സിന്ധ് പ്രവിശ്യ വിഭജിക്കാനുള്ള നീക്കത്തിനെതിരെ പാക്കിസ്താനിൽ വൻ പ്രതിഷേധം; കറാച്ചിയിൽ തെരുവിലിറങ്ങി ആയിരങ്ങൾ

സൈനിക മേധാവി അസിം മുനീറിനെതിരെ മുദ്രാവാക്യങ്ങൾ; പഞ്ചാബിന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്

കറാച്ചി: പാക്കിസ്താനിലെ സിന്ധ് പ്രവിശ്യ വിഭജിക്കാനുള്ള നിർദിഷ്ട നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സിന്ധിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ഐക്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് സിന്ധികൾ കറാച്ചിയിൽ തെരുവിലിറങ്ങി.  സിന്ധി ദേശീയവാദ സംഘടനയായ ജെയ് സിന്ധ് മുത്തഹിദ മഹാസ് (ജെഎസ്എംഎം) ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ളവർ പങ്കെടുത്തു. വൻ ജനപങ്കാളിത്തത്തെത്തുടർന്ന് കറാച്ചിയിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

സിന്ധി സംസ്കാരത്തിന്റെ പ്രതീകങ്ങളായ പരമ്പരാഗത അജ്‌റക് ഷാളുകളും സിന്ധി തൊപ്പികളും ധരിച്ചാണ് പ്രതിഷേധക്കാർ പ്രകടനത്തിൽ അണിനിരന്നത്. പാക്കിസ്താൻ സൈന്യത്തിനും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർന്നു. സിന്ധിന്റെ സ്വതന്ത്ര ദേശീയ സ്വത്വം ഉയർത്തിപ്പിടിച്ച പ്രതിഷേധക്കാർ സ്വതന്ത്ര സിന്ധുദേശ് എന്ന ആവശ്യവും ആവർത്തിച്ചു.

സിന്ധിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു. പ്രവിശ്യ വിഭജിക്കാനുള്ള നീക്കത്തിൽനിന്ന് ഭരണകൂടം പിന്മാറിയില്ലെങ്കിൽ പാകിസ്ഥാനിലെ ഏറ്റവും ശക്തമായ പ്രവിശ്യയായ പഞ്ചാബിനെതിരെ സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

കറാച്ചിക്കു പുറമെ സിന്ധിലെ വിവിധ ഗ്രാമപ്രദേശങ്ങളിലും വിഭജനനീക്കത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പഞ്ചാബിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സൈനിക നേതൃത്വവും പഞ്ചാബിലെ ചില രാഷ്ട്രീയ നേതാക്കളും ചേർന്ന് സിന്ധിനെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കറാച്ചിയിലെ വിവിധ മേഖലകളിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. പ്രതിഷേധത്തിനിടെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ നാല് പ്രവിശ്യകളാണ് നിലവിൽ പാക്കിസ്താനിലുള്ളത്. നിലവിലുള്ള പ്രവിശ്യകളെ പുനഃസംഘടിപ്പിച്ച് 12 മുതൽ 15 വരെ പുതിയ ഭരണ യൂണിറ്റുകളോ പ്രവിശ്യകളോ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശമാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഭരണ നിർ‌വ്വഹണം കൂടുതൽ കാര്യക്ഷമമാക്കുക, അധികാര വികേന്ദ്രീകരണം നടപ്പാക്കുക, പ്രാദേശിക വികസനത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുക തുടങ്ങിയ വാദങ്ങളാണ് പ്രവിശ്യാ പുനഃസംഘടനയെ അനുകൂലിക്കുന്നവർ പൊതുവേ ഉയർത്തുന്നത്. എന്നാൽ, ഈ നീക്കം പ്രാദേശിക ജനവിഭാഗങ്ങളുടെ ചരിത്രപരവും ഭാഷാപരവും സാംസ്കാരികവുമായ സ്വത്വത്തെ ദുർബലപ്പെടുത്തുമെന്നാണ് എതിർപ്പുന്നയിക്കുന്നവരുടെ നിലപാട്.

സൈനിക മേധാവി അസിം മുനീറിന്റെ പിന്തുണയോടെയാണ് പുതിയ ഭരണ യൂണിറ്റുകൾ രൂപീകരിക്കാനുള്ള നീക്കം നടക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പാക്കിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയുടെ ഇതുസംബന്ധിച്ച പ്രസ്താവനകളും രാഷ്ട്രീയ വിവാദങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

അതേസമയം, പ്രവിശ്യകളുടെ അതിർത്തിയിൽ മാറ്റം വരുത്തുന്നതിന് ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. പാകിസ്ഥാൻ ഭരണഘടനയുടെ 239-ാം അനുച്ഛേദ പ്രകാരം പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനു പുറമെ, അതിർത്തി മാറ്റം ബാധിക്കുന്ന പ്രവിശ്യയുടെ നിയമസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭേദഗതി അംഗീകരിക്കേണ്ടതുണ്ട്.

സിന്ധ് പ്രവിശ്യയെ ദീർഘകാലമായി തങ്ങളുടെ രാഷ്ട്രീയ ശക്തികേന്ദ്രമായി നിലനിർത്തുന്ന പാക്കിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) വിഭജന നീക്കത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി വിവിധ പൊതുവേദികളിൽ സിന്ധ് വിഭജിക്കാനുള്ള നിർദേശത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. ജനങ്ങളുടെ വികാരങ്ങളെ അവഗണിച്ച് സിന്ധിനെ വിഭജിക്കാൻ ശ്രമിച്ചാൽ ഗുരുതരമായ സാമൂഹിക സംഘർഷങ്ങൾക്ക് വഴിവെക്കുമെന്നും കറാച്ചിയിലും ഹൈദരാബാദിലും സ്ഥിതിഗതികൾ വഷളാകുമെന്നും ബിലാവൽ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്.

ജാമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) ഉൾപ്പെടെയുള്ള മറ്റു രാഷ്ട്രീയ പാർട്ടികളും പ്രവിശ്യാ വിഭജനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായവും പ്രാദേശിക രാഷ്ട്രീയ സമവായവും പരിഗണിക്കാതെ പ്രവിശ്യകളുടെ അതിർത്തി പുനർനിർണയിക്കാനുള്ള നീക്കത്തിനെതിരെ ജെയുഐ-എഫ് നേതാവ് മൗലാന ഫസൽ-ഉർ-റഹ്മാനും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

സ്വന്തമായ ഭാഷയും സംസ്കാരവും ചരിത്ര പാരമ്പര്യവുമുള്ള സിന്ധി ജനതയ്ക്കിടയിൽ പ്രാദേശിക സ്വയംഭരണത്തിനും ദേശീയ സ്വത്വത്തിന്റെ സംരക്ഷണത്തിനുമുള്ള ആവശ്യങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സിന്ധു നദീതട സംസ്കാരത്തിന്റെ ചരിത്രപൈതൃകം പേറുന്ന പ്രദേശമാണ് സിന്ധ്. പാക്കിസ്താസ്ഥാന്റെ സാമ്പത്തിക തലസ്ഥാനവും പ്രധാന തുറമുഖ നഗരവുമായ കറാച്ചി ഈ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്.

പ്രവിശ്യയുടെ പ്രകൃതിവിഭവങ്ങൾ, സാമ്പത്തിക വരുമാനം, ജലവിഹിതം, രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര ഭരണകൂടത്തിനെതിരെ സിന്ധി ദേശീയവാദ സംഘടനകൾ നേരത്തെയും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ വിഭജനനിർദേശം ഇത്തരം അസന്തോഷങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
സിന്ധിന്റെ വിഭജനത്തെച്ചൊല്ലിയുള്ള തർക്കം പാക്കിസ്താന്റെ ഫെഡറൽ ഭരണ സംവിധാനത്തെയും കേന്ദ്ര-പ്രവിശ്യ ബന്ധങ്ങളെയും രാഷ്ട്രീയ സ്ഥിരതയെയും ബാധിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Leave a Comment

More News