നേരത്തെ വിവാഹം കഴിക്കണം, കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണം; ജനസംഖ്യാ വർധനവിന് ആഹ്വാനവുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി

ടെഹ്‌റാൻ: രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനും ദേശീയ പുരോഗതി ഉറപ്പാക്കുന്നതിനും ജനസംഖ്യാ വർധനവ് അനിവാര്യമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി.  ചെറുപ്പത്തിൽത്തന്നെ വിവാഹിതരാകാനും കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാനും അദ്ദേഹം ഇറാനിയൻ ജനതയോട് ആഹ്വാനം ചെയ്തതായി ചൊവ്വാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്കു പുറമെ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും യുവജനസംഖ്യ നിർണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറാനിൽ സംഘടിപ്പിച്ച നാലാമത് ദേശീയ യുവജന ജനസംഖ്യാ പുരസ്‌കാരദാന ചടങ്ങിനോടനുബന്ധിച്ച് സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് ഖമേനി ജനസംഖ്യാ വർധനവിന്റെ പ്രാധാന്യം വിശദീകരിച്ചത്. രാജ്യത്തിന്റെ ശാസ്ത്രീയ, സാംസ്‌കാരിക, സാമ്പത്തിക, സാമൂഹിക സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ജനസംഖ്യാ വളർച്ച സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അൽ മനാർ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

ജനസംഖ്യാ വർധനവിനെ കേവലം സാമൂഹികമോ സാമ്പത്തികമോ ആയ വിഷയമായി മാത്രം കാണാനാകില്ലെന്നും രാജ്യത്തിന്റെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന ഘടകമാണിതെന്നും ഖമേനി ചൂണ്ടിക്കാട്ടി. വിദേശ ഭീഷണികളെയും ശത്രുരാജ്യങ്ങളുടെ ദുരുദ്ദേശ്യങ്ങളെയും പ്രതിരോധിക്കുന്നതിന് കരുത്തുറ്റ യുവജനസമൂഹം അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇറാന്റെ ശോഭനമായ ഭാവി ആഗ്രഹിക്കുന്ന ഓരോ പൗരനും വരുംതലമുറകളുടെ വളർച്ചയും രാജ്യത്തിന്റെ പുരോഗതിയിലുള്ള അവരുടെ പങ്കാളിത്തവും ഉറപ്പാക്കുന്നതിന് സംഭാവന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയൊരു ഇസ്‌ലാമിക നാഗരികത കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവുമായി ജനസംഖ്യാ വർധനവിനെ ബന്ധപ്പെടുത്തിയാണ് ഖമേനിയുടെ ആഹ്വാനം. ശക്തമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുക, നേരത്തെയുള്ള വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുക, മാതൃ-ശിശു ആരോഗ്യപരിരക്ഷ മെച്ചപ്പെടുത്തുക, കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് അനുകൂലമായ സാഹചര്യമൊരുക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ദേശീയതലത്തിൽ മുൻഗണന നൽകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻകാലങ്ങളിൽ രാജ്യം നടപ്പാക്കിയ ജനസംഖ്യാ നയങ്ങളിലെ പോരായ്മകളും ഖമേനി അംഗീകരിച്ചു. കുടുംബക്ഷേമത്തിനും കുട്ടികളുടെ പരിപാലനത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് ദേശീയ ആസൂത്രണത്തിന്റെ സ്ഥിരം ഘടകമായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനസംഖ്യാ വളർച്ച ഉറപ്പാക്കുന്നതിനുള്ള നടപടികൾ താൽക്കാലിക പദ്ധതികളിൽ ഒതുങ്ങാതെ ദീർഘകാല ഭരണനയങ്ങളുടെ ഭാഗമാക്കണമെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ പ്രസ്താവന നൽകുന്നത്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇറാനിലെ ജനസംഖ്യാ വളർച്ചാനിരക്കിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജനനനിരക്ക് കുറയുന്നതും ജനസംഖ്യയിൽ വയോധികരുടെ അനുപാതം വർധിക്കുന്നതും ഭാവിയിൽ രാജ്യത്തിന്റെ തൊഴിൽശേഷിയെയും സാമ്പത്തിക വളർച്ചയെയും സാമൂഹിക സുരക്ഷാ സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജനസംഖ്യാ വർധനവ് ഇറാൻ ഭരണകൂടത്തിന്റെ പ്രധാന നയപരമായ മുൻഗണനകളിലൊന്നായി മാറിയിരിക്കുന്നത്.

2026 ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് മാർച്ച് ആദ്യവാരത്തിലാണ് മൊജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതൃപദവിയിലെത്തിയത്.

2026 നവംബറിലെ ഏകദേശ കണക്കുകൾ പ്രകാരം ഇറാന്റെ ജനസംഖ്യ 9.35 കോടിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇറാൻ നിലവിൽ 17-ാം സ്ഥാനത്താണ്. എന്നാൽ, ജനസംഖ്യയുടെ വലുപ്പത്തേക്കാൾ ജനനനിരക്കിലെ ഇടിവും യുവജനങ്ങളുടെ അനുപാതം കുറയാനുള്ള സാധ്യതയുമാണ് ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്.  രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക സ്ഥിരതയും ദേശീയ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ഘടകമായി ജനസംഖ്യാ വളർച്ചയെ ഉയർത്തിക്കാട്ടുന്നതാണ് മൊജ്തബ ഖമേനിയുടെ പുതിയ ആഹ്വാനം.

Leave a Comment

More News