ബുഡാപെസ്റ്റ്: പടിഞ്ഞാറൻ ഉക്രെയ്നിലെ സക്കർപട്ടിയ മേഖലയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഉക്രെയ്നിലേക്കും തിരിച്ചുമുള്ള റെയിൽ സർവീസുകൾ രണ്ട് ദിവസത്തേക്ക് നിർത്തി വെക്കാൻ ഹംഗറി തീരുമാനിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെക്കുന്നതായി ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാർ ചൊവ്വാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഉക്രെയ്നിലെ പ്രധാന റെയിൽവേ കേന്ദ്രങ്ങളിലൊന്നായ മുകച്ചേവോ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയാണ് റഷ്യൻ ഡ്രോൺ പതിച്ചതെന്ന് മഗ്യാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് ഹംഗറിയിൽ നിന്ന് ഉക്രെയ്നിലേക്ക് സർവീസ് നടത്തിയിരുന്ന ട്രെയിനിലെ ഹംഗേറിയൻ ജീവനക്കാരോട് ട്രെയിനിൽനിന്ന് പുറത്തിറങ്ങാൻ നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
യാത്രക്കാരുടെയും റെയിൽവേ ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അതിനാലാണ് രണ്ട് ദിവസത്തേക്ക് റെയിൽ ഗതാഗതം നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, സക്കർപട്ടിയ മേഖലയിൽ റഷ്യൻ സൈന്യം മൂന്ന് ഘട്ടങ്ങളിലായി ഡ്രോൺ ആക്രമണം നടത്തിയതായി ഹംഗേറിയൻ വിദേശകാര്യ മന്ത്രി അനിത ഓർബൻ അറിയിച്ചു. ഗ്രീനിച്ച് സമയം രാവിലെ ഒമ്പതോടെയായിരുന്നു ആക്രമണം. മുകച്ചേവോ, ഉഷ്ഹോറോഡ് നഗരങ്ങളെയും സമീപപ്രദേശങ്ങളെയുമാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് അവർ പറഞ്ഞു.
ഉക്രെയ്നിലെ സാധാരണ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സക്കർപട്ടിയ മേഖലയിൽ കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ താരതമ്യേന സുരക്ഷിതമായിരുന്ന ഈ മേഖലയും ഇപ്പോൾ റഷ്യൻ ആക്രമണഭീഷണി നേരിടുകയാണ്.
ഹംഗറിയുമായി അതിർത്തി പങ്കിടുന്ന സക്കർപട്ടിയ മേഖലയിൽ ഗണ്യമായ ഹംഗേറിയൻ വംശജർ താമസിക്കുന്നുണ്ട്. അതിനാൽ പ്രദേശത്തെ സുരക്ഷാ സാഹചര്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഹംഗറിക്കും ആശങ്ക സൃഷ്ടിക്കുന്നതാണ്.
ഇതിനിടെ, ഉക്രെയ്നിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണങ്ങളിൽ രാജ്യത്തെ എട്ട് മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി ഉക്രെയ്ൻ അധികൃതർ അറിയിച്ചു. വൈദ്യുതി നിലയങ്ങളും വിതരണ ശൃംഖലകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
അതേസമയം, തെക്കൻ റഷ്യയെയും റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയൻ ഉപദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ആക്രമണം നടത്തിയതായി ഉക്രെയ്ൻ അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും പരസ്പരം തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്.
