യുഡിഎഫ് സർക്കാരിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധവുമായി എൽഡിഎഫ്; ജനദ്രോഹ നടപടികൾ തിരുത്തണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹപരമായ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്).  സംസ്ഥാനത്തുടനീളം നൂറുകണക്കിന് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മകളിൽ നിരവധി പ്രവർത്തകരും അനുഭാവികളും പൊതുജനങ്ങളും പങ്കെടുത്തു. വൈദ്യുതി പ്രതിസന്ധി, പൊതുജനാരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, ഭൂവിനിയോഗവുമായി ബന്ധപ്പെട്ട നിയമനിർമാണം, തീരദേശ മേഖലയിലെ ആശങ്കകൾ, ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.

തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾക്കു വിരുദ്ധമായ നടപടികളുമായാണ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വലിയ പ്രഖ്യാപനങ്ങളോടെ അവതരിപ്പിച്ച സർക്കാരിന്റെ ‘പുതുയുഗം’ ആശുപത്രിക്കിടക്കയിൽ പനിച്ചുകിടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

പുതുയുഗം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ ആദ്യ ആഴ്ചയിൽതന്നെ ജനങ്ങൾക്ക് സമ്മാനിച്ചത് ഇരുട്ടാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് പവർകട്ട് ഉണ്ടായിരുന്നില്ലെന്നും യുഡിഎഫ് അധികാരത്തിലെത്തിയതോടെ വൈദ്യുതി നിയന്ത്രണങ്ങൾ തിരിച്ചെത്തിയെന്നും അദ്ദേഹം ആരോപിച്ചു.

എൽഡിഎഫ് എന്നാൽ വെളിച്ചമാണെന്ന് കഴിഞ്ഞ ഭരണകാലത്തെ അനുഭവങ്ങളിലൂടെ ജനങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ആ വെളിച്ചം തിരിച്ചുകിട്ടണമെന്നാണ് ഇപ്പോൾ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനജീവിതത്തെ ദുരിതത്തിലാക്കുന്ന നടപടികളാണ് പുതുയുഗത്തിന്റെ പേരിൽ നടപ്പാക്കുന്നതെങ്കിൽ അത്തരമൊരു ഭരണനയത്തെ അംഗീകരിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടും ബിനോയ് വിശ്വം രൂക്ഷമായ വിമർശനം ഉന്നയിച്ചു. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളോ ഡോക്ടർമാരോ മറ്റു ജീവനക്കാരോ ഇല്ലാത്ത സാഹചര്യമാണെന്ന് അദ്ദേഹം ആരോപിച്ചു. സാധാരണക്കാർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്നും കുറ്റപ്പെടുത്തി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. അവിടെ അടിസ്ഥാന ചികിത്സാസൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പുതുയുഗത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

യുഡിഎഫ് സർക്കാർ വലിയ പ്രാധാന്യത്തോടെ അവതരിപ്പിച്ച സരൾ, മാരിടൈം ബില്ലുകൾക്കെതിരെയും ബിനോയ് വിശ്വം രംഗത്തെത്തി. സരൾ എന്ന പേര് ആകർഷകമാണെങ്കിലും നിയമത്തിന്റെ ഉള്ളടക്കവും പ്രത്യാഘാതങ്ങളും അത്ര ലളിതമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ ജന്മിത്ത വ്യവസ്ഥയുടെ അടിത്തറ തകർക്കുകയും സാമൂഹിക പരിവർത്തനത്തിന് വഴിയൊരുക്കുകയും ചെയ്ത ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്തയെ ദുർബലപ്പെടുത്തുന്നതാണ് സരൾ ബില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഭൂരഹിതർക്ക് ഭൂമിയോ ഭവനരഹിതർക്ക് വീടോ ലഭ്യമാക്കുന്നതിനുള്ള നടപടികൾക്കുപകരം പഴയ ജന്മിത്ത വ്യവസ്ഥയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും വിമർശിച്ചു.

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എൽഡിഎഫ് സർക്കാർ പാസാക്കിയ കേരള നെൽവയൽ–തണ്ണീർത്തട സംരക്ഷണ നിയമത്തെയാണ് പുതിയ നിയമനിർമാണം പ്രധാനമായും ബാധിക്കുകയെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രസ്തുത നിയമത്തിന്റെ സംരക്ഷണ വ്യവസ്ഥകൾ ദുർബലപ്പെടുത്തിയാൽ നെൽവയലുകൾ വ്യാപകമായി നികത്തപ്പെടാനും നെൽകൃഷി ഇല്ലാതാകാനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മാരിടൈം നിയമത്തിന്റെ പേരിൽ സംസ്ഥാനത്തെ തീരദേശ സമ്പത്ത് കൊള്ളയടിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു. തീരദേശ മേഖലയിലെ വിഭവങ്ങളും അവയെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുപകരം വൻകിട സാമ്പത്തിക ശക്തികൾക്ക് അനുകൂലമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് വലിയ അഴിമതിക്കാണ് സർക്കാർ കളമൊരുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എൽപിഎസ്ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) ഉദ്യോഗാർഥികൾക്ക് നൽകിയ പ്രതീക്ഷകൾ പാലിക്കാതെ അവരെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.

ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികളുമായി സർക്കാർ മുന്നോട്ടുപോയാൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടിവരും. തെറ്റായ നയങ്ങൾ തിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജനകീയ സമരങ്ങൾ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെയും കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെയും നയങ്ങൾ തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമില്ലെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഇരു സർക്കാരുകളും വലിയ പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായി ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നായിരുന്നു വിമർശനം.

കോർപ്പറേറ്റ് ശക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഭരണകൂടങ്ങളാണ് രണ്ടുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൻകിട സാമ്പത്തിക ശക്തികളുടെ നിർദേശങ്ങൾക്കനുസരിച്ച് നിലപാടുകൾ മാറ്റുകയും അവരുടെ താൽപര്യങ്ങൾക്കു മുന്നിൽ കീഴടങ്ങുകയും ചെയ്യുന്ന സമീപനമാണ് ബിജെപിയും യുഡിഎഫും സ്വീകരിക്കുന്നതെന്ന് പരിഹാസരൂപേണ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി വ്യത്യസ്ത മുന്നണികളായി നിലകൊള്ളുമ്പോഴും കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ഇരു കൂട്ടരും ഒരേ നിലപാടാണ് പുലർത്തുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

വിവിധ ജില്ലകളിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മകൾക്ക് എൽഡിഎഫ് ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി. കണ്ണൂർ സ്റ്റേഡിയം കോർണർ പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം പാലായിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരിയിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.എം. സുരേഷ് ബാബുവും എറണാകുളം മട്ടാഞ്ചേരിയിൽ ഐഎസ്ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജും ജനകീയ കൂട്ടായ്മകൾ ഉദ്ഘാടനം ചെയ്തു.

തൃശൂർ പുതുക്കാട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രഘു കെ. മാരാത്തും കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Comment

More News