ജനങ്ങളുടെ ശക്തമായ എതിർപ്പിനിടയിലും ഡാറ്റാ സെന്റർ പദ്ധതിയുമായി മുന്നോട്ട് റോളിംഗ് മെഡോസ്

ഷിക്കാഗോ: ഇല്ലിനോയിയിലെ ഷിക്കാഗോ സബർബായ റോളിംഗ് മെഡോസിൽ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടയിലും പുതിയ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട്.  നവംബർ 24 ചൊവ്വാഴ്ച നടന്ന സിറ്റി കൗൺസിൽ യോഗത്തിൽ ഡാറ്റാ സെന്റർ പദ്ധതിക്ക് കുക്ക് കൗണ്ടിയുടെ നികുതിയിളവ് ലഭ്യമാക്കുന്നതിനെ പിന്തുണയ്ക്കുന്ന പ്രമേയം നാലു വോട്ടുകൾ അനുകൂലമായും രണ്ടു വോട്ടുകൾ പ്രതികൂലമായും പാസായി.

ഗോൾഫ് റോഡിലെ 3800-ാം നമ്പറിൽ സ്ഥിതിചെയ്യുന്ന പഴയ Atrium Corporate Centre പൊളിച്ചുനീക്കിയാണ് ഡിജിറ്റൽ റിയൽറ്റി (Digital Realty) എന്ന കമ്പനി പുതിയ ഡാറ്റാ സെന്റർ നിർമിക്കാൻ പദ്ധതിയിടുന്നത്. ഏകദേശം 40 ഏക്കർ സ്ഥലത്ത് 9.75 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് കെട്ടിടങ്ങളാണ് നിർമിക്കുക.

156 മെഗാവാട്ട് കമ്പ്യൂട്ടിങ് ശേഷിയുള്ള ഡാറ്റാ സെന്ററിനായി 240 മെഗാവാട്ട് ശേഷിയുള്ള പ്രത്യേക ComEd വൈദ്യുതി സബ്‌സ്റ്റേഷനും സ്ഥാപിക്കും.

സിറ്റി കൗൺസിൽ യോഗത്തിൽ നിരവധി പ്രദേശവാസികൾ പ്രതിഷേധവുമായി എത്തി. ഡാറ്റാ സെന്ററിന്റെ പ്രവർത്തനം മൂലമുണ്ടാകാവുന്ന ശബ്ദമലിനീകരണം, അമിതമായ വൈദ്യുതി ഉപഭോഗം, പരിസ്ഥിതി പ്രശ്നങ്ങൾ, സമീപത്തുള്ള ബസ്സി വുഡ്സ് (Busse Woods) വനമേഖലയെയും വന്യജീവികളെയും ബാധിക്കാനിടയുള്ള പ്രത്യാഘാതങ്ങൾ തുടങ്ങിയവയാണ് ജനങ്ങളുടെ പ്രധാന ആശങ്കകൾ.

അതേസമയം, ജല ഉപഭോഗം കുറയ്ക്കുന്നതിനായി ക്ലോസ്ഡ് ലൂപ്പ് കൂളിങ് സംവിധാനം ഉപയോഗിക്കുമെന്നാണ് പദ്ധതി രേഖകളിൽ വ്യക്തമാക്കുന്നത്.

നഗരസഭയുടെ കണക്കനുസരിച്ച് 2041 വരെയുള്ള കാലയളവിൽ നഗരസഭയ്ക്കും സ്കൂൾ ഡിസ്ട്രിക്ടുകൾക്കും മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുമായി 240 മില്യൺ ഡോളറിലധികം വരുമാനം പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന കെട്ടിടസമുച്ചയം സാമ്പത്തികമായി പ്രയോജനപ്പെടുത്താനുള്ള അവസരമായാണ് നഗരസഭ പദ്ധതിയെ കാണുന്നത്.

പദ്ധതിക്കാവശ്യമായ സോണിങ് അനുമതിയും നഗരസഭ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ കുക്ക് കൗണ്ടിയുടെ നികുതിയിളവിന് നഗരസഭ നൽകിയ പിന്തുണ അന്തിമ കൗണ്ടി അംഗീകാരത്തിന് തുല്യമല്ല.

നിർമിതബുദ്ധിയുടെയും ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെയും വളർച്ചയോടെ ഷിക്കാഗോയുടെ വിവിധ പ്രാന്തപ്രദേശങ്ങളിൽ ഡാറ്റാ സെന്ററുകൾ വർധിച്ചുവരികയാണ്. സാമ്പത്തിക നേട്ടങ്ങളും സാങ്കേതിക പുരോഗതിയും ഒരു വശത്തും പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ മറുവശത്തുമായി ഡാറ്റാ സെന്റർ നിർമാണം വലിയൊരു പൊതുചർച്ചയായി മാറുകയാണ്.

Leave a Comment

More News