രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവകാശങ്ങൾക്കായും നീതിക്കായും പോരാടുന്ന സാധാരണക്കാരുടെ ശബ്ദങ്ങളെ ഒരൊറ്റ വേദിയിൽ കൊണ്ടുവരാനുള്ള കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ‘സത്യാഗ്രഹ’ സംരംഭം ശ്രദ്ധേയമായ രാഷ്ട്രീയ ഇടപെടലായി മാറുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും അവരുടെ അനുഭവങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടുള്ള ഈ സംരംഭം പ്രതിപക്ഷ നേതാവിന്റെ പരമ്പരാഗത ഉത്തരവാദിത്തങ്ങൾക്ക് പുതിയൊരു മാനം നൽകുന്നു. എന്നാൽ ജനങ്ങളുടെ ദുരിതങ്ങൾ ഉയർത്തിക്കാട്ടുന്നതിനൊപ്പം അവയ്ക്ക് പ്രായോഗികമായ പരിഹാരങ്ങൾ നിർദേശിക്കാനും കഴിയുമോ എന്നതാണ് ഈ നീക്കത്തിന്റെ രാഷ്ട്രീയ പ്രസക്തി നിർണയിക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവകാശനിഷേധങ്ങൾക്കും സാമൂഹിക അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെ പോരാടുന്ന ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി ‘സത്യാഗ്രഹ’ എന്ന പേരിൽ പുതിയ ഡിജിറ്റൽ വേദിക്ക് തുടക്കമിട്ടത്. തങ്ങളുടെ ജീവിതാനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും സമരങ്ങളും ഈ വെബ്സൈറ്റിലൂടെ പൊതുസമൂഹവുമായി പങ്കുവയ്ക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കുകയാണ് സംരംഭത്തിന്റെ പ്രധാന ഉദ്ദേശ്യം.
ജനങ്ങൾ പങ്കുവയ്ക്കുന്ന അനുഭവങ്ങൾ രാജ്യത്തിന്റെ ഭൂപടത്തിൽ രേഖപ്പെടുത്തുമെന്നും സമാനമായ പ്രശ്നങ്ങൾ നേരിടുന്ന മറ്റുള്ളവരെ കണ്ടെത്താനും പരസ്പരം ബന്ധപ്പെടാനും ഇതിലൂടെ സാധിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റിനകത്തും പുറത്തും ജനങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുമെന്നും ആവശ്യമായ സന്ദർഭങ്ങളിൽ കത്തുകളിലൂടെയും നേരിട്ടുള്ള ഇടപെടലുകളിലൂടെയും ജനകീയ പോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നത് തന്റെ ഉത്തരവാദിത്തമാണെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് ഇന്ത്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽ ശ്രദ്ധേയമാണ്. സർക്കാരിന്റെ നയങ്ങളെ വിമർശിക്കുകയും ഭരണപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതിനപ്പുറം, ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളുമായി നേരിട്ട് ബന്ധപ്പെടാനുള്ള ശ്രമമായും ഈ സംരംഭത്തെ വിലയിരുത്താം.
‘സത്യാഗ്രഹ’ സംരംഭത്തിന് തുടക്കത്തിൽത്തന്നെ ലഭിച്ച പ്രതികരണം അതിന്റെ പ്രസക്തി വ്യക്തമാക്കുന്നതാണ്. പുറത്തുവന്ന കണക്കുകൾ പ്രകാരം, വെബ്സൈറ്റ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 30,000-ത്തിലധികം ആളുകളാണ് തങ്ങളുടെ പ്രശ്നങ്ങളും പോരാട്ടാനുഭവങ്ങളും പങ്കുവച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിഹാരം കാത്തുകിടക്കുന്ന ജനകീയ പ്രശ്നങ്ങളുടെ വ്യാപ്തിയിലേക്കാണ് ഈ പ്രതികരണം വിരൽചൂണ്ടുന്നത്.
വിദ്യാഭ്യാസരംഗത്തെ അസമത്വങ്ങൾ, തൊഴിലവസരങ്ങളുടെ അഭാവം, അഴിമതി, ജാതിവിവേചനം, ആരോഗ്യപരിരക്ഷയുടെ അപര്യാപ്തത, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങളാണ് ഇത്തരം പരാതികളിൽ പ്രധാനമായി ഉയർന്നുവരുന്നത്. വികസനപദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കപ്പുറം സാധാരണക്കാരുടെ ജീവിതത്തിൽ നിലനിൽക്കുന്ന യാഥാർഥ്യങ്ങൾ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും ഈ അനുഭവങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയും സാമൂഹികവും സാമ്പത്തികവുമായ വൈവിധ്യങ്ങളുമുള്ള രാജ്യത്ത് വികസനത്തിന്റെ നേട്ടങ്ങൾ എല്ലാവരിലേക്കും ഒരുപോലെ എത്തുന്നില്ലെന്നത് പ്രധാന വെല്ലുവിളിയാണ്. ഗ്രാമീണ മേഖലകളിലും പിന്നാക്ക പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സാമൂഹിക വിവേചനങ്ങളും ഇപ്പോഴും ഗൗരവമായ പ്രശ്നങ്ങളായി തുടരുന്നു. ഭരണസംവിധാനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന ഇത്തരം വിഷയങ്ങൾ പൊതുചർച്ചയുടെ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിൽ ‘സത്യാഗ്രഹം’ പോലുള്ള വേദികൾക്ക് നിർണായക പങ്കുവഹിക്കാനാകും.
രാജ്യത്ത് അധികാരത്തിലിരിക്കുന്ന സർക്കാരുകൾ വികസനനേട്ടങ്ങളും സാമ്പത്തിക പുരോഗതിയും അടിസ്ഥാന സൗകര്യവികസനവും ഉയർത്തിക്കാട്ടുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇത്തരം അവകാശവാദങ്ങൾ ജനങ്ങളുടെ യഥാർഥ ജീവിതസാഹചര്യങ്ങളുമായി എത്രത്തോളം പൊരുത്തപ്പെടുന്നുവെന്ന പരിശോധനയും അനിവാര്യമാണ്.
വികസനത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നുണ്ടോ, സർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ അർഹരായവർക്ക് ലഭിക്കുന്നുണ്ടോ, അവകാശനിഷേധങ്ങൾക്കെതിരെ പരാതിപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ജനാധിപത്യ ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വിലയിരുത്തുന്നതിൽ പ്രധാനമാണ്.
‘സത്യാഗ്രഹ’ സംരംഭത്തിന്റെ യഥാർഥ വിജയം നിർണയിക്കുക അതിലൂടെ ശേഖരിക്കപ്പെടുന്ന പരാതികളുടെ എണ്ണമായിരിക്കില്ല. മറിച്ച്, ആ പരാതികൾക്ക് എത്രത്തോളം പരിഹാരം കണ്ടെത്താനാകുന്നു എന്നതായിരിക്കും പ്രധാന മാനദണ്ഡം. വിദ്യാഭ്യാസരംഗത്തെ അസമത്വങ്ങൾ പരിഹരിക്കുന്നതിനും പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനും എന്തെല്ലാം പദ്ധതികളാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്? ജാതിവിവേചനവും സാമൂഹിക അനീതിയും ഇല്ലാതാക്കാൻ നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് പുറമെ എന്തെല്ലാം പരിഷ്കാരങ്ങൾ ആവശ്യമാണ്? ഗ്രാമീണ മേഖലയിലെ ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്താനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കാനും എന്താണ് ബദൽ നയം? അഴിമതി തടയുന്നതിനും ഭരണസംവിധാനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത്? ഇത്തരം ചോദ്യങ്ങൾക്ക് വ്യക്തവും പ്രായോഗികവുമായ ഉത്തരങ്ങൾ നൽകാൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും കഴിയേണ്ടതുണ്ട്.
ജനങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയെന്നത് പ്രതിപക്ഷത്തിന്റെ പ്രധാന ഉത്തരവാദിത്തമാണെങ്കിലും അവ പരിഹരിക്കുന്നതിനുള്ള വിശ്വസനീയമായ ബദൽ അവതരിപ്പിക്കുകയെന്നതും അത്രതന്നെ പ്രധാനമാണ്. അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടുന്നതിലൂടെ മാത്രം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ജനവിശ്വാസം ദീർഘകാലത്തേക്ക് നിലനിർത്താനാവില്ല.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിക്കുന്ന നടപടികളും അവയുടെ ഫലങ്ങളും ഈ സാഹചര്യത്തിൽ പ്രസക്തമാണ്. ജനങ്ങളുടെ പരാതികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് സംസ്ഥാനതലത്തിലും ദേശീയതലത്തിലും നടപ്പാക്കാവുന്ന നയപരിഷ്കാരങ്ങൾക്ക് രൂപം നൽകാൻ കഴിഞ്ഞാൽ ‘സത്യാഗ്രഹ’ കൂടുതൽ അർഥവത്താകും.
രാഹുൽ ഗാന്ധിയുടെ ‘സത്യാഗ്രഹ’ സംരംഭം ഇന്ത്യൻ പ്രതിപക്ഷ രാഷ്ട്രീയത്തിൽ പുതിയ സാധ്യതകൾ തുറക്കുന്നതായി വിലയിരുത്താം. സാധാരണക്കാരുടെ അനുഭവങ്ങൾക്കും അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾക്കും ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധ ലഭ്യമാക്കാനുള്ള ശ്രമമെന്ന നിലയിൽ ഈ നീക്കം സ്വാഗതാർഹമാണ്.
എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതുകൊണ്ടുമാത്രം അവരുടെ ജീവിതസാഹചര്യങ്ങളിൽ മാറ്റമുണ്ടാകില്ല. ശേഖരിക്കുന്ന പരാതികളെ അടിസ്ഥാനമാക്കി നയപരമായ നിർദേശങ്ങൾ രൂപപ്പെടുത്തുകയും ഭരണകൂടങ്ങളിൽ സമ്മർദം ചെലുത്തുകയും ആവശ്യമായ നിയമപരിഷ്കാരങ്ങൾക്കായി ഇടപെടുകയും ചെയ്യുമ്പോഴാണ് ഇത്തരം സംരംഭങ്ങൾ യഥാർഥ അർഥത്തിൽ ജനകീയമാകുന്നത്.
രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്. ജനങ്ങളുടെ അസംതൃപ്തിയും ദുരിതാനുഭവങ്ങളും രാഷ്ട്രീയ പിന്തുണയായി മാറ്റുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവയ്ക്ക് വിശ്വസനീയമായ പരിഹാരങ്ങൾ മുന്നോട്ടുവയ്ക്കാൻ കഴിയണം.
‘സത്യാഗ്രഹ’ ജനങ്ങളുടെ പരാതികൾ ശേഖരിക്കുന്ന ഒരു ഡിജിറ്റൽ വേദിയായി മാത്രം ഒതുങ്ങുമോ, അതോ രാജ്യത്തെ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്ന ശക്തമായ ജനാധിപത്യ ഇടപെടലായി വളരുമോ എന്നത് വരുംകാല പ്രവർത്തനങ്ങളാണ് തെളിയിക്കുക. ജനങ്ങളുടെ ശബ്ദം കേൾപ്പിക്കുന്നതിനൊപ്പം അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനുള്ള വ്യക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും പ്രകടിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ രാഹുൽ ഗാന്ധിയുടെ ഈ സംരംഭത്തിന് ദീർഘകാല പ്രസക്തിയും ജനവിശ്വാസവും നേടാനാകൂ.
ചീഫ് എഡിറ്റര്
