തലയ്ക്കുപുറമെ നെഞ്ചിലും വയറിന്റെ മുകൾഭാഗത്തും പരിക്ക്; വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് എയർലിഫ്റ്റ് ചെയ്തു

ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ ക്യാപ്റ്റൻ സ്മിത്തിന് തലയോട്ടിയിൽ ഗുരുതരമായ പൊട്ടൽ സംഭവിച്ചതായുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനെ തുടർന്ന് സൗദി അറേബ്യയിൽ അടിയന്തര ചികിത്സയും ശസ്ത്രക്രിയയും നടത്തിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ അബുദാബിയിലേക്ക് എയർലിഫ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
വിമാനം യാത്രയ്ക്കിടെ സഹപൈലറ്റ് ഹമ്മാമി ക്യാപ്റ്റൻ സ്മിത്തിനെ ആക്രമിച്ചു. ആക്രമണത്തിൽ ക്യാപ്റ്റന്റെ തലയോട്ടിയിൽ ‘ഡിപ്രെസ്ഡ് ഫ്രാക്ചർ’ ഉണ്ടായതായും റിപ്പോർട്ടുണ്ട്. തലയോട്ടിയിലെ പൊട്ടിയ അസ്ഥിയുടെ ഒരു ഭാഗം സാധാരണ നിലയിൽ നിന്ന് അകത്തേക്ക് നീങ്ങി തലച്ചോറിനുമേൽ സമ്മർദം ചെലുത്താൻ സാധ്യതയുള്ള ഗുരുതര പരിക്കാണിത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ അടിയന്തര വൈദ്യപരിശോധനയും ആവശ്യമായാൽ ശസ്ത്രക്രിയയും നിർണായകമാണ്.
വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കിയതിന് പിന്നാലെ ക്യാപ്റ്റൻ സ്മിത്തിനെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ പരിക്കിന്റെ ഗുരുതരാവസ്ഥ വിലയിരുത്തിയ ഡോക്ടർമാർ അടിയന്തര ചികിത്സ ആരംഭിക്കുകയും തലയോട്ടിക്കേറ്റ പരിക്കിന് ആവശ്യമായ ശസ്ത്രക്രിയ നടത്തുകയും ചെയ്തതായാണ് വിവരം.
തലയ്ക്കേറ്റ പരിക്കിനു പുറമേ നെഞ്ചിലും വയറിന്റെ മുകൾഭാഗത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ക്യാപ്റ്റന് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിനിടെ ഉണ്ടായ മർദനമാണ് ഈ പരിക്കുകൾക്ക് കാരണമെന്നാണ് സൂചന. ആദ്യഘട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കാജനകമായിരുന്നെങ്കിലും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും നില ക്രമേണ മെച്ചപ്പെടുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ക്യാപ്റ്റൻ സ്മിത്തിനെ സൗദി അറേബ്യയിൽ നിന്ന് അബുദാബിയിലേക്ക് എയർലിഫ്റ്റ് ചെയ്തത്. നിലവിൽ അവിടെയുള്ള ഒരു സൈനിക ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ തുടരുകയാണ്. ആരോഗ്യനില നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും കുടുംബാംഗങ്ങൾക്ക് ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലും വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ക്യാപ്റ്റൻ സ്മിത്ത് നടത്തിയ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചത്. തലയ്ക്കേറ്റ മാരകമായ പരിക്കും കടുത്ത വേദനയും രക്തസ്രാവവും അവഗണിച്ച് അദ്ദേഹത്തിന് കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞു.
വാതിൽ തുറന്നതോടെ ക്യാബിൻ ക്രൂ അംഗങ്ങളും യാത്രക്കാരിൽ ചിലരും കോക്ക്പിറ്റിലേക്ക് എത്തി സഹപൈലറ്റിനെ നിയന്ത്രിച്ചതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കാനും സാധിച്ചു.
സംഭവത്തിനു പിന്നാലെ വിമാനം സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ലാൻഡിങ്ങിനു പിന്നാലെ ക്യാപ്റ്റൻ സ്മിത്തിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വിമാനത്തിനുള്ളിൽ തന്നെ ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനെ ആക്രമിച്ചുവെന്ന ആരോപണത്തിന്റെ അസാധാരണ സ്വഭാവം കണക്കിലെടുത്ത് സംഭവം വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ടും ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുകയാണ്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം, സഹപൈലറ്റിന്റെ പെരുമാറ്റം, വിമാനത്തിനുള്ളിൽ നടന്ന സംഭവങ്ങളുടെ കൃത്യമായ ക്രമം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.
