നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധന കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍

ദോഹ: പ്രവാസി മലയാളികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക അനിയന്ത്രിതമായി വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ഖത്തര്‍ മലയാളികളുടെ മെഗാ ഇ-മെയില്‍ കാമ്പയിനിനു കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ചു. പ്രവാസികളുടെ കൂട്ടായ ഇടപെടലിലൂടെ ഈ പ്രവാസി വിരുദ്ധ തീരുമാനം പുനഃപരിശോധിക്കാൻ സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്താനും പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി  ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ്‌ ലക്ഷ്യം. ഏതൊരാള്‍ക്കും എളുപ്പത്തില്‍ ഭാഗവാക്കാന്‍ കഴിയുന്ന രീതിയില്‍ പ്രത്യേകം തയ്യാറാക്കിയ ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്തോ ലിങ്ക് ഉപയോഗിച്ചോ ഒറ്റ ക്ലിക്കില്‍ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വർധിപ്പിച്ച നടപടിക്കെതിരെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഇ-മെയില്‍ അയക്കാന്‍ കഴിയും വിധമാണ്‌ സജ്ജീകരിച്ചിരിക്കുന്നത്.

പ്രവാസികാര്യ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച വളരെ പ്രതീക്ഷ നൽകുന്ന ഒരു സംരംഭമായിരുന്നു. സർക്കാർ പദ്ധതിയെന്ന വിശ്വാസത്തിലും, സാധാരണക്കാരന് പോലും പ്രാപ്യമായ പ്രീമിയം നിരക്കുകൾ നിലനിൽക്കുമെന്ന ഉറപ്പിലുമാണ്  പ്രവാസികളൊന്നടങ്കം സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉപേക്ഷിച്ച് നോർക്ക കെയറിലേക്ക് മാറിയത്.

എന്നാൽ ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പ്രീമിയം നിരക്കുകൾ വലിയ നിരാശയും ആശങ്കയും സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ വർധനവ് വളരെ ഉയർന്നതും സാധാരണ പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക ശേഷിക്കതീതവുമാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വിദേശരാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് സാധാരണക്കാരായ പ്രവാസികൾക്ക് ഈ വർധനവ് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. അസുഖങ്ങളും അടിയന്തര ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന സാഹചര്യങ്ങളിൽ പ്രവാസികൾക്ക് കൈത്താങ്ങാകേണ്ട ഒരു സർക്കാർ പിന്തുണയുള്ള ഇൻഷുറൻസ് പദ്ധതി, താങ്ങാനാകാത്ത പ്രീമിയം നിരക്കുകളാൽ സാധാരണക്കാരിൽ നിന്ന് അകന്നുപോകുന്നത് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ്‌ പ്രവാസികളുടെ കൂട്ടായ പ്രതിഷേധം  പെട്ടെന്ന് തന്നെ സര്‍ക്കാരിനു മുന്നിലെത്തിക്കാന്‍ അര ലക്ഷം  ഇ-മെയില്‍ അയക്കുക എന്ന ക്യാമ്പയിനുമായി  പ്രവാസി വെല്‍ഫെയര്‍ രംഗത്തിറങ്ങിയത്.

Leave a Comment

More News