ഇന്നും ഇന്ധനവില ഉയര്‍ന്നു; വര്‍ധിപ്പിച്ചത് പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡിസല്‍ ലിറ്ററിന് 84 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയായി ഉയര്‍ന്നു. 95.17 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമായി. കോഴിക്കോട് 106.35 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 93.45 രൂപയും. കഴിഞ്ഞ രണ്ടുദിവസംകൊണ്ട് ഒരുലിറ്റര്‍ പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയുമാണ് വര്‍ധിച്ചത്. നവംബറില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് വരുത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കഴിഞ്ഞ നാലു മാസമായി വില വര്‍ധനവ് ഉണ്ടായിരുന്നില്ല. എന്നാല്‍ റഷ്യ-ഉക്രൈന്‍ പ്രതിസന്ധിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയിലും വില വര്‍ധനവ് ഉണ്ടാകുമെന്ന് വ്യക്തമായിരുന്നു.    

കെ റെയില്‍ ‘ബഫര്‍ സോണ്‍ ഉണ്ടാകും’: മന്ത്രി സജി ചെറിയാനെ തിരുത്തി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ബഫര്‍ സോണ്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയില്‍ ബഫര്‍ സോണ്‍ ഉണ്ടാകും. മന്ത്രി പറഞ്ഞതല്ല കെ റെയില്‍ എംഡി പറഞ്ഞതാണ് ശരിയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. പോലീസ് നടപടിയിലേക്ക് പോകാത്തത് സംയമനം പാലിക്കുന്നതിനാലാണ്. നഷ്ടപരിഹാരം നല്‍കിയ ശേഷമേ സ്ഥലം ഏറ്റെടുക്കുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കി. കെ റെയില്‍ പദ്ധതിക്കെതിരേ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് സമരം ചെയ്യുകയാണ്. കോഴിക്കോട്ട് സമരം ചെയ്തത് ഇരുകൂട്ടരും ഒന്നിച്ചാണ്. യുഡിഎഫ് കാലത്ത് ഹൈ സ്പീഡ് ട്രെയിനിനുവേണ്ടി കല്ലിട്ടിരുന്നു. അന്ന് എല്‍ഡിഎഫ് യാതോരു എതിര്‍പ്പും ഉയര്‍ത്തിയില്ലെന്നും കോടിയേരി പറഞ്ഞു.

കോവിഡ്: നോവവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി; മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് വാക്‌സിനായ നോവവാക്‌സിന് അടിയന്തര ഉപയോഗത്തിന് ഡിസിജിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ) അനുമതി നല്‍കി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ഇനി മുതല്‍ കേസെടുക്കേണ്ടെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 12നും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവയ്ക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന നോവവാക്‌സിന് അനുമതി നല്‍കിയത്. രാജ്യത്ത് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാണിത്. അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ നോവവാക്‌സ് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നേരത്തേ ധാരണയിലെത്തിയിരുന്നു. വരും ദിവസങ്ങളില്‍ പുതിയതായി അനുമതി ലഭിച്ച വാക്‌സിന്‍ വിതരണം ചെയ്ത് തുടങ്ങും. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കേണ്ടെന്നാണ് കേന്ദ്ര നിര്‍ദേശം. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസുണ്ടാകില്ല. കഴിഞ്ഞ ഏഴാഴ്ചയായി രാജ്യത്ത്…

ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി ഉയര്‍ത്തി അജ്ഞാത ഇമെയില്‍ സന്ദേശം: സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. അജ്ഞാത ഇമെയില്‍ സന്ദേശം വഴി ഉത്തര്‍പ്രദേശ് പോലീസിനാണ് ഭീകരാക്രമണ ഭീഷണിയെത്തിയത്. ഇവര്‍ ഡല്‍ഹി പോലീസിന് വിവരം കൈമാറുകയായിരുന്നു. തീവ്രവാദ സംഘടനയായ തെഹ്രിക്-ഇ-താലിബാനാണ് ഇമെയിലിന് പിന്നിലെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഡല്‍ഹിയിലെ സരോജ്‌നി മാര്‍ക്കറ്റ് പോലുള്ള പ്രദേശങ്ങളില്‍ സുരക്ഷാനിര്‍ദ്ദേശങ്ങളെ മുന്‍നിര്‍ത്തി പരിശോധന ശക്തമാക്കിയതായും പോലീസ് അറിയിച്ചു  

തെലുങ്കാനയില്‍ തടി ഗോഡൗണില്‍ അഗ്നിബാധ; 11 തൊഴിലാളികള്‍ മരിച്ചു

സെക്കന്തരാബാദ്: തെലുങ്കാനയിലെ സെക്കന്തരാബാദില്‍ തടി ഗോഡൗണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 11 തൊഴിലാളികള്‍ മരിച്ചു. ബിഹാറില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. സക്കന്തരാബാദിലെ ബോയ്ഗുഡിയിലെ തടി ഗോഡൗണിലാണ് സംഭവമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുണ്ടായിരുന്ന ആക്രിക്കടയിലേക്കും തീപടര്‍ന്നു. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ടവരെല്ലാം ഉറങ്ങുകയായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന് സ്ഥലത്തെത്തിയ അഞ്ച് ഫയർ എഞ്ചിനുകളുടെ സഹായത്തോടെയാണ് തീ അണച്ചത്. മൃതദേഹങ്ങൾ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. 10 മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. തടി ഡിപ്പോ ഉടമയുടെ അനാസ്ഥയും സുരക്ഷാ ചട്ടങ്ങളുടെ ലംഘനവുമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി. ആനന്ദ് സംഭവസ്ഥലത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തീപിടിത്തത്തിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു നടുക്കം രേഖപ്പെടുത്തുകയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ…

കൊണ്ടോട്ടിയില്‍ അമിത വേഗതയില്‍ എത്തിയ ടോറസ് ഇടിച്ച് ബസ് മറിഞ്ഞ് യുവതി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫാണ് മരിച്ച വിജി. മൊറയൂരില്‍ നിന്നാണ് വിജി ബസില്‍ കയറിയത്. ബുധനാഴ്ച രാവിലെ 6.15 ഓടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഐവിന്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയില്‍ വന്ന ടോറസ് ലോറി ഇടിച്ച് ബസ് മറിയുകയായിരുന്നു.  

രു ലക്ഷത്തിലേറെ ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യം വിട്ടതായി കുവൈറ്റ് അധികൃതര്‍

കുവൈറ്റ് സിറ്റി : രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികള്‍ കുറഞ്ഞു വരുന്നതായി സ്ഥിതി വിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2019 മുതല്‍ ഏകദേശം 1,40,000 ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യം വിട്ടതായി പ്രാദേശിക അറബിക് ദിനപത്രമായ അല്‍അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. ആറു ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികളാണ് കുവൈറ്റില്‍ ജോലി ചെയ്തുവരുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം കുറവാണ്. കോവിഡ് കാലത്ത് ആയിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യം വിട്ടത്. സലിം കോട്ടയില്‍  

ഹൈക്കമാന്‍ഡും വിലക്കി: സിപിഎം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് തരൂര്‍

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപി. ഇക്കാര്യം സിപിഎമ്മിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിനും കെ.വി. തോമസിനും എഐസിസി അനുമതി നല്‍കിയിരുന്നില്ല. കെപിസിസി നിലപാട് എഐസിസി നേതൃത്വം അംഗീകരിക്കുകയായിരുന്നു. കെ. റെയില്‍ അടക്കമുളള വിഷയങ്ങളില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടുപോകുമ്പോള്‍ നേതാക്കള്‍ സി.പി.എം വേദിയില്‍ എത്തുന്നത് ജനങ്ങളില്‍ ആശയ കുഴപ്പമുണ്ടാക്കുമെന്ന കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ മുന്നറിയിപ്പ് ഹൈക്കമാന്‍ഡ് മുഖവിലയ്‌ക്കെടുത്തു. നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്താല്‍ നടപടി എടുക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, സിപിഎം സംസ്ഥാന സമ്മേളനത്തിലേക്കും തന്നെ ക്ഷണിച്ചിരുന്നുവെന്നും േകാണ്‍ഗ്രസ് അധ്യക്ഷ അനുമതി നല്‍കാത്തതിനാല്‍ താന്‍ പങ്കെടുത്തില്ലെന്നും അതുകൊണ്ട് അക്കാര്യം വാര്‍ത്തയായില്ലെന്നുമാണ് തരൂരിന്റെ നിലപാട്. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്ക് തന്നെ ക്ഷണിച്ചത്…

വ്യാജരേഖ ചമച്ച് കാറ് തട്ടിയെടുക്കാന്‍ ശ്രമം; ഭൂമി തട്ടിപ്പുകേസില്‍ അറസ്റ്റിലായ സുനില്‍ ഗോപിക്കെതിരേ പുതിയ പരാതി

കോയമ്പത്തൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപിക്കെതിരെ പുതിയ പരാതി. ഉപയോഗിക്കാന്‍ നല്‍കിയ കാറ് സ്വന്തം പേരിലാക്കിയെന്നാണ് പരാതി. വ്യാജരേഖയുണ്ടാക്കിയാണ് ഇത് ചെയ്തതെന്നും പരാതിക്കാരന്‍ പറയുന്നു. കാറ് തട്ടിയെടുക്കാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടി സുനില്‍ ഗോപിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സുനില്‍ ഗോപിയുടെ കൂട്ടുപ്രതികള്‍ പണം മടക്കി നല്‍കിയെന്നും 26 ലക്ഷമാണ് പോലീസിന്റെ സാന്നിധ്യത്തില്‍ മടക്കി നല്‍കിയതെന്നും പരാതിക്കാരന്‍ പറയുന്നു. കഴിഞ്ഞ ദിവസം ഭൂമി തട്ടിപ്പുകേസില്‍ സുനില്‍ ഗോപിയെ കോയമ്പത്തൂരില്‍ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന്‍ എന്നയാളുടെ പരാതിയിലാണ് നടപടി. ആധാരം റദ്ദാക്കിയത് മറച്ചുവച്ച് സ്ഥലം വില്‍പ്പന നടത്തി പണം തട്ടിയെന്നാണ് കേസ്.  

കെ.റെയില്‍ കല്ലിടല്‍ തുടരുമെന്ന് എം.ഡി; ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന എതിര്‍പ്പുകള്‍ തള്ളി കെ റെയില്‍ എംഡി കെ.അജിത്ത് കുമാര്‍. നിലവില്‍ നടക്കുന്നത് സ്ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണ്. പദ്ധതി ആരെയാണ് ബാധിക്കുന്നതെന്ന് മനസിലാക്കാന്‍ ഈ സര്‍വേ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ പദ്ധതിയുടെ ഈ ഘട്ടത്തില്‍ ആലോചനയില്ല. മുഴുവന്‍ പണവും നല്‍കിയ ശേഷമേ പദ്ധതിക്കായി സ്ഥലമേറ്റെടുക്കൂവെന്നും കെ റെയില്‍ എംഡി പറഞ്ഞു. സില്‍വര്‍ ലൈന്‍ പാതയുടെ ഇരുവശത്തും പത്ത് മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്ന് കെറെയില്‍ എംഡി വ്യക്തമാക്കി. ഇതില്‍ അഞ്ച് മീറ്ററില്‍ യാതൊരു നിര്‍മാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിര്‍മാണം നടത്താം. ബഫര്‍ സോണ്‍ നിലവിലെ നിയമമനുസരിച്ച് തീരുമാറ്റിച്ചതാണെന്നും അജിത് പറഞ്ഞു. അതേസമയം, സാമൂഹികാഘാത പഠനത്തിന് എന്തിനാണ് കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എം.ഡിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഭൂമിക്ക് നഷ്ടപരിഹാരമായി…