പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ. റെയില്‍ അടക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങില്ല. എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ.റെയില്‍ കല്ലിടലിനെതിരെ കഴിഞ്ഞ ദിവസം കണ്ട പ്രതിഷേധങ്ങള്‍ വികസനത്തിന് എതിരാണ്. നാടിന്റെ പുരോഗതിക്ക് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുന്നു. ബി.ജെ.പിയും സമാന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വീണ്ടും രംഗത്തെത്തി. പദ്ധതിയുടെ അതിരടയാളക്കല്ലുകള്‍ ഇനിയും പിഴുതെറിയും. സ്ത്രീകളും കുട്ടികളുമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. അവരുടെ പോരാട്ടം അത്ഭുതപ്പെടുത്തുന്നുവെന്നും സതീശന്‍ പറഞ്ഞു.

നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധുമാഷ് അന്തരിച്ചു

കോഴിക്കോട്: പ്രമുഖ നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധുമാഷ് (73) അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. നൂറു കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട ‘അമ്മ’ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. അമ്മ, ഇന്ത്യ 1947, പടയണി, കലിഗുല തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍. ഷട്ടര്‍, ലീല തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തുഞ്ചന്‍ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്.

ഭാവനയെ ക്ഷണിച്ചത് താന്‍തന്നെ; ദിലീപിനെ ജയിലില്‍ പോയി കണ്ടത് യാദൃശ്ചികം: സംവിധായകന്‍ രഞ്ജിത്

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂര്‍ത്തം ഉണ്ടാക്കാന്‍ വേണ്ടിയല്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. താനാണ് വ്യക്തിപരമായി ഭാവനയെ ക്ഷണിച്ചത്. അക്കാദമിയിലെ എല്ലാവരുമായി ആലോചിച്ചാണ് ക്ഷണിച്ചത്. സ്വകാര്യത മാനിച്ചാണ് വിവരം രഹസ്യമാക്കി വെച്ചത്. മാധ്യമങ്ങള്‍ നെഗറ്റിവിറ്റിയെ ഹൈലൈറ്റ് ചെയ്ത് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ദിലീപുമായി അടുത്ത ബന്ധമില്ല. ഒരു യാത്രയ്ക്കിടെ യാദൃച്ഛികമായിട്ടാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടതെന്നും രഞ്ജിത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ജയിലില്‍ കാണാന്‍ വേണ്ടി താന്‍ സ്വന്തം നിലയ്ക്ക് പോയതല്ല. സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് പോയത്. കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തു നില്‍ക്കുന്നത് കണ്ട് ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ ആണ് അകത്തു കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്.-…

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിംഗ്; പരാതിയുമായി ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിംഗ്. ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റാംഗിംഗ് നടന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ചയും മെഡിക്കല്‍ കോളജില്‍ നിന്ന് റാഗിംഗ് പരാതി ഉയര്‍ന്നിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാംഗിംഗ് മൂലം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചിരുന്നു. ഫെബ്രുവരി നാലിനും 11നുമിടയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യിച്ചു പീഡിപ്പിച്ചുവെന്ന് കൊല്ലം സ്വദേശി ജിതിന്‍ ജോയി ആണ് പരാതിപ്പെട്ടിരുന്നത്. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തിരുന്നു. ജിതിന്‍ ജോയി നിലവില്‍ മറ്റൊരു മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് പഠനം തുടരുകയാണ്.

കെ.റെയിലിനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്തുകൂടി ട്രെയിന്‍ ഓടിക്കും: പ്രകോപനവുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. കെ റെയിലിനെ എതിര്‍ത്താല്‍, സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്, പദ്ധതി നടപ്പിലാക്കുമെന്ന് വര്‍ഗീസ് പറഞ്ഞു. നെടുങ്കണ്ടത്ത് നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ല് പിഴുതെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ, ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെടുക്കുകയാണ്. കേരളത്തിന്റെ വികസനം തടയാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും വര്‍ഗീസ് ആരോപിച്ചു. നേരത്തെ, സുധാകരന്റെ ജീവന്‍ സി.പി.എമ്മിന്റെ ദാനമാണെന്നു സി.വി വര്‍ഗീസ് പറഞ്ഞത് വിവാദമായിരുന്നു.

‘ഹിന്ദി അറിയുന്നവര്‍ നേതൃത്വത്തിലേക്ക് വരണം’: കെ.സി ഉന്നമിട്ട് കെ. മുരളീധരന്‍

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ലക്ഷ്യമിട്ട് കെ. മുരളീധരന്‍ എംപി. ഹിന്ദി ഭാഷ അറിയുന്നവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരേണ്ടതെന്നാണ് മുരളീധരന്റെ പരാമര്‍ശം. തനിക്ക് ഹിന്ദി വഴങ്ങാത്തതിനാലാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധിക്കാത്തത്. ചെന്നിത്തലക്ക് ഹിന്ദി നന്നായി വഴങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു. ജെബി മേത്തറിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്‍ഡ് എടുത്ത ഉചിതമായ തീരുമാനമെന്നും മുരളീധരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജി-23 നേതാക്കളും കെ.സി വേണുഗോപാലിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഹിന്ദി അറിയാവുന്നവരോ ഉത്തരേന്ത്യയില്‍ നിന്നുള്ളവരോ നേതൃത്വത്തില്‍ വരണമെന്ന് ഭൂപീന്ദര്‍ ഹൂഡ അടക്കം പറഞ്ഞിരുന്നു.

തൃശൂരില്‍ വനിത വസ്ത്രവ്യാപാരശാല ഉടമയെ വെട്ടിക്കൊന്ന പ്രതി തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരശാല ഉടമയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി റിയാസ് ആണ് മരിച്ചത്. ഏറിയാട്ടെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു വസ്ത്രവ്യാപാരിയായ കടയുടമ റിന്‍സിയെ മുന്‍ ജീവനക്കാരനായ റിയാസ് വെട്ടിയത്. എറിയാട് കെവിഎച്ച്എസ് സ്‌കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്രവ്യാപാര സ്ഥാപനം അടച്ച് മക്കളുമൊത്ത് വീട്ടിലേക്കു മടങ്ങവെയായിരുന്നു ആക്രമണം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ റിന്‍സി മരിക്കുകയായിരുന്നു. റിന്‍സിയുടെ കടയിലെ മുന്‍ ജീവനക്കാരനാണ് റിയാസ്. എറിയാട് ബ്ലോക്കിനു സമീപം ബൈക്കിലെത്തിയ പ്രതി റിന്‍സി വന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ മദ്രസ അധ്യാപകരെ കണ്ട് പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായുള്ള പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയില്‍ പ്രതിയെ കണ്ടെത്തിയത്.

സ്വത്ത് തര്‍ക്കം: വീടിനു തീയിട്ടു, മകനടക്കം നാലു പേര്‍ വെന്തുമരിച്ചു; പിതാവ് അറസ്റ്റില്‍

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെ തീവച്ച് കൊന്നു. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ (45), മക്കളായ മെഹ്റ (16), അഫ്‌സാന (14) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാത്രിയില്‍ ഫൈസലും കുടുംബവും ഉറങ്ങവെ ഹമീദ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിന് ശേഷം ഹമീദ് ജനലിലൂടെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ കത്തുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കൊലപാതകം സ്വത്തിനെച്ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഹമീദും മകന്‍ മുഹമ്മദ് ഫൈസലുമായി തര്‍ക്കമുണ്ടായിരുന്നെന്നാണ് സൂചന.

അട്ടപ്പാടി മധു വധക്കേസ്: കോടതിയില്‍ പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 15 പ്രതികളുടെ കുറ്റപത്രം കോടതിയില്‍ വായിച്ചുകേള്‍പ്പിച്ചതായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രന്‍. ഒന്നു മുതല്‍ 11 വരെയും 13 മുതല്‍ 16 വരെയുമുള്ള പ്രതികളുടെ കുറ്റപത്രമാണു വായിച്ചത്. അസുഖത്തെ തുടര്‍ന്ന് 12ാം പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. 29നു കേസ് പരിഗണിക്കുന്‌പോള്‍ ഈ പ്രതിയുടെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിലെത്തിയിരുന്നു. കുറ്റപത്രം കേട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയില്‍ പൊട്ടിക്കരഞ്ഞു. മണ്ണാര്‍ക്കാട് പട്ടികജാതി – പട്ടികവര്‍ഗ പ്രത്യേക കോടതിയിലാണു കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. മധുവിന്റെ പേരില്‍ മോഷണക്കുറ്റം ആരോപിക്കുകയും മാരകായുധങ്ങളും മറ്റും ഉപയോഗിച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മലയില്‍ നിന്ന് അര്‍ധനഗ്‌നനായി എത്തിച്ച് പ്രതികള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു, കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലുള്ള മധുവിനെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും കുറ്റപത്രത്തിലുണ്ട്.…

അഡ്വ. ജെബി മേത്തര്‍ കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥനാര്‍ഥിക്കു വേണ്ടിയുള്ള കാത്തിരിപ്പിന് പരിസമാപ്തി. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയാകും. ജെബി മേത്തറുടെ സ്ഥാനാര്‍ഥിത്വത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി. ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. റോബര്‍ട്ട വദ്രയുടെ വിശ്വസ്തനായ ശ്രീനിവാസന്‍ കൃഷ്ണനെ പ്രിയങ്ക ഗാന്ധി നിര്‍ദേശിച്ചപ്പോള്‍ എം.ലിജുവിന്റെ പേരാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ മുന്നോട്ടുവച്ചത്. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കുന്നതും കെ.പി.സി.സി അധ്യക്ഷന്‍ ഒരാള്‍ക്കു വേണ്ടി പക്ഷം പിടിച്ചതും ഗ്രൂപ്പുകള്‍ ശക്തമായി എതിര്‍ത്തിരുന്നു. ജെബി, ലിജു, ജെയ്‌സണ്‍ ജോസഫ് എന്നിവരുടെ പേരാണ് അന്തിമ പട്ടികയില്‍ കെ.പി.സി.സി മുന്നോട്ടുവച്ചത്. ഇതില്‍ നിന്നാണ് ഹൈക്കമാന്‍ഡിന്റെ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തുനിന്ന് ഒഴിവുവരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടിടത്ത് മത്സരിക്കുന്ന സി.പി.എം, സി.പി.ഐ കക്ഷികള്‍…