വാർദ്ധക്യം വന്ന് പടിവാതിലിൽ മുട്ടുമ്പോൾ, അകമ്പടി സേവിക്കാനായി രോഗാരിഷ്ടതകൾ ബാൻഡ്മേളം മുഴക്കി ഒന്നിനു പിറകേ ഒന്നായി ഓട്ടോ പിടിച്ചു വരും. ബ്ലഡ്പ്രഷർ, ഡയബറ്റീസ്, വാതം, സന്ധിവേദന, കൈകാൽ കഴപ്പ്…. അങ്ങനെ പലതും.
അതിനൊരു തുടർച്ചയെന്നതു പോലെ, പഞ്ചേന്ദ്രിയങ്ങളും പണി മുടക്കും. കേൾവി, കാഴ്ച, രുചി, മൂക്ക്, ത്വക്ക് കൂടാതെ ഈ ഇന്ദ്രിയങ്ങളിൽ പെടാത്ത മറ്റു പലതും.
‘വെടി പൊട്ടിയാൽ പുക’ എന്നു പറയുന്ന അവസ്ഥ. ഭക്ഷണപ്രിയർക്കു പോലും ഒന്നിനും ഒരു രുചി തോന്നുകയില്ല. ഒരുപിടി, നല്ലതുപോലെ വേവിച്ച ചോറും മുളക് സമ്മന്തിയും കൂട്ടത്തിൽ ഒരു ഉണക്കമീനും കിട്ടിയാൽ കുശാലായി.

നഴ്സിംഗ് ഹോമിലെ മെനുവിൽ ഇതുകൂടി ഉൾപ്പെടുത്തുന്ന കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും നമ്മുടെ മലയാളി ദേശീയ സംഘടനാ നേതാക്കന്മാരോട് അഭ്യർത്ഥിക്കുന്നു. നിങ്ങളെക്കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണമുണ്ടാകട്ടെ! പുകഴ്ത്തി പറയുകയാണെന്നു കരുതരുത്, ഇതുവരെ അമേരിക്കൻ മലയാളികൾക്ക് നിങ്ങളെക്കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല.
അങ്ങനെ എന്റെ കാഴ്ചയ്ക്കും ഒരു മങ്ങൽ അനുഭവപ്പെട്ടു തുടങ്ങി. പല ആംഗിളിലും ചരിഞ്ഞും തിരിഞ്ഞും നോക്കി. നോ രക്ഷ!
ഒടുവിൽ വാർദ്ധക്യമെന്ന അവസ്ഥയെ മനസ്സില്ലാമനസ്സോടെ അംഗീകരിച്ച് ഒരു Ophthalmologist-നെ കാണുവാൻ തീരുമാനിച്ചു.
യഥാർത്ഥ മെഡിക്കൽ ഡോക്ടറുടെ അടുത്ത് എത്തുന്നതിനു മുൻപ് ചില കടമ്പകൾ കടക്കുവാനുണ്ട്. (ചില അമേരിക്കൻ മലയാളികൾ പേരിനു മുൻപിൽ ഒരു ‘വാഴക്കുല’ ഡോക്ടറേറ്റ് ഒരു അലങ്കാരമായി ചേർക്കുന്ന പ്രവണത ഈയിടെയായി വർദ്ധിച്ചിട്ടുണ്ട്. മുട്ടനാടിന് കഴുത്തിൽ മുല കിളിച്ചതുപോലെ, അതുകൊണ്ട് അവർക്കോ നാട്ടുകാർക്കോ ഒരു പ്രയോജനവും ഇല്ലെന്ന് നമ്മൾക്കുമറിയാം അവർക്കുമറിയാം)
ആദ്യം ഒരു ടെക്നീഷ്യൻ, കണ്ണു പരിശോധനാ യന്ത്രത്തിന്റെ മുന്നിലിരുത്തി, അതിലെ ചെറിയ ദ്വാരത്തിലൂടെ നോക്കുവാൻ പറയും. “ദൂരെ ഒരു ചുവന്ന ബലൂണോ വീടോ കാണുന്നുണ്ടോ” എന്നു ചോദിക്കും. നമ്മൾ നോക്കുമ്പോൾ ആകപ്പാടെ ഒരു മഞ്ഞപ്പുക മാത്രമേ കാണുകയുള്ളൂ.
അതുകഴിഞ്ഞ് അക്ഷരം വായിപ്പിക്കൽ എന്ന പീഡന മുറയാണ്. “ഒന്നാമത്തെ ലൈനാണോ, അതോ രണ്ടാമത്തെ ലൈനാണോ കൂടുതൽ ക്ലിയർ?” ഈ അഭ്യാസം രണ്ട് കണ്ണിലും മാറിമാറി നടത്തും. നമ്മൾ നോക്കുമ്പോൾ എല്ലാം ഒരുപോലെയാണ്. എങ്കിലും ആ തരുണീമണിയെ സന്തോഷിപ്പിക്കുവാൻ വേണ്ടി “Line two is better than Line one” എന്നൊരു കള്ളം പറയും.
പരീക്ഷ എഴുതുവാൻ പോകുന്ന കുട്ടികളുടെ വേവലാതിയാണ് ഉള്ളിൽ. ഇംഗ്ലീഷ് അക്ഷരമാല അറിയാത്തവരുടെ കാഴ്ചശക്തി പരിശോധിക്കുന്നത് എങ്ങനെയാണോ ആവോ!
അവിടെനിന്ന് പാസുമാർക്കു നേടി, ഡോക്ടറെ കാണുവാനുള്ള അനുമതി കിട്ടി. സ്വാമി എന്നു പേരുള്ള ഒരു ഇന്ത്യൻ വംശജനാണ് ഡോക്ടർ. ഒരു ചെറുപ്പക്കാരൻ. (സമർത്ഥരായ ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണലുകൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു എന്നത് അഭിമാനത്തിനു വക നൽകുന്നു)
പോലീസുകാരെപ്പോലെ ഡോ. സ്വാമി കണ്ണിലേക്ക് ടോർച്ചടിച്ചു, പിന്നെ കമ്പ്യൂട്ടർ സ്ക്രീനിലെ റിപ്പോർട്ടുകൾ നോക്കി.
“പേടിക്കാനൊന്നുമില്ല. Cataract ആണ്. ചെറിയൊരു സർജറി വേണ്ടിവരും. പത്തു മിനിറ്റ് നേരത്തെ കാര്യമേയുള്ളൂ.”
അങ്ങനെ സർജറിയുടെ ദിവസമെത്തി. തലേന്ന് പാതിരാത്രി മുതൽ പട്ടിണി ഇരിക്കണം. പച്ചവെള്ളം പോലും കുടിക്കാൻ പാടില്ല.
കണ്ണിന് സർജറി നടത്തുന്നതിന് അന്നനാളം എന്തിനാണ് അടച്ചിടുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ആമാശയവും കണ്ണും തമ്മിൽ എന്ത് ബന്ധം?
പച്ച ഗൗണുമണിയിച്ച്, ഒരു സ്ട്രെച്ചറിൽ കിടത്തി ഒരു റൂമിലേക്ക് തള്ളിക്കൊണ്ടുപോകുന്നു. അവിടെ കുറേപ്പേരെ നിരനിരയായി കിടത്തിയിട്ടുണ്ട്. ഒരു കർട്ടന്റെ മറവേയുള്ളൂ. എല്ലാവരോടും പേരും നാളും പലരും പലവട്ടം ചോദിക്കും.
എന്റെ അടുത്ത ബെഡിൽ കിടന്ന ആളിനോട് “Are you allergic to anything?” എന്നു ചോദിച്ചപ്പോൾ “Only to wife’s cooking” എന്ന അയാളുടെ മറുപടി കേട്ട് ചുറ്റും നിന്നവർ ചിരിച്ചു പോയി. കൂട്ടത്തിൽ ചിരിച്ച എന്നെ എനിക്കു കൂട്ടിനു നിന്ന ഭാര്യ കണ്ണുരുട്ടി കാണിച്ചു.
Anesthesiologist നടപടിക്രമങ്ങൾ വിശദീകരിച്ചപ്പോൾ “Why you have to go through all these troubles? Just give me a couple of martinis. I will be fine” എന്നായിരുന്നു ആ രസികന്റെ മറുപടി.
ഏതൊരു വിഷമഘട്ടത്തെയും ഒരു ‘സെൻസ് ഓഫ് ഹ്യൂമറോടു’ കൂടി സമീപിക്കുന്നത് നമ്മൾക്കും മറ്റുള്ളവർക്കും ഒരു ‘പോസിറ്റീവ് എനർജി’ നൽകും.
അവിടെനിന്നും ഓപ്പറേഷൻ തിയേറ്ററിലേക്ക്! ഡോ. സ്വാമി അവിടെ ഇരയെ കാത്തിരിപ്പുണ്ട്. ഒരു ബഹിരാകാശ സഞ്ചാരിയെപ്പോലെ തോന്നിപ്പിക്കുന്ന വേഷവിധാനം. കണ്ണുമാത്രം പുറമേ കാണാം.
എന്റെ കണ്ണിലേക്കു ചില തുള്ളിമരുന്നുകൾ ഒഴിക്കുന്നു. ആയിരം വോൾട്ട് പ്രകാശം എന്റെ കണ്ണിലേക്ക് അടിക്കുന്നു. കത്തിയും കത്രികയും കൈയിലേന്തി, ചില കൈക്രിയകൾ കാണിക്കുന്നു. പത്തു മിനിറ്റിനുള്ളിൽ പണി തീർത്തു.
“Okay. You can go home” എന്നു പറഞ്ഞ് അനുഗ്രഹിച്ച് എന്നെ യാത്രയാക്കുന്നു. സ്വാമി ശരണം!
“കുനിയരുത്, ഭാരം എടുക്കരുത്, കണ്ണിൽ വെള്ളം വീഴരുത്. മരുന്നുകൾ കൃത്യമായ ഇടവേളകളിൽ കണ്ണിലൊഴിക്കണം.” അങ്ങനെ ചില നിർദ്ദേശങ്ങളുമുണ്ട്.
എം.ജി.ആർ. സ്റ്റൈലിൽ ഒരു വലിയ കറുത്ത കണ്ണടയും ധരിച്ച് വീട്ടിലെത്തിയ എന്നെ, കൊച്ചുമകൾ ‘വിക്കി’ക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായില്ല. ഒരു അപരിചിതനെ കാണുന്നതുപോലെ ഇവൾ എന്നെ തുറിച്ചുനോക്കി.
“What happened Appa?” ആളെ മനസ്സിലായപ്പോൾ അവൾ ചോദിച്ചു.
നടന്ന കാര്യങ്ങളെല്ലാം ഞാൻ വിശദമായി പറഞ്ഞുകൊടുത്തു. എന്നിട്ട് ‘വിക്കിച്ചു’വിനെ എന്നോട് ചേർത്തുനിർത്തി പറഞ്ഞു:
“Vicky, now I can see things very clearly, I never realized you are this much beautiful.”
ഒരു “Thank you” പറഞ്ഞിട്ട്, ഒരു നിമിഷം എന്തോ ആലോചിച്ചിട്ട്, ഒരു കള്ളച്ചിരിയോടെ, കൊച്ചുമോൾ പറഞ്ഞു:
“Now you realize what I was telling all this time is true.”
“What?”
“That your wife is fat and ugly. Please don’t tell Amma.”
വിക്കിയുടെ ഈ കൊച്ചു തമാശ, എന്റെ ഭാര്യയുൾപ്പെടെ എല്ലാവരും ആസ്വദിച്ചു. ഉള്ളു തുറന്നു ചിരിച്ചു.
കണ്ണാടിയിൽ എന്റെ തനിസ്വരൂപം കണ്ട് ഞാനൊന്ന് ഞെട്ടി.
ഇത്രയും കാലം ഞാനൊരു ‘കൊച്ചുകുട്ടപ്പനാ’ണെന്നാണ് ഞാൻ സ്വയം കരുതിയത്. ഞാൻ ‘കൊച്ചുകുട്ടപ്പനല്ല, ഒരു ‘വലിയ കുട്ടപ്പനാ’ണെന്ന് ഇപ്പോഴാണ് മനസ്സിലായത്.
മുഖമാകെ കുണ്ടും കുഴിയും! വാർദ്ധക്യ രേഖകൾ മുഖത്തും കഴുത്തിലും ചാലുകൾ കീറിയിരിക്കുന്നു. AI ക്യാമറയ്ക്കു പോലും മായ്ക്കുവാൻ പറ്റാത്ത രേഖകൾ.
ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞു.
“കാലത്തിന്റെ കുത്തൊഴുക്കിൽ, ഏതു മമ്മൂട്ടിയും മമ്മൂക്കയാകും!”
