കണ്ണൂർ: സിപിഐ എം പ്രവർത്തകനും ഡിവൈഎഫ്ഐ നേതാവുമായിരുന്ന പയ്യന്നൂർ രാമന്തളി കുന്നരു കാരന്താട്ടെ സി വി ധനരാജിനെ (41) കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും അഞ്ചു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം നടന്ന് പത്ത് വർഷത്തിനു ശേഷമാണ് കേസിൽ ശിക്ഷാവിധി വന്നിരിക്കുന്നത്.
ഒന്നാം പ്രതി പയ്യന്നൂർ രാമന്തളി മൊട്ടക്കുന്ന് താഴത്തെപുരയിൽ ടി പി ബിജു (34), രണ്ടാം പ്രതി രാമന്തളി കക്കംപാറയിലെ മാട്ടൂക്കാരൻ വീട്ടിൽ എം വിപിൻ (34), ഇയാളുടെ സഹോദരൻ എം വൈശാഖ് (31) എന്നിവർക്കാണ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചത്.
ആകെ 20 പ്രതികളുണ്ടായിരുന്ന കേസിൽ 12-ാം പ്രതിയായ സി ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. ശേഷിച്ച 19 പ്രതികളിൽ 16 പേരെ കോടതി തിങ്കളാഴ്ച വെറുതെ വിട്ടിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ മൂന്ന് പ്രതികൾ. കൊലപാതകത്തിന് സഹായം നൽകുക, ഗൂഢാലോചനയിൽ പങ്കാളികളാകുക തുടങ്ങിയ കുറ്റങ്ങളാണ് മറ്റു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
2016 ജൂലൈ 11നാണ് കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സി വി ധനരാജ് കൊല്ലപ്പെട്ടത്. ബിജെപി–ആർഎസ്എസ് പ്രവർത്തകരടങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. സ്വന്തം വീടിനു മുന്നിൽവച്ച് കുടുംബാംഗങ്ങളുടെ കൺമുന്നിൽ വെച്ചായിരുന്നു ധനരാജിന് നേരെ ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ധനരാജിനെ ഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ ഏറെ ശ്രദ്ധ നേടിയ സംഭവങ്ങളിലൊന്നായിരുന്നു ധനരാജ് വധം. ഒരു പതിറ്റാണ്ടോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് മൂന്ന് പ്രതികൾക്ക് കോടതി ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചത്.
