യുക്രെയിന്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം – പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്

 

യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രെയിനില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ ഏവരും പ്രാര്‍ത്ഥിക്കണമെന്ന് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ആഹ്വാനം ചെയ്തു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന സുന്നഹദോസ് ഇന്നലെ സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് യോഗങ്ങളില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുത്തു.

കോലഞ്ചേരി അസ്സോസിയേഷനില്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്കുളള തെരഞ്ഞെടുക്കപ്പെട്ടവരെ സുന്നഹദോസ് അംഗീകരിച്ചു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയായി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായെ നിശ്ചയിച്ചു. സഭയിലെ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രധാന ചുമതലക്കാരായി മെത്രാപ്പോലീത്താമാരെ നിശ്ചയിച്ചു.
കോട്ടയം-നാഗ്പൂര്‍ വൈദിക സെമിനാരികള്‍, പരുമല സെമിനാരി, പരുമല ആശുപത്രി, എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ടമെന്റ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് സുന്നഹദോസ് അംഗീകരിച്ചു. സഭയുടെ ബി ഷെഡ്യൂളില്‍പ്പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റുകള്‍ സുന്നഹദോസ് അംഗീകരിച്ചു. ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, കുറിയാക്കോസ് മാര്‍ ക്ലീമീസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ ധ്യാനയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഫാ. മോഹന്‍ ജോസഫ് (പി.ആര്‍.ഒ)

 

Print Friendly, PDF & Email

Leave a Comment

More News