തെള്ളിയൂർക്കാവിലെ വൃശ്ചിക വാണിഭവും പടയണിയും: ജയശങ്കർ പിള്ള

പാരമ്പര്യവും, ഭക്തിയും, വ്യാപാരവും സംഗമിക്കുന്ന സാംസ്കാരിക ഉത്സവം

കേരളത്തിന്റെ ക്ഷേത്ര പാരമ്പര്യത്തിലും ഗ്രാമീണ ജീവിതത്തിലും വ്യാപാരചരിത്രത്തിലും ഒരുപോലെ പ്രാധാന്യമുള്ള സവിശേഷ ഉത്സവമാണ് പത്തനംതിട്ട ജില്ലയിലെ തെള്ളിയൂർക്കാവിലെ വൃശ്ചിക വാണിഭം. ഭക്തിയും,വിശ്വാസവും, കച്ചവടവും, കാർഷിക സംസ്കാരവും ഒത്തുചേരുന്ന ഈ വാണിഭം കേവലം ഒരു വാണിഭ ചന്തയല്ല. കേരളത്തിന്റെ പഴയ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയുടെയും സാമൂഹിക ജീവിതത്തിന്റെയും,കാർഷിക, കരകൗശല ആവാസവ്യവസ്ഥയുടെയും .ഒത്തൊരുമയുടെയും ചരിത്രസാക്ഷ്യം കൂടിയാണ്. ഇന്നും തുടർന്നുകേറുന്ന സാംസ്കാരിക പെരുമയുടെ അടയാളപ്പെടുത്തൽ

വാണിഭത്തിന്റെ പൗരാണിക സങ്കൽപ്പവും ചരിത്രവും
തെള്ളിയൂർക്കാവ് വാണിഭത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പ്രചാരത്തിലുള്ള ഐതിഹ്യവും ചരിത്രപരമായ വിവരണങ്ങളും തമ്മിൽ നിർണ്ണായക ബന്ധമുണ്ട്. പണ്ടുകാലത്ത് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവകാശമില്ലാതിരുന്ന പിന്നാക്ക സമുദായങ്ങളിൽപ്പെട്ട ഭക്തർ വൃശ്ചികം ഒന്നിന് തങ്ങളുടെ അധ്വാനഫലങ്ങളും. കാർഷിക ഉൽപ്പന്നങ്ങളും.കരകൗശല വസ്തുക്കളും ക്ഷേത്രത്തിനു മുന്നിലെ ആൽത്തറയിൽ ദേവിക്ക് കാഴ്ചയായി സമർപ്പിച്ചിരുന്നുവെന്നാണ് പ്രാദേശിക ചരിത്രവിവരണം. അരയ സമുദായത്തിൽപ്പെട്ടവർ കടലിൽനിന്നു ലഭിച്ച സ്രാവിനെ ഉണക്കി, ഉണക്കസ്രാവ് ഉൾപ്പെടെയുള്ള മത്സ്യവിഭവങ്ങൾ കാഴ്ചയായി എത്തിച്ചിരുന്നു. കിഴക്കൻ പ്രദേശങ്ങളിൽനിന്ന് മലയരയന്മാർ നേർച്ചക്കാഴ്ചകളുമായി എത്തിയിരുന്നതായും പറയപ്പെടുന്നു. ഈ കാഴ്ചവസ്തുക്കൾ പിന്നീട് പരസ്പരം കൈമാറുകയും വിലകൊടുത്തു വാങ്ങുകയും ചെയ്യുന്ന പതിവ് വളർന്നതോടെയാണ് വാണിഭം ഇന്നുകാണുന്ന വലിയൊരു വ്യാപാരമേളയായി പരിണമിച്ചത്. ഇതിന്റെ പിന്നിലെ പ്രധാന സങ്കൽപ്പം അധ്വാനത്തിന്റെ ഫലം, കനിഞ്ഞു ലഭിച്ച ഐശര്യവും,സമ്പത്തിന്റെ ഒരു ഭാഗം ദേവിക്ക് സമർപ്പിക്കുക എന്നതാണ്. മനുഷ്യൻ തന്റെ ഉപജീവനത്തിനായി നടത്തുന്ന തൊഴിലും കൃഷിയും കച്ചവടവും ദൈവസന്നിധിയിൽ സമർപ്പിക്കുന്ന ഒരു ഗ്രാമീണ സംസ്കാരത്തിന്റെ പ്രതിഫലനമാണിത്. അതുകൊണ്ടുതന്നെ ഈ വാണിഭം കേവലം ഒരു സാമ്പത്തിക ഇടപാടോ,കച്ചവടമോ അല്ല, മറിച്ചു വിവിധ തൊഴിൽവിഭാഗങ്ങളെയും സാമൂഹിക വിഭാഗങ്ങളെയും, അധ്വാനിയ്ക്കുന്ന ജനവിഭാഗത്തേയും ഒരുമിച്ചു ഒരു പ്രദേശത്തു ഒന്നിച്ചു കൂട്ടിയിരുന്ന ഒരു കൂട്ടായ്മയുടെ ചരിത്രം കൂടിയാണ്. അതിൽ തെള്ളിയൂർ ഭഗവതി സാക്ഷിയായി എന്നുവേണം പറയുവാൻ.

തെള്ളിയൂർക്കാവിലെ പ്രതിഷ്ഠയും ഭഗവതിയുടെ സങ്കൽപ്പവും
തെള്ളിയൂർക്കാവിലെ പ്രധാന പ്രതിഷ്ഠ ഭഗവതിയാണ്. ഭദ്രകാളി സങ്കൽപ്പത്തിലുള്ള ദേവിയായാണ് ഭക്തർ തെള്ളിയൂരമ്മയെ ആരാധിക്കുന്നത്. കേരളത്തിലെ പുരാതന കാവുകളുടെ ആരാധനാപാരമ്പര്യവുമായി ഈ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. വനവും പ്രകൃതിയും ദേവതാസങ്കൽപ്പവും ഒത്തുചേരുന്ന കാവ് എന്ന സങ്കൽപ്പം ഇവിടെ പ്രധാനമാണ്. ദേവിയെ നാടിന്റെ സംരക്ഷകയായും ഐശ്വര്യദായിനിയായും ഭക്തർ കാണുന്നു. കാർഷിക, പരമ്പരാഗത കര കൗശല നിർമ്മാണ മേൽജാലകളിൽ ദേവീ ക്ഷേത്രത്തിന്റെ സാന്നിധ്യം കേരളത്തിന്റെ (ദക്ഷിണ ഭാരതത്തിന്റെ) പ്രത്യേകതകൂടിയാണ്.

കളമെഴുത്തും പടയണിയും
തെള്ളിയൂർക്കാവിലെ പ്രധാനപ്പെട്ട അനുഷ്ഠാനങ്ങളിലൊന്നാണ് കളമെഴുത്തും പാട്ടും. പ്രകൃതിദത്തമായ വിവിധ വർണപ്പൊടികൾ ഉപയോഗിച്ച് ക്ഷേത്രത്തിലെ തറയിൽ ദേവിയുടെ രൂപം വരയ്ക്കുന്നതിനെയാണ് കളമെഴുത്ത് എന്നു പറയുന്നത്. അരി, മഞ്ഞൾ, കരി, ഇലകൾ തുടങ്ങിയവയിൽനിന്ന് തയ്യാറാക്കുന്ന പൊടികൾ ഉപയോഗിച്ചാണ് കളം ഒരുക്കുന്നത്. ദേവിയുടെ രൂപവും ആയുധങ്ങളും അലങ്കാരങ്ങളും ഉൾപ്പെടുത്തി ഭക്തിപൂർവം തയ്യാറാക്കുന്ന ഈ കളം കേവലം ചിത്രകലയല്ല; ആരാധനയുടെ അമൂർത്ത ഭാവവും,ഭാഗമാണ്. കളത്തിനു മുന്നിൽ പാട്ടും പൂജയും നടത്തി ദേവിയെ ജനാവലി ഒന്നടങ്കം സ്തുതിക്കുന്നു.

വൃശ്ചിക വാണിഭത്തോടനുബന്ധിച്ച് ആരംഭിക്കുന്ന 41 ദിവസത്തെ കളമെഴുത്തുപാട്ടും അതിനുശേഷമുള്ള പടയണിയും ഈ ക്ഷേത്രത്തിന്റെ അനുഷ്ഠാനപ്രാധാന്യം വ്യക്തമാക്കുന്നു. കേരളത്തിന്റെ തനതായ അനുഷ്ഠാനകലകളിലൊന്നായ പടയണിക്കും തെള്ളിയൂർക്കാവിൽ വലിയ സ്ഥാനമുണ്ട്. പടയണിയിലെ കോലങ്ങളും താളമേളങ്ങളും പാട്ടുകളും ഗ്രാമീണ കലാപാരമ്പര്യത്തിന്റെ ഭാഗമാണ്. ഭക്തിയും കലയും കൂട്ടായ്മയും ഒരുമിക്കുന്ന ഈ ചടങ്ങുകൾ ക്ഷേത്രത്തിന്റെ സാംസ്കാരിക പൈതൃകത്തെ നിലനിർത്തുന്നു.

സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ച
ഇന്ന് തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ കാർഷിക ഉപകരണങ്ങൾ, മൺപാത്രങ്ങൾ, പരമ്പരാഗത ഗൃഹോപകരണങ്ങൾ, കൈത്തൊഴിൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി അനേകം സാധനങ്ങൾ ലഭ്യമാണ്. ഉണക്കസ്രാവിന്റെ വിപണനവും ഈ വാണിഭത്തിന്റെ പ്രത്യേകതയാണ്. ഉപ്പുതൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന വിപണിയായി തെള്ളിയൂർ വാണിഭം ഇന്നു വളർന്നിരിക്കുന്നു. ജാതിമതഭേദമന്യേ ആയിരക്കണക്കിനാളുകൾ ഇവിടെ എത്തുന്നു എന്നത് അഭിമാനര്ഹമാണ്. യഥാർത്ഥത്തിൽ തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം ഒരു വ്യാപാരമേള എന്നതിലുപരി കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ കൂടി ഭാഗമാണ്. ക്ഷേത്രപ്രവേശന അവകാശങ്ങൾ നിഷേധിച്ചിരുന്നതോ,പരിമിതമായിരുന്നതോ കാലത്തെ സാമൂഹിക യാഥാർഥ്യങ്ങളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ആത്മാഭിമാനവും പരസ്പര സഹകരണവും ഇതിന്റെ ചരിത്രത്തിൽ വായിച്ചെടുക്കാം. കാലം മാറിയിട്ടും ആ പഴയ പാരമ്പര്യത്തിന്റെ ഓർമകൾ ഇന്നും നിലനിർത്തി പോരുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്. പൊതുജന സമ്പർക്കവും, ഭക്തിയും, വ്യാപാരവും, കാർഷിക സംസ്കാരവും, അനുഷ്ഠാനകലകളും ഒത്തുചേരുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം കേരളത്തിന്റെ ഗ്രാമീണ പൈതൃകത്തിന്റെ, സാംസ്കാരിക മികവിന്റെ, അഭിമാനകരമായ അടയാളമാണ് . ഒപ്പം അന്യം നിന്ന് പോകുന്ന കരകൗശ പരമ്പരാഗത കൈത്തൊഴിൽ മേഖലയിലെ ആളുകൾ, കൃഷിയുടെ പ്രാധാന്യത്തെ വെളിവാക്കുന്ന, പരസ്പര സഹകരണം ,പങ്കുവയ്ക്കൽ, കൂട്ടായ്മ എന്നിവയെ ഊതിക്കാച്ചിയ പൊന്നു പോലെ തിളക്കം ആക്കുന്ന വൃശ്ചിക വാണിഭ മാമാങ്കം എന്ന് കൂടി വിശേഷിപ്പിയ്ക്കാം .

ഒരു വരിയിൽ കുറിച്ചാൽ -പാരമ്പര്യവും, ഭക്തിയും, വ്യാപാരവും സംഗമിക്കുന്ന സാംസ്കാരിക ഉത്സവം

Leave a Comment

More News