അവഗണനയുടെ ദുരന്തസാക്ഷ്യമായി ഒരു കാലഘട്ടത്തിന്റെ ചരിത്രസ്മാരകം – നൂറനാട് കുഷ്ഠരോഗ സാനിറ്റോറിയം

ആലപ്പുഴ ജില്ലയിലെ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ ചരിത്രവും ഇന്നത്തെ അവസ്ഥയും കേരള ജനതയെ ഞെട്ടിക്കുന്ന ഒന്നാണ്. കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ചരിത്രപ്രാധാന്യമുള്ള കുഷ്ഠരോഗ ചികിത്സാകേന്ദ്രമാണ് ആലപ്പുഴ ജില്ലയിലെ നൂറനാട് ലെപ്രസി സാനിറ്റോറിയം (Nooranad Leprosy Sanatorium). നൂറനാട് ഗ്രാമത്തിൽ, താമരക്കുളം പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ചാരുംമൂടിന് സമീപമുള്ള ഈ സാനിറ്റോറിയം തിരുവിതാംകൂർ രാജഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ്. 1934-ൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലത്താണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ചരിത്രം ഉറങ്ങുന്ന ഈ മണ്ണ് ഇന്ന് ക്ഷുദ്രജീവികൾ നിറഞ്ഞ് കാടും പടലും പിടിച്ച് നാശാവസ്ഥയിലാണ്.

ഏകദേശം 155 ഏക്കർ സ്ഥലത്തായി വ്യാപിച്ചുകിടന്നിരുന്ന ഈ സാനിറ്റോറിയം ഒരു ആശുപത്രി മാത്രമായിരുന്നില്ല. രോഗികളെ സമൂഹം അകറ്റിനിർത്തിയിരുന്ന ഒരു കാലഘട്ടത്തിൽ അവർക്ക് ചികിത്സയും താമസവും ഉപജീവനവും സാമൂഹികജീവിതവും ഉറപ്പാക്കുന്നതിനായി രൂപപ്പെടുത്തിയ പ്രൗഢഗംഭീരമായ ഒരു വലിയ ആവാസകേന്ദ്രമായിരുന്നു. തുടക്കത്തിൽ ഇരുനൂറിലധികം അന്തേവാസികളുണ്ടായിരുന്ന സ്ഥാപനം പിന്നീട് രണ്ടായിരത്തിലധികം ആളുകൾ താമസിക്കുന്ന വലിയൊരു കേന്ദ്രമായി വളർന്നു.

ആശുപത്രി വാർഡുകൾ, ഒ.പി. വിഭാഗം, താമസസ്ഥലങ്ങൾ, വിദ്യാലയം, ലൈബ്രറി, സിനിമാശാല, ആരാധനാലയങ്ങൾ, കടകൾ, വലിയ സമ്മേളനഹാളുകൾ, തൊഴിൽപരിശീലന കേന്ദ്രങ്ങൾ, മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും പ്രത്യേകം ആരാധനാസൗകര്യങ്ങളുമുണ്ടായിരുന്നു. നെയ്ത്ത്, അലക്കുശാല, പച്ചക്കറിക്കൃഷി, ചെരിപ്പുനിർമാണം തുടങ്ങിയ തൊഴിൽപ്രവർത്തനങ്ങളിലൂടെ അന്തേവാസികൾക്ക് ഉപജീവനത്തിനും സ്വയംപര്യാപ്തതയ്ക്കും അവസരം ലഭിച്ചിരുന്നു. രോഗികളെ വെറും ചികിത്സയ്ക്ക് വിധേയരാക്കുക എന്നതിലുപരി അവരെ ഒരു സമൂഹമായി ജീവിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ആവാസകേന്ദ്രമായിരുന്നു ഈ സാനിറ്റോറിയവും പരിസരവും എന്നതായിരുന്നു ഈ സംവിധാനത്തിന്റെ പ്രത്യേകത.

നൂറനാട് സാനിറ്റോറിയത്തിന് കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലും പ്രത്യേക സ്ഥാനമുണ്ട്. 1935 മുതൽ 1950 വരെയുള്ള കാലഘട്ടത്തിൽ ഇത് നവോത്ഥാന പ്രവർത്തനങ്ങളുടെയും രാഷ്ട്രീയ ചർച്ചകളുടെയും കേന്ദ്രമായി മാറിയിരുന്നു. കുഷ്ഠരോഗം ബാധിച്ചവരെ സമൂഹം ഭയത്തോടെ അകറ്റിനിർത്തിയിരുന്ന കാലത്ത്, ഈ സ്ഥാപനത്തിന്റെ മതിലുകൾക്കുള്ളിൽ വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ളവർ ഒരുമിച്ച് ജീവിക്കുകയും പുതിയ ഒരു ആവാസവ്യവസ്ഥ രൂപപ്പെടുകയും ചെയ്തു എന്ന് രേഖകളും ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

പ്രശസ്ത നാടകകൃത്തായ തോപ്പിൽ ഭാസിയുടെ അശ്വമേധം, ശരശയ്യ എന്നീ നാടകങ്ങളുടെ രചനയ്ക്ക് ഈ സാനിറ്റോറിയത്തിലെ ജീവിതാനുഭവങ്ങളും പ്രചോദനമായിരുന്നു. 1948–52 കാലഘട്ടത്തിൽ രാഷ്ട്രീയമായി ഒളിവിൽ കഴിഞ്ഞിരുന്നപ്പോഴാണ് അദ്ദേഹം ഇവിടത്തെ ജീവിതം അടുത്തറിയുന്നത്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി.കെ. വാസുദേവൻ നായർ, കെ. കരുണാകരൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി എത്തിയിട്ടുണ്ട്. 1934 മുതൽ ഇവിടെ പ്രത്യേക വോട്ടിങ് ബൂത്തും പ്രവർത്തിച്ചുവരുന്നു. പ്രശസ്ത സിനിമാനടന്മാരായ പ്രേംനസീർ, ജയൻ എന്നിവർ ചേർന്നാണ് സിനിമാ തിയേറ്റർ നിർമ്മിച്ച് നൽകിയത് എന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.

കാലം മാറിയപ്പോൾ കുഷ്ഠരോഗ ചികിത്സാരംഗത്ത് വലിയ പുരോഗതിയുണ്ടായി. രോഗത്തെക്കുറിച്ചുള്ള സാമൂഹികമായ തെറ്റിദ്ധാരണകൾ കുറഞ്ഞു. ആധുനിക മരുന്നുകൾ ലഭ്യമായതോടെ ദീർഘകാലം സാനിറ്റോറിയങ്ങളിൽ കഴിയേണ്ട രോഗികളുടെ എണ്ണവും കുറഞ്ഞു. എന്നാൽ ഒരുകാലത്ത് ആയിരക്കണക്കിന് ആളുകൾക്ക് അഭയമായിരുന്ന ഈ ചരിത്രസ്ഥാപനത്തിന്റെ പഴയ കെട്ടിടങ്ങൾ സംരക്ഷിക്കപ്പെടാതെ നശിച്ച് മണ്ണടിഞ്ഞു തുടങ്ങിയിരിക്കുന്നു.

2025 ജൂൺ 28-ന് പ്രശസ്ത മലയാള മാധ്യമം ഓൺലൈനായി പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച്, സാനിറ്റോറിയത്തിലെ നിരവധി പഴയ കെട്ടിടങ്ങൾ തകർന്നുവീഴാറായ നിലയിലാണ്. ചില കെട്ടിടങ്ങളുടെ മേൽക്കൂരകൾ പൂർണമായും നഷ്ടപ്പെട്ടു. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ പോലും നാശത്തിന്റെ വക്കിലെത്തി. ചില പഴയ കെട്ടിടങ്ങൾ പൊളിച്ച് രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയി സാമൂഹ്യവിരുദ്ധർ മോഷണം അടക്കമുള്ള സാമൂഹ്യവിരുദ്ധ അഴിഞ്ഞാട്ടം നടത്തുന്നു എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് വ്യാപനത്തിന് ശേഷം സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും ആവാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ പ്രദേശം.

2025 ജൂലൈയിലെ മറ്റൊരു റിപ്പോർട്ട് സ്ഥിതിഗതികളുടെ ഗൗരവം കൂടുതൽ വ്യക്തമാക്കുന്നു. 94 കെട്ടിടങ്ങളിൽ 42 എണ്ണവും സുരക്ഷിതമല്ലെന്നാണ് റിപ്പോർട്ട്. രാജഭരണകാലത്ത് നിർമിച്ച താമസവാർഡുകളിൽ മേൽക്കൂര ചോർച്ചയും മരത്തടികൾ ദ്രവിച്ചുപോകുന്ന അവസ്ഥയും നിലനിൽക്കുന്നു. മഴയും കാറ്റും ശക്തമാകുമ്പോൾ അന്തേവാസികൾക്ക് സുരക്ഷിതമായ ഇടങ്ങൾ തേടേണ്ടിവരുന്ന സാഹചര്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 28 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ചോർച്ചയെക്കുറിച്ചും അന്തേവാസികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാത്തതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു.

എന്നാൽ നൂറനാട് സാനിറ്റോറിയം പൂർണമായും അടച്ചുപൂട്ടിയിട്ടില്ല എന്നതാണ് സത്യം. 2024 സെപ്റ്റംബറിൽ 90-ാം വാർഷികം ആഘോഷിച്ചപ്പോൾ 85 അന്തേവാസികളാണ് അവിടെ ഉണ്ടായിരുന്നതെന്ന് ആരോഗ്യവകുപ്പും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 100 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടം സർക്കാർ നിർമിച്ചതായും റിപ്പോർട്ടിലുണ്ട്. അന്തേവാസികൾക്കുള്ള ഇൻപേഷ്യന്റ് ചികിത്സയ്ക്കൊപ്പം പൊതുജനങ്ങൾക്കും ഒ.പി. ചികിത്സ ലഭ്യമാണ്. ദിവസേന നൂറുകണക്കിന് ആളുകൾ ഒ.പി. വിഭാഗത്തിലെത്തുന്നതായും അന്നത്തെ സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. രേഖകൾ എത്രമാത്രം സത്യമാണ് എന്നത് ഭരണാധികാരികൾ പരിശോധിക്കേണ്ട ഒന്നാണ്.

കേരള ആരോഗ്യവകുപ്പിന്റെ 2025–26 സ്ഥാപനപ്പട്ടികയിലും ഈ സാനിറ്റോറിയം പ്രവർത്തിക്കുന്ന കുഷ്ഠരോഗ ചികിത്സാകേന്ദ്രമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

വിലാസം: ലെപ്രസി സാനിറ്റോറിയം, നൂറനാട്, ആലപ്പുഴ, കേരളം – 690571.
ഫോൺ: 0479-2382331
ഇ-മെയിൽ: lsnooranad@gmail.com
അവലംബം: Kerala DHS

നൂറനാട് സാനിറ്റോറിയം എന്നത് ഒരു പഴയ ആശുപത്രിയുടെ പേരുമാത്രമായി കാണാതെ, രോഗത്തിന്റെ പേരിൽ മനുഷ്യരെ സമൂഹം ഒറ്റപ്പെടുത്തിയിരുന്ന കാലത്തിന്റെ ചരിത്രവും അതിജീവനത്തിന്റെ കഥകളും സാമൂഹിക നവോത്ഥാനത്തിന്റെ ഓർമകളും ഉറങ്ങിക്കിടക്കുന്ന മണ്ണും ആവാസകേന്ദ്രവും എന്ന രീതിയിൽ ആധുനിക തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്.

ഒരുകാലത്ത് രണ്ടായിരത്തിലധികം മനുഷ്യർക്ക് അഭയമായിരുന്ന ഈ ഭൂമിയിൽ ഇന്ന് ശേഷിക്കുന്ന അന്തേവാസികൾക്ക് സുരക്ഷിതമായ താമസവും മികച്ച ചികിത്സയും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. ചരിത്രസ്മാരകങ്ങൾ കോൺക്രീറ്റ് കെട്ടിടങ്ങളായി മാറ്റി ചെലവുകൾ അധികരിപ്പിക്കാതെ പഴമയെ നിലനിർത്തി ചരിത്രസത്യമായി സംരക്ഷിക്കുക എന്നത് ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും കൂട്ടുത്തരവാദിത്വമാണ്.

പഴയ കെട്ടിടങ്ങൾ മുഴുവൻ പൊളിച്ചുമാറ്റി ചരിത്രത്തെ ഇല്ലാതാക്കുകയല്ല വേണ്ടത്. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ സംരക്ഷിച്ച് ഒരു മ്യൂസിയമോ ചരിത്രസ്മാരകമോ ഗവേഷണകേന്ദ്രമോ ആക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കണം. അതോടൊപ്പം അന്തേവാസികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ താമസവും ചികിത്സയും ഉറപ്പാക്കണം.

ആയിരക്കണക്കിന് മനുഷ്യർക്ക് ഒരുകാലത്ത് അഭയമായിരുന്ന നൂറനാട് സാനിറ്റോറിയം ഇന്ന് അവശേഷിക്കുന്ന മനുഷ്യരുടെ കണ്ണീരിന്റെ ചരിത്രമായി മാറരുത്. ചരിത്രത്തെ മറക്കുന്നത് ഒരു സമൂഹത്തിന്റെ സാംസ്കാരികമായ പരാജയമാണ്. ചരിത്രത്തെ സംരക്ഷിക്കുന്നതോടൊപ്പം അവിടെ ജീവിക്കുന്ന മനുഷ്യരുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കപ്പെടണം. ഇതിൽ കഴിഞ്ഞകാല സർക്കാരുകൾ നടത്തിയ അവഗണന പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന ഉറപ്പു നൽകണം.

ഈ ഒരു പഠനലേഖനം എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത് ഒരു യുവാവിന്റെ സാമൂഹിക പേജിൽ വന്ന പോസ്റ്റാണ് എന്ന് എടുത്തു പറയട്ടെ. ഈ സാനിറ്റോറിയത്തിൽ ഹൈന്ദവർക്കായി ഒരു ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. ഇതര മതസ്ഥർക്കുള്ള ആരാധനാലയങ്ങളും ഉണ്ട് എന്നതും ഒരു നേർക്കാഴ്ചയാണ്.

നിത്യപൂജയ്ക്കുള്ള നിവൃത്തിപോലും ഇല്ലാതെ കാടുകയറിയ ക്ഷേത്രത്തിന്റെ വീഡിയോ കാണുവാനും ആ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആ ചെറുപ്പക്കാരനൊപ്പം ഏറ്റെടുത്ത വിവിധ പ്രദേശങ്ങളിലെ ഭക്തരുമാണ് ഈ ലേഖനത്തിനുള്ള എന്റെ പ്രേരണ. 12 ദിവസത്തെ പുനരുദ്ധാരണ പ്രവർത്തനത്തിൽ പകലന്തിയോളം ജോലി ചെയ്ത ചെറുപ്പക്കാർ ആ ക്ഷേത്രവും പരിസരവും വളരെ ഭംഗിയാക്കിയിരിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്.

ഇന്ന് പല പ്രമുഖ ക്ഷേത്രങ്ങളിലും കാണാത്ത രീതിയിലുള്ള സംവിധാനങ്ങൾ ഈ സാനിറ്റോറിയത്തിലെ ക്ഷേത്രപരിസരത്ത് വളരെക്കാലം മുൻപേ ഉണ്ടായിരുന്നുവെന്നും അവ കാടുപിടിച്ച് മറഞ്ഞുകിടക്കുകയായിരുന്നുവെന്നും തെളിയിക്കുന്നതാണ് ഈ വീഡിയോകൾ.

ഒരു കൂട്ടം ചെറുപ്പക്കാർക്ക് ഈ ക്ഷേത്രവും പരിസരവും ഭംഗിയാക്കുവാൻ കഴിയുമെന്നുണ്ടെങ്കിൽ എന്തുകൊണ്ട് സർക്കാരിനോ സന്നദ്ധസംഘടനകൾക്കോ ഈ സാനിറ്റോറിയത്തെ, ചരിത്രം ഉറങ്ങുന്ന മണ്ണിനെ, പഴയപടിയിലേക്ക് ക്രമീകരിക്കുവാൻ കഴിയില്ല? മാറിമാറി വരുന്ന സർക്കാരുകൾ എന്തുകൊണ്ട് മുഖം തിരിക്കുന്നു?

എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ കാര്യം ക്ഷേത്രത്തിനു പുറത്തുള്ള സ്റ്റേജിനു മുന്നിൽ കാണികൾക്ക് ഇരിക്കാനായി നിർമ്മിച്ചിരിക്കുന്ന സ്റ്റേഡിയമാണ്. സേവാപന്തൽ, വാഷ്‌റൂം എന്നിവ വർഷങ്ങൾക്കുമുൻപേ ഉള്ള ഒരു ക്ഷേത്രവും അങ്കണവും അവിടെയുണ്ടെങ്കിൽ മറ്റു കെട്ടിടങ്ങളും അവയിലെ സംവിധാനങ്ങളും സൗകര്യങ്ങളും എത്രമാത്രം ആയിരിക്കും എന്നുള്ള സമഗ്രമായ പഠനവും വീണ്ടെടുപ്പും ത്വരിതഗതിയിൽ നടക്കേണ്ടതുണ്ട് എന്ന് അടിവരയിടുന്നു.

+++++++++++++++++

ലേഖനക്കുറിപ്പ്: പഴയകാല ചരിത്രവും ഇന്നത്തെ അവസ്ഥയും സംബന്ധിച്ച ലഭ്യമായ 2000–2025 വാർത്താറിപ്പോർട്ടുകളും കേരള ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്ഥാപനപ്പട്ടികയും അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. 2026 നവംബറിലെ കെട്ടിടങ്ങളുടെ നിലവിലെ സുരക്ഷാനിലയും അന്തേവാസികളുടെ കൃത്യമായ എണ്ണവും നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല.

Leave a Comment

More News