കായി മെഡിക്കൽ റെസിഡൻസി സീറ്റുകൾ ഉറപ്പാക്കാനും നിർദേശമുണ്ട്.

നഴ്സുമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും പരിശീലനം, ലൈസൻസ്, സർട്ടിഫിക്കേഷൻ എന്നിവ നേടുന്നതിനായി ഗ്രാന്റുകളും സാമ്പത്തിക സഹായവും നൽകും.

2022-ലെ മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പഠനപ്രകാരം കോളജ് വിദ്യാഭ്യാസമുള്ള 21 ലക്ഷം കുടിയേറ്റക്കാർ അമേരിക്കയിൽ തൊഴിൽരഹിതരോ യോഗ്യതയ്ക്ക് താഴെയുള്ള ജോലികളിൽ കഴിയുന്നവരോ ആണ്. അതേസമയം, 2034-ഓടെ രാജ്യത്ത് 48,000 വരെ പ്രാഥമിക പരിചരണ ഡോക്ടർമാരുടെ കുറവുണ്ടാകാമെന്നാണ് വിലയിരുത്തൽ.

“നമ്മുടെ സമൂഹങ്ങളിൽ ഇതിനകം ലഭ്യമായ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാൽ ആരോഗ്യസംവിധാനം ശക്തിപ്പെടുത്താനും ചികിത്സാ ലഭ്യത വർധിപ്പിക്കാനും കഴിയും,” രാജാ കൃഷ്ണമൂർത്തി പറഞ്ഞു.

Leave a Comment

More News