തൃശൂർ: ആയുർവേദ ഡോക്ടർമാരായ ദമ്പതികളുടെ വീട്ടിൽ വർഷങ്ങളായി വിശ്വസ്തരായി ജോലി ചെയ്തിരുന്ന രണ്ട് യുവതികൾ വൻ മോഷണക്കേസിൽ അറസ്റ്റിലായി. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം, വജ്രാഭരണങ്ങൾ, പണം എന്നിവ ഉൾപ്പെടെ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സമ്പാദ്യം പലതവണയായി മോഷ്ടിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ കുറ്റിമുക്ക് സ്വദേശി ടി.എസ്. ഗീതു (35), മണ്ണുത്തി സ്വദേശി പ്രിയ (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചു വർഷത്തോളമായി ഡോക്ടർ ദമ്പതികളുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. വീട്ടുകാരുടെ വിശ്വാസം നേടിയെടുത്ത ഇവർ ഈ സാഹചര്യം മുതലെടുത്താണ് മോഷണം നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. 2023 മുതൽ പല ഘട്ടങ്ങളിലായി വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
വീട്ടുകാർ ലോക്കർ തുറക്കുന്നതിനിടെ രഹസ്യമായി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയാണ് ലോക്കറിന്റെ രഹസ്യനമ്പർ പ്രതികൾ മനസ്സിലാക്കിയതെന്ന് പൊലീസ് പറയുന്നു. തുടർന്ന് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ പലതവണയായി സ്വർണവും വജ്രാഭരണങ്ങളും പണവും കൈക്കലാക്കുകയായിരുന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സ്വർണാഭരണങ്ങൾക്കു പുറമേ സ്വർണനാണയങ്ങൾ, സ്വർണവാച്ച് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായാണ് വിവരം.
മോഷ്ടിച്ച ആഭരണങ്ങൾ തൃശൂരിലെ വിവിധ സ്വർണപണയ സ്ഥാപനങ്ങൾ വഴി വിറ്റ് പണമാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ 18 മാസത്തിനിടെ മാത്രം ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിലൂടെ 70 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. ഇവരിൽ ഒരാൾ ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന വീട് വാങ്ങിയതായും വിവരമുണ്ട്. ഈ സാമ്പത്തിക ഇടപാടുകൾക്ക് മോഷണവുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമാണ്.
വീട്ടിൽ ജോലി ചെയ്തിരുന്ന മറ്റൊരു സ്ത്രീക്ക് ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് വർഷങ്ങളായി നടന്നുവന്നതായി പറയപ്പെടുന്ന മോഷണം പുറത്തറിയുന്നത്. ഇവർ വിവരം ഡോക്ടർ ദമ്പതികളെ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ ലോക്കറും വിലപിടിപ്പുള്ള വസ്തുക്കളും പരിശോധിക്കുകയായിരുന്നു.
തുടർന്നുണ്ടായ പൊലീസ് അന്വേഷണത്തിലാണ് മോഷണത്തിന്റെ വ്യാപ്തിയും പ്രതികളുടെ സാമ്പത്തിക ഇടപാടുകളും വ്യക്തമായത്. ദീർഘകാലമായി വീട്ടിൽ ജോലി ചെയ്തിരുന്നവരെന്ന നിലയിൽ ദമ്പതികൾ ഇവരിൽ വലിയ വിശ്വാസമാണ് അർപ്പിച്ചിരുന്നത്. ഈ വിശ്വാസം ദുരുപയോഗം ചെയ്താണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മോഷണം പോയ വസ്തുക്കളുടെ യഥാർഥ മൂല്യം, ആഭരണങ്ങൾ പണമാക്കിയ സ്ഥാപനങ്ങൾ, പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.
