പുരാണങ്ങളും ആധുനിക ശാസ്ത്രവും തമ്മിൽ ബന്ധമുണ്ടോ?: ജയശങ്കർ പിള്ള

പ്രഹ്ലാദൻ നൽകുന്ന പാഠം

മനുഷ്യന്റെ സ്വഭാവരൂപീകരണവും ബുദ്ധിവികാസവും ധാർമികബോധവും ജനനത്തോടെ മാത്രമല്ല ആരംഭിക്കുന്നത് എന്നും അതിന്റെ അടിത്തറ മാതാവിന്റെ ഗർഭകാലത്തുതന്നെ രൂപപ്പെടാൻ തുടങ്ങുന്നു എന്നത് ആധുനിക ശാസ്ത്രം ഇന്ന് കൂടുതൽ ഗൗരവത്തോടെ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഗർഭസ്ഥശിശുവിന്റെ വളർച്ചയിൽ മാതാവിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം, പോഷകാഹാരം, ജീവിതശൈലി, പരിസരസാഹചര്യങ്ങൾ എന്നിവയ്ക്ക് നിർണായകമായ പങ്കുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഭാരതീയ പുരാണങ്ങളും ഇതേ ആശയത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ വശങ്ങൾ അവതരിപ്പിച്ചിരുന്നു. അതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് മഹാവിഷ്ണുവിന്റെ ഭക്തനായ പ്രഹ്ലാദന്റെ ജീവിതകഥ.

ഗർഭകാലം ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വളർച്ചാഘട്ടമാണ്. ഈ കാലയളവിൽ മാതാവിന്റെ മാനസികസമ്മർദം, അമിതമായ ഭയം, ഉറക്കക്കുറവ്, പോഷകാഹാരത്തിന്റെ അഭാവം, മദ്യപാനം, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെയും നാഡീവ്യവസ്ഥയുടെ വളർച്ചയെയും ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കുന്ന മുഖ്യമായ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ഗർഭിണികൾക്ക് ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. സ്നേഹപൂർവമായ സംസാരം, മനസ്സിന് ആശ്വാസം നൽകുന്ന സംഗീതം, നല്ല വായന, പ്രാർത്ഥന, ധ്യാനം, സന്തോഷകരമായ തൊഴിൽ-കുടുംബാന്തരീക്ഷം എന്നിവ ഗർഭിണിയുടെ മാനസികക്ഷേമത്തിന് സഹായകമാണ്. എന്നാൽ സംഗീതം കേൾക്കുന്നതുകൊണ്ടുമാത്രം കുഞ്ഞിന്റെ ബുദ്ധിശക്തിയോ സ്വഭാവമോ നിർണയിക്കപ്പെടുന്നില്ല. ഗർഭകാലത്തെ ആരോഗ്യകരമായ ജീവിതശൈലിയും ജനനശേഷമുള്ള സ്നേഹപൂർവമായ പരിചരണവും ഒരുപോലെ പ്രധാനമാണ്.

ഭാഗവതപുരാണത്തിലെ പ്രഹ്ലാദചരിതം ഈ ആശയത്തെ ആത്മീയമായ തലത്തിൽ അവതരിപ്പിക്കുന്നു. അസുരരാജാവായ ഹിരണ്യകശിപുവിന്റെ ഭാര്യ കയാധു ഗർഭിണിയായിരിക്കുമ്പോൾ, ഭർത്താവ് തപസ്സിനായി പോയ സന്ദർഭത്തിൽ ദേവന്മാർ അവളെ പിടികൂടി. എന്നാൽ മഹർഷി നാരദൻ അവളെ രക്ഷിച്ച് തന്റെ ആശ്രമത്തിൽ അഭയം നൽകി. അവിടെ നാരദമഹർഷി ഭഗവാൻ മഹാവിഷ്ണുവിന്റെ മഹിമയും ഭക്തിയുടെ പ്രാധാന്യവും ധർമത്തിന്റെ മഹത്ത്വവും വിവരിച്ചുകൊണ്ടിരുന്നു. ഗർഭസ്ഥനായ പ്രഹ്ലാദൻ നാരദന്റെ ഉപദേശങ്ങൾ ശ്രവിക്കുകയും അവന്റെ മനസ്സിൽ മഹാവിഷ്ണുഭക്തി വളരുകയും ചെയ്തുവെന്നാണ് പുരാണകഥ.

ജനിച്ചശേഷം അസുരരാജാവിന്റെ കൊട്ടാരത്തിൽ വളർന്നിട്ടും പ്രഹ്ലാദന്റെ മനസ്സിൽനിന്ന് വിഷ്ണുഭക്തി അകന്നില്ല. പിതാവിന്റെ അധികാരവും ഭീഷണിയും ശിക്ഷയും അവന്റെ വിശ്വാസത്തെ തകർക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, അവൻ പരമവിഷ്ണുഭക്തനായി തന്നെ തുടർന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത് പ്രഹ്ലാദന്റെ ഭക്തി കേവലം ഒരു മതവിശ്വാസപരമായ പുരാണകഥയല്ല എന്നതാണ്. പ്രതികൂലമായ സാഹചര്യങ്ങൾക്കിടയിലും സ്നേഹവും വിശ്വാസവും ധാർമികതയും കൈവിടാത്ത വ്യക്തിത്വത്തിന്റെ പ്രതീകമാണ് പ്രഹ്ലാദൻ.

പ്രഹ്ലാദന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടമാണ് നരസിംഹാവതാരം. മകന്റെ വിഷ്ണുഭക്തി അംഗീകരിക്കാൻ കഴിയാതിരുന്ന ഹിരണ്യകശിപു പലവിധത്തിൽ അവനെ പീഡിപ്പിച്ചു. വിഷം കൊടുത്തും പർവതത്തിൽനിന്ന് തള്ളിയും ആനകളെക്കൊണ്ട് ചവിട്ടിച്ചും തീയിലിട്ട് നശിപ്പിക്കാനും ശ്രമിച്ചു. എന്നാൽ പ്രഹ്ലാദന്റെ മനസ്സിലെ ഭക്തിയും വിശ്വാസവും തകർക്കാൻ ആർക്കും കഴിഞ്ഞില്ല. ഒടുവിൽ, “എങ്കിൽ നിന്റെ ദൈവം എവിടെ? ഈ തൂണിലും നിന്റെ ദൈവമുണ്ടോ?” എന്ന ഹിരണ്യകശിപുവിന്റെ ചോദ്യത്തിന് മറുപടിയായി തൂൺ പിളർന്ന് മഹാവിഷ്ണു നരസിംഹരൂപത്തിൽ അവതരിച്ചു. ഭക്തനെ രക്ഷിക്കുകയും അധർമത്തെ നിഗ്രഹിക്കുകയും ചെയ്തു.

നരസിംഹാവതാരത്തിന്റെ തത്ത്വചിന്താപരമായ അർത്ഥം വളരെ ആഴമുള്ളതാണ്. ഭയത്തിന്റെയും അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും മുന്നിൽ സത്യവും ധർമവും ഭക്തിയും നിശ്ചയദാർഢ്യവും പരാജയപ്പെടില്ല എന്ന സന്ദേശമാണ് ഈ അവതാരം നൽകുന്നത്. പ്രഹ്ലാദൻ പ്രതിനിധീകരിക്കുന്നത് സ്നേഹത്തിലൂടെയും സദ്ചിന്തകളിലൂടെയും രൂപപ്പെടുന്ന മനസ്സിന്റെ ശക്തിയെയാണ്. ഹിരണ്യകശിപു പ്രതിനിധീകരിക്കുന്നത് അധികാരമോഹം, അഹങ്കാരം, അസഹിഷ്ണുത എന്നിവയെയാണ്. നരസിംഹമൂർത്തി ധർമസംരക്ഷണത്തിന്റെയും നീതിയുടെയും പ്രതീകമായി നിലകൊള്ളുന്നു.

പ്രഹ്ലാദന്റെ കഥയും ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും തമ്മിൽ ചില ആശയപരമായ സാമ്യങ്ങളുണ്ട്. ഗർഭസ്ഥശിശുവിന്റെ മസ്തിഷ്കവും നാഡീവ്യവസ്ഥയും ഗർഭകാലത്ത് അതിവേഗം വികസിക്കുന്നു. മാതാവിന്റെ ആരോഗ്യവും മാനസികാവസ്ഥയും പോഷണവും ഈ വളർച്ചയെ സ്വാധീനിക്കുന്നു. മദ്യപാനം, പുകവലി, മയക്കുമരുന്നുകൾ എന്നിവ ഗർഭസ്ഥശിശുവിന്റെ ശാരീരികവും നാഡീവികാസപരവുമായ ആരോഗ്യത്തിന് അപകടകരമാണ്. ഗർഭകാലത്തെ കടുത്തതോ നീണ്ടുനിൽക്കുന്നതോ ആയ സമ്മർദവും അമിതമായ ശബ്ദവും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാവുന്നതുപോലെ, ശാന്തമായ ചുറ്റുപാടുകൾ ഗർഭസ്ഥശിശുവിന്റെയും അമ്മയുടെയും ആരോഗ്യത്തിന് ഗുണകരമാകാം.

അതുപോലെ, ശാന്തമായ സംഗീതം, സ്നേഹപൂർവമായ സംസാരം, പ്രാർത്ഥന, നല്ല വായന എന്നിവ മാതാവിന്റെ മാനസികക്ഷേമത്തിന് സഹായകമാകാം. എന്നാൽ ഗർഭസ്ഥശിശു കേൾക്കുന്ന ഓരോ വാക്കും നേരിട്ട് സ്വഭാവമായി മാറുന്നു എന്നതിന് ശാസ്ത്രീയ തെളിവുകളില്ല. ഇവിടെ പ്രഹ്ലാദന്റെ കഥയെ ശാസ്ത്രീയ പരീക്ഷണങ്ങളുടെ തെളിവായി കാണാതെ, ഗർഭകാലത്തെ നല്ല അന്തരീക്ഷത്തിന്റെ പ്രാധാന്യവും അത് ഗർഭസ്ഥശിശുവിനും മാതാവിനും ഉണ്ടാക്കുന്ന സ്വാധീനങ്ങളും ഓർമിപ്പിക്കുന്ന പുരാണപ്രതീകമായി മനസ്സിലാക്കുക എന്നതാണ് പ്രധാനം.

ഗർഭസംസ്കാരം അഥവാ പരിപാലനം എന്ന ആശയം അമ്മയുടെ മാത്രം ഉത്തരവാദിത്വമായി ചുരുങ്ങിപ്പോകാതെ, പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്വം കൂടിയാണത്. ഗർഭിണിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും അവൾക്ക് മാനസികമായ സുരക്ഷിതത്വം നൽകുകയും ചെയ്യേണ്ടത് കുടുംബത്തിന്റെ കടമയാണ്. കുഞ്ഞ് ജനിച്ചശേഷവും ഇതേ അന്തരീക്ഷം തുടരണം. സ്നേഹം, സഹിഷ്ണുത, കരുണ, സത്യസന്ധത, സഹജീവികളോടുള്ള ആദരവ് തുടങ്ങിയ മൂല്യങ്ങൾ കുട്ടിയുടെ വ്യക്തിത്വത്തെയും ബുദ്ധിവികാസത്തെയും സാമൂഹിക ഇടപെടലുകളെയും രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

പ്രഹ്ലാദന്റെ കഥ നമ്മെ പഠിപ്പിക്കുന്നത് ഗർഭകാലത്തെ നല്ല ചിന്തകളുടെയും ആത്മീയമായ അന്തരീക്ഷത്തിന്റെയും മഹത്ത്വം മാത്രമല്ല, ജീവിതത്തിൽ ഏത് പ്രതികൂല സാഹചര്യത്തിലും ധർമവും സത്യവും കൈവിടരുത് എന്ന വലിയ സന്ദേശം കൂടിയാണ്. നാരദമഹർഷിയുടെ ഉപദേശങ്ങൾ ഗർഭസ്ഥനായ പ്രഹ്ലാദന്റെ ഭക്തിയുടെ പ്രതീകമായി പുരാണം അവതരിപ്പിക്കുന്നു. ആധുനിക ശാസ്ത്രം ഗർഭകാലത്തെ ആരോഗ്യകരമായ ജീവിതശൈലിയുടെയും സുരക്ഷിതമായ അന്തരീക്ഷത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നു.

പുരാണം ആത്മീയമായ ഭാഷയിൽ പറഞ്ഞ സദ്ചിന്തയുടെ മഹത്ത്വത്തെ ശാസ്ത്രം മനുഷ്യവളർച്ചയുടെ കാഴ്ചപ്പാടിലൂടെ വേണം മനസ്സിലാക്കുവാൻ. രണ്ടിന്റെയും ആശയപരമായ സംഗമത്തിൽ തെളിയുന്ന സന്ദേശം ഇതാണ്: ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കുന്നത് ജനനത്തിനുശേഷമുള്ള വിദ്യാഭ്യാസവും അറിവുസമ്പാദനവും മാത്രമല്ല, സ്നേഹവും കരുതലും ആരോഗ്യവും ധാർമികമൂല്യങ്ങളും നിറഞ്ഞ സംസ്കാരപൂർണമായ ഒരു ജീവിതാന്തരീക്ഷം കൂടിയാണ്. പ്രഹ്ലാദന്റെ വിഷ്ണുഭക്തിയും നരസിംഹമൂർത്തിയുടെ (അവതാരത്തിന്റെ) ധർമസംരക്ഷണവും ഈ സന്ദേശത്തിന് നിത്യപ്രസക്തി നൽകുന്നു.

Leave a Comment

More News