ന്യൂയോർക്ക് അയ്യപ്പ സേവാ സംഘത്തിന്‌ പുതിയ ഭാരവാഹികൾ; ഗോപിനാഥക്കുറുപ്പ് പ്രസിഡന്റ്, രഞ്ജിത് പിള്ള സെക്രട്ടറി

ന്യൂയോർക്ക്: ന്യൂയോർക്ക് അയ്യപ്പ സേവാ സംഘത്തിന്റെ വാർഷിക പൊതുയോഗം നവംബർ 11 ബുധനാഴ്ച വൈകിട്ട് എട്ടിന് പ്രസിഡന്റ് ഗോപിനാഥക്കുറുപ്പിന്റെ അധ്യക്ഷതയിൽ ചേർന്നു. സംഘത്തിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗത്തിൽ പുതിയ ഭാരവാഹികളെയും ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.

യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്ത പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ്, സംഘത്തിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിശദീകരിച്ചു. തുടർന്ന് സെക്രട്ടറി രഘുവരൻ നായർ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ കുന്നപ്പള്ളിൽ  രാജഗോപാൽ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കുശേഷം വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കുകളും യോഗം അംഗീകരിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ ന്യൂയോർക്കിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും വൻ വിജയമായിരുന്നുവെന്ന് പൊതുയോഗം വിലയിരുത്തി. ഈ പരിപാടികളുടെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച ഭാരവാഹികളെയും പ്രവർത്തകരെയും സന്നദ്ധസേവകരെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തവും സംഘാടകരുടെ കൂട്ടായ പരിശ്രമവുമാണ് പരിപാടികളുടെ വിജയത്തിന് അടിത്തറയായതെന്നും യോഗം അഭിപ്രായപ്പെട്ടു.

1991-ൽ സ്ഥാപിതമായ അയ്യപ്പ സേവാ സംഘം ന്യൂയോർക്ക്, സേവന പ്രവർത്തനങ്ങൾക്കും സനാതന ധർമത്തിന്റെ മൂല്യങ്ങൾക്കും പ്രാധാന്യം നൽകിയാണ് പ്രവർത്തിച്ചുവരുന്നത്. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന മഹത്തായ ആപ്തവാക്യം ഉയർത്തിപ്പിടിച്ച് നിഷ്കാമസേവനത്തിന്റെ പാതയിലൂടെ മുന്നേറുന്ന സംഘടന 35 വർഷത്തെ പ്രവർത്തന പാരമ്പര്യമാണ് പിന്നിടുന്നത്. ആത്മീയവും സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങളിലൂടെ ഭക്തജനങ്ങളെ ഒരുമിപ്പിക്കുന്നതിനൊപ്പം വരുംതലമുറയിലേക്ക് സനാതന ധർമത്തിന്റെ മൂല്യങ്ങൾ പകർന്നുനൽകുകയെന്ന ലക്ഷ്യവും സംഘം ഉയർത്തിപ്പിടിക്കുന്നു.

സംഘത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും ഭാവി പരിപാടികൾ കാര്യക്ഷമമായി സംഘടിപ്പിക്കുന്നതിനുമായി പുതിയ ഭരണസമിതിയെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:
പ്രസിഡന്റായി ഗോപിനാഥക്കുറുപ്പ്, വൈസ് പ്രസിഡന്റായി ജയചന്ദ്രൻ രാമകൃഷ്ണൻ, സെക്രട്ടറിയായി രഞ്ജിത് പിള്ള, ജോയിന്റ് സെക്രട്ടറിയായി മഹാദേവൻ ശർമ്മ, ട്രഷററായി രഘുവരൻ നായർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

അഡ്വൈസറി ബോർഡ് അംഗങ്ങൾ:
വനജ നായർ, കുന്നപ്പള്ളിൽ രാജഗോപാൽ, അപ്പുക്കുട്ടൻ നായർ, ജി.കെ. നായർ, മുരളീധരപ്പണിക്കർ എന്നിവരാണ് അഡ്വൈസറി ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

രക്ഷാധികാരികളായ രാം പോറ്റി, അപ്പൻ മേനോൻ Esq., ഡോ. മദൻ മോഹൻ എന്നിവർ തങ്ങളുടെ സ്ഥാനങ്ങളിൽ തുടരും. കമ്മിറ്റി അംഗങ്ങളായ രാജു നാണു, സഹൃദയൻ പണിക്കർ, ഉണ്ണിക്കൃഷ്ണ മേനോൻ, ഡോ. ഉണ്ണിക്കൃഷ്ണൻ തമ്പി, ജയപ്രകാശ് നായർ, ബാലകൃഷ്ണൻ നായർ, രാജീവ് ഭാസ്കർ, ബിജു ഗോപാലൻ, രാധാമണി നായർ, സതീഷ് കാലാത്ത്, നരേന്ദ്രൻ നായർ, സുരേഷ് നായർ, സേതുമാധവൻ എന്നിവരും തുടർന്നും പ്രവർത്തിക്കും.

വാർഷിക പൊതുയോഗത്തിനുശേഷം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പിന്റെ അധ്യക്ഷതയിൽ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് വരാനിരിക്കുന്ന ആത്മീയ, സാംസ്കാരിക പരിപാടികളെക്കുറിച്ച് ചർച്ച നടത്തി.

ഈ വർഷത്തെ മണ്ഡലകാല ഭജനയും മകരവിളക്ക് മഹോത്സവവും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിപുലമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മണ്ഡലകാലത്തെ ആദ്യ ഭജന ന്യൂയോർക്കിലെ ഫ്ലഷിംഗ് ഗണേശ ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയിൽ നടത്തും.

നവംബർ 21 ശനിയാഴ്ച വൈകിട്ട് ആറിന് അയ്യപ്പ സന്നിധിയിൽ നടക്കുന്ന മണ്ഡലകാല ഭജനയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ അയ്യപ്പഭക്തരെയും കുടുംബാംഗങ്ങളെയും സംഘാടകർ സാദരം ക്ഷണിച്ചു.

മണ്ഡല കാലാചരണത്തിന്റെ ഭാഗമായി കൂടുതൽ ഭജനകളും ആത്മീയ പരിപാടികളും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടർന്നുള്ള സംയുക്ത കമ്മിറ്റി യോഗത്തിൽ വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനും പരിപാടികളുടെ വിജയകരമായ നടത്തിപ്പിനുമായി പുതിയ ഭരണസമിതിയെ പൊതുയോഗം ചുമതലപ്പെടുത്തി.

35 വർഷത്തെ സേവനപാരമ്പര്യവുമായി മുന്നേറുന്ന അയ്യപ്പ സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും ഭക്തജനങ്ങളുടെ സഹകരണത്തോടെ ആത്മീയ, സാമൂഹിക സേവനരംഗങ്ങളിൽ സജീവ സാന്നിധ്യമായി തുടരുന്നതിനുമുള്ള പ്രതിബദ്ധത യോഗം ആവർത്തിച്ചു.

വൈസ് പ്രസിഡന്റ് ജയചന്ദ്രൻ രാമകൃഷ്ണൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തിയതോടെ വാർഷിക പൊതുയോഗം മംഗളകരമായി സമാപിച്ചു.

Leave a Comment

More News