കുവൈറ്റ് വിമാനത്താവളത്തിൽ ചോക്ലേറ്റ്, ബിസ്‌ക്കറ്റ് പാക്കറ്റുകളിൽ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടി; ഒരാൾ അറസ്റ്റിൽ

കുവൈറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചോക്ലേറ്റ്, ബിസ്‌ക്കറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊക്കെയ്‌നും ഹാഷിഷും കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. നെതർലാൻഡിൽ നിന്നെത്തിയ പാഴ്‌സലിൽ മധുരപലഹാരങ്ങളും ചോക്ലേറ്റുകളുമാണെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ എയർ കാർഗോ വിഭാഗം നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ പാഴ്‌സൽ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഏകദേശം 126 ഗ്രാം ഭാരമുള്ള നാല് ഹാഷിഷ് കഷണങ്ങളും 11 ഗ്രാം വെളുത്ത പൊടിയും കണ്ടെത്തി. ശാസ്ത്രീയ പരിശോധനയിൽ വെളുത്ത പൊടി കൊക്കെയ്‌നാണെന്ന് സ്ഥിരീകരിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ മയക്കുമരുന്ന്, മദ്യ നിയന്ത്രണ വിഭാഗത്തിന്റെ സഹകരണത്തോടെ കസ്റ്റംസ് ഇൻസ്പെക്ഷൻ ആൻഡ് സെർച്ച് ഓഫീസാണ് പരിശോധനയും തുടർനടപടികളും ഏകോപിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്നുകളും അറസ്റ്റിലായ പ്രതിയെയും വിശദമായ അന്വേഷണത്തിനും തുടർ നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മറ്റുള്ളവരുടെ പാഴ്‌സലുകളോ ലഗേജുകളോ അവയുടെ ഉള്ളടക്കം കൃത്യമായി പരിശോധിക്കാതെ കൊണ്ടുപോകരുതെന്ന് അധികൃതർ നിർദേശിച്ചു. ഭക്ഷ്യവസ്തുക്കളോ മരുന്നുകളോ മാത്രമാണെന്ന് അയച്ചയാൾ ഉറപ്പുനൽകിയാലും ഇത്തരം സാധനങ്ങൾ കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും മുമ്പ് ജാഗ്രത പാലിക്കണം.

മറ്റൊരാളുടെ ലഗേജ് കൊണ്ടുപോകുന്നതിനിടെ നിരോധിത വസ്തുക്കൾ കണ്ടെത്തിയാൽ ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. പാഴ്‌സലിലെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നോ അയച്ചയാളുമായി വ്യക്തിപരമായ ബന്ധമുണ്ടെന്നോ ഉള്ള കാരണങ്ങൾ മാത്രം നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാൻ മതിയാകില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കുക: Read this news in English

Leave a Comment

More News