വനിതകളുടെ രാത്രി ജോലിക്ക് കർശന സുരക്ഷാ മാനദണ്ഡങ്ങൾ; വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളിൽ രാത്രി ഡ്യൂട്ടി വിലക്കാൻ സർക്കാരിന് അധികാരം

പ്രതിനിധാന ചിത്രം

തിരുവനന്തപുരം: വനിതാ ജീവനക്കാരുടെ സുരക്ഷയും അന്തസ്സും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും രാത്രി ജോലിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളിൽ വനിതകളെ രാത്രി ജോലിക്ക് നിയോഗിക്കുന്നത് വിലക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളാണ് ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം.

സ്ത്രീകളുടെ തൊഴിലവസരങ്ങൾ വിപുലപ്പെടുത്തുന്നതിനൊപ്പം സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. വനിതാ ജീവനക്കാരെ രാത്രി ജോലിക്ക് നിയോഗിക്കുമ്പോൾ തൊഴിലുടമകൾ പാലിക്കേണ്ട നിബന്ധനകളും ഉത്തരവാദിത്വങ്ങളും ബില്ലിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

വനിതാ ജീവനക്കാരിയുടെ രേഖാമൂലമുള്ള സമ്മതം ലഭിച്ചശേഷം മാത്രമേ അവരെ രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കാവൂ. ഒരു കാരണവശാലും വനിതകളെ രാത്രി ജോലിക്ക് നിർബന്ധിക്കാൻ പാടില്ല. ജീവനക്കാരുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണവും തൊഴിലുടമ ഉറപ്പുവരുത്തണം.

നിർദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നോ രാത്രി ജോലി വനിതകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്നോ ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയിൽ വനിതകളെ ജോലിക്ക് നിയോഗിക്കുന്നത് നിരോധിക്കാൻ സർക്കാരിന് അധികാരമുണ്ടാകും.

ജോലിസ്ഥലത്ത് സ്ത്രീവിരുദ്ധ അന്തരീക്ഷമോ ലിംഗപരമായ വിവേചനമോ ഉണ്ടാകുന്നില്ലെന്ന് തൊഴിലുടമ ഉറപ്പാക്കണം. ഷിഫ്റ്റ് മാറ്റുമ്പോൾ മുൻ ഷിഫ്റ്റ് അവസാനിക്കുന്നതിനും രാത്രി ഷിഫ്റ്റ് ആരംഭിക്കുന്നതിനുമിടയിൽ കുറഞ്ഞത് 12 മണിക്കൂർ ഇടവേള അനുവദിക്കണം. വനിതാ ജീവനക്കാർക്കായി ആവശ്യമായ വിശ്രമമുറികളും സ്ഥാപനങ്ങളിൽ സജ്ജീകരിക്കണം.

നിലവിൽ രാത്രി ഡ്യൂട്ടിക്ക് രണ്ടു വനിതകൾ ഉൾപ്പെടെ കുറഞ്ഞത് അഞ്ചു ജീവനക്കാർ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഈ നിബന്ധനയിൽ ഇളവ് വരുത്താനും ഭേദഗതി ബിൽ നിർദേശിക്കുന്നു. പുതിയ വ്യവസ്ഥയനുസരിച്ച് കുറഞ്ഞത് രണ്ടു വനിതകളുള്ള സംഘത്തെ രാത്രി ജോലിക്ക് നിയോഗിക്കാനാകും.

സംസ്ഥാനത്തെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഏകദേശം 95 ശതമാനവും അഞ്ചിൽ താഴെ ജീവനക്കാരുമായി പ്രവർത്തിക്കുന്നവയാണ്. നിലവിലെ നിബന്ധന ചെറുകിട സ്ഥാപനങ്ങളിലെ വനിതകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റം നിർദേശിച്ചിരിക്കുന്നത്.

രാത്രി ഡ്യൂട്ടി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ജോലി കഴിഞ്ഞ് സുരക്ഷിതമായി താമസസ്ഥലത്തേക്ക് മടങ്ങുന്നതിനുള്ള വാഹനസൗകര്യം തൊഴിലുടമ ഒരുക്കണം. ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ സി.സി.ടി.വി. ക്യാമറകളും ജി.പി.എസ്. സംവിധാനവും നിർബന്ധമാക്കും.

വാഹനങ്ങളുടെ ഡ്രൈവർമാരെ നിയമിക്കുന്നതിനുമുമ്പ് അവരുടെ പശ്ചാത്തലം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വവും തൊഴിലുടമയ്ക്കായിരിക്കും. പുറംകരാർ അടിസ്ഥാനത്തിൽ വാഹനങ്ങളും ഡ്രൈവർമാരും ലഭ്യമാക്കുന്ന സാഹചര്യങ്ങളിലും പശ്ചാത്തല പരിശോധന നിർബന്ധമായിരിക്കും.

വനിതകൾ രാത്രി ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും അവയുടെ പരിസരങ്ങളിലും മതിയായ വെളിച്ചവും സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം. സ്ഥാപനങ്ങളിലും പരിസരങ്ങളിലും സി.സി.ടി.വി. നിരീക്ഷണം ഏർപ്പെടുത്തുന്നതിനൊപ്പം ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ കുറഞ്ഞത് 45 ദിവസം സൂക്ഷിക്കണമെന്നാണ് നിർദേശം.

വനിതാ ജീവനക്കാർ രാത്രി ഡ്യൂട്ടിയിലുള്ള സമയത്ത് സ്ഥാപനത്തിന്റെ പ്രവേശന കവാടത്തിൽ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യവും ഉറപ്പാക്കണം. ജോലിസ്ഥലത്തും സ്ഥാപനപരിസരത്തും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം പൂർണമായും തൊഴിലുടമയ്ക്കായിരിക്കും.

വനിതാ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നതിനുള്ള വ്യവസ്ഥകളും ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരികളുടെ മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, താമസവിലാസം തുടങ്ങിയ സ്വകാര്യ വിവരങ്ങൾ സ്ഥാപനത്തിലെ അധികാരപ്പെട്ട വ്യക്തികൾ ഒഴികെയുള്ളവർക്ക് വെളിപ്പെടുത്താൻ പാടില്ല.

വ്യക്തിഗത വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനൊപ്പം അനധികൃതമായി വിവരങ്ങൾ കൈമാറുന്നത് തടയുന്നതിനും തൊഴിലുടമ നടപടികൾ സ്വീകരിക്കണം.

ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങൾ, ഗോഡൗണുകൾ, വെയർഹൗസുകൾ, സ്വകാര്യ ഓഫീസുകൾ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ലോഡ്ജുകൾ, തിയേറ്ററുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് നിർദിഷ്ട നിയമവ്യവസ്ഥകൾ ബാധകമാകും. സർക്കാർ പ്രത്യേക വിജ്ഞാപനത്തിലൂടെ ഉൾപ്പെടുത്തുന്ന മറ്റു സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽ വരും.

വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും ചെറുകിട വാണിജ്യ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനും നിർദിഷ്ട ഭേദഗതി സഹായകമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, രാത്രി ജോലിക്കിടയിൽ വനിതകൾ നേരിടാൻ സാധ്യതയുള്ള സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തൊഴിൽപരമായ വിവേചനം തടയുന്നതിനും ആവശ്യമായ നിയമപരമായ സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.

വനിതകളുടെ തൊഴിൽസ്വാതന്ത്ര്യം, വ്യക്തിസുരക്ഷ, സ്വകാര്യത, ആരോഗ്യസംരക്ഷണം, സുരക്ഷിത യാത്ര എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം തൊഴിലുടമകളുടെ ഉത്തരവാദിത്വം കൂടുതൽ കർശനമാക്കുന്നതാണ് നിർദിഷ്ട നിയമഭേദഗതി.

Leave a Comment

More News