കുവൈറ്റ് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിൽ ഏകീകൃത സെലക്ടീവ് നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള കരാറിനും അനുബന്ധ ഭേദഗതി കരാറിനും കുവൈറ്റ് സർക്കാർ ഔദ്യോഗിക അംഗീകാരം നൽകി. ഗൾഫ് രാജ്യങ്ങളിലുടനീളം നിർദ്ദിഷ്ട ഉൽപ്പന്നങ്ങൾക്ക് എക്സൈസ് നികുതി ചുമത്തുന്നതിനും ശേഖരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പൊതുവായ നിയമപരവും ഭരണപരവുമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
2026ലെ 140-ാം നമ്പർ ഡിക്രി നിയമത്തിലൂടെയാണ് കരാറിന് കുവൈറ്റ് ഔദ്യോഗിക അംഗീകാരം നൽകിയത്. നവംബർ 23ന് അൽ സെയ്ഫ് കൊട്ടാരത്തിൽനിന്ന് പുറപ്പെടുവിച്ച ഉത്തരവിന് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അംഗീകാരം നൽകി. ജിസിസി രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക സഹകരണവും നികുതി നയങ്ങളിലെ ഏകീകരണവും ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഒമ്പത് അധ്യായങ്ങളിലായി 29 അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്നതാണ് ഏകീകൃത സെലക്ടീവ് നികുതി കരാർ. നികുതി ചുമത്തുന്നതിനുള്ള മാനദണ്ഡങ്ങൾ, നികുതി നിർണയം, പിരിവ്, ഭരണപരമായ നടപടിക്രമങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയ്ക്ക് പൊതുവായ ചട്ടക്കൂട് ഒരുക്കുകയാണ് കരാറിന്റെ ലക്ഷ്യം.
2026 ഒക്ടോബർ 27ന് ചേർന്ന കുവൈറ്റ് മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച കരട് ഡിക്രി നിയമത്തിന് അംഗീകാരം നൽകിയിരുന്നു. തുടർന്ന് ആവശ്യമായ ഭരണഘടനാപരവും നിയമപരവുമായ നടപടികൾ പൂർത്തിയാക്കുന്നതിനായി കരട് സമർപ്പിച്ചു. വിദേശകാര്യ മന്ത്രി ഔദ്യോഗികമായി അവതരിപ്പിച്ച കരാറിനാണ് ഇപ്പോൾ അമീറിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും പ്രതികൂലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ചില ഉൽപ്പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കുന്നതിനും സർക്കാരിന്റെ എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരോക്ഷ നികുതി സംവിധാനമാണ് സെലക്ടീവ് ടാക്സ് അഥവാ എക്സൈസ് നികുതി. പുകയില ഉൽപ്പന്നങ്ങൾ, എനർജി ഡ്രിങ്കുകൾ, ശീതളപാനീയങ്ങൾ തുടങ്ങിയവ വിവിധ ജിസിസി രാജ്യങ്ങളിൽ ഇത്തരം നികുതിയുടെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്.
പുതിയ ഡിക്രി നിയമത്തിലെ വ്യവസ്ഥകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, കുവൈറ്റിൽ ഏതെല്ലാം ഉൽപ്പന്നങ്ങൾക്ക് നികുതി ബാധകമാകുമെന്നും നികുതി നിരക്കുകൾ എത്രയായിരിക്കുമെന്നും നികുതി പിരിവ് എപ്പോൾ ആരംഭിക്കുമെന്നുമുള്ള വിശദാംശങ്ങൾ ലഭ്യമായ വിവരങ്ങളിൽ വ്യക്തമാക്കിയിട്ടില്ല.
എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കുന്ന സാമ്പത്തിക വ്യവസ്ഥയിൽനിന്ന് കൂടുതൽ വൈവിധ്യമാർന്ന വരുമാന സ്രോതസ്സുകളിലേക്ക് മാറാനുള്ള ഗൾഫ് രാജ്യങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായും ഈ നീക്കത്തെ കാണാം. ജിസിസി അംഗരാജ്യങ്ങൾക്കിടയിൽ ഏകീകൃത നികുതി സംവിധാനം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക നയങ്ങളിൽ കൂടുതൽ ഏകോപനം ഉറപ്പാക്കുന്നതിനും കുവൈറ്റിന്റെ പുതിയ തീരുമാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
