യെമൻ പൗരന്റെ കൊലപാതകം: വധശിക്ഷയ്‌ക്കെതിരായ മലയാളി നഴ്‌സിന്റെ ഹർജിയിൽ വിധി പറയുന്നത് യെമൻ കോടതി മാറ്റിവച്ചു

2017ൽ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്കെതിരെ മലയാളി നഴ്‌സ് നിമിഷ പ്രിയ (33) നൽകിയ അപ്പീലിൽ വിധി പറയുന്നത് യെമൻ കോടതി മാറ്റിവച്ചു. ഇത് രണ്ടാം തവണയാണ് വിധി പറയുന്നത് മാറ്റിവയ്ക്കുന്നത്. ജഡ്ജി കോടതിയില്‍ എത്താതിരുന്നതിനാലാണ് ഹര്‍ജി മാറ്റിയത്.

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ 2017-ൽ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളിയ കേസിലാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. യെമനിലെ ഒരു വിചാരണ കോടതി 2018-ൽ വധശിക്ഷ വിധിച്ചിരുന്നു. തനിക്ക് ശരിയായ നിയമസഹായം ലഭിച്ചില്ലെന്നും തലാൽ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി നിമിഷ പിന്നീട് ഹര്‍ജി നല്‍കുകയായിരുന്നു.

ഏറെ പ്രതീക്ഷകളോടെയാണ് നിമിഷപ്രിയയും ബന്ധുക്കളും വിധിക്കായി കാത്തിരുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചതിന് പിന്നാലെ നിമിഷയുടെ വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യവുമായി മരിച്ച തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കള്‍ കോടതിക്കു മുമ്പാകെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

സ്ത്രീ എന്ന പരിഗണന നല്‍കി വിട്ടയയ്ക്കണമെന്നും വധശിക്ഷയില്‍ ഇളവ് അനുവദിക്കുകയെങ്കിലും ചെയ്യണമെന്നാണ് നിമിഷയുടെ അഭ്യര്‍ഥന. യെമനിലുള്ള ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

2017 ജൂലൈയിലാണ് നിമിഷയുടെ സനയിലെ ക്ലിനിക്കിന്റെ പങ്കാളി കൊല്ലപ്പെടുന്നത്. കടുത്ത പീഡനങ്ങള്‍ സഹിക്കാതെ നിമിഷയും സഹ പ്രവര്‍ത്തക ഹനാനും കൂടി കൊലപ്പെടുത്തിയതാണ് എന്നാണ് കേസ്.

യെമനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു നിമിഷ. 2014ൽ യെമനിൽ സ്വന്തമായി ക്ലിനിക്ക് സ്ഥാപിക്കാൻ തലാലിന്റെ സഹായം തേടിയിരുന്നു. രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച്, ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ലൈസൻസ് പ്രോസസ്സ് ചെയ്യുന്നതിന് ഒരു യെമൻ പൗരന്റെ സഹായം ആവശ്യമായതിനാലാണ് നിമിഷ തലാലിനെ സമീപിച്ചത്. അക്കാലത്ത് യെമനിൽ ജോലി ചെയ്തിരുന്ന നിമിഷയുടെയും ഭർത്താവ് ടോണിയുടെയും പരിചയക്കാരനായിരുന്നു തലാല്‍. എന്നാൽ, സാമ്പത്തിക പ്രശ്നമുണ്ടായതിനാല്‍ 2014ൽ ടോണിക്ക് കുട്ടിയുമായി കേരളത്തിലേക്ക് മടങ്ങേണ്ടി വന്നു.

2015ൽ നിമിഷ ക്ലിനിക്ക് തുടങ്ങിയെങ്കിലും ലൈസൻസിനായി തലാലിന്റെ സഹായം സ്വീകരിച്ചില്ല. നിമിഷ ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമ അബ്ദുൾ ലത്തീർ എന്നയാൾ ലൈസൻസിന് സഹായിക്കുകയും ക്ലിനിക്കിൽ 33 ശതമാനം ഓഹരി എന്ന നിബന്ധനയില്‍ പണം നല്‍കുകയും ചെയ്തു.

എന്നാല്‍, ക്ലിനിക്കിൽ നിന്ന് വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. തലാൽ ഇടപെട്ട് വരുമാനത്തിന്റെ വിഹിതം ആവശ്യപ്പെട്ടു. വ്യാജ വിവാഹ രേഖകൾ ഉണ്ടാക്കി നിമിഷ തന്റെ ഭാര്യയാണെന്ന് എല്ലാവരേയും ധരിപ്പിച്ചു. തന്നെയുമല്ല, അയാൾ നിമിഷയെ ഭീഷണിപ്പെടുത്താനും ശാരീരികമായി പീഡിപ്പിക്കാനും തുടങ്ങി. അയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നാണ് നിമിഷയുടെ ആരോപണം. നിമിഷ പോലീസിൽ പരാതിപ്പെടുകയും തലാലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ, എന്നാൽ പിന്നീട് വിട്ടയച്ചു. 2016-ൽ സ്ഥിതി കൂടുതൽ വഷളാവുകയും തലാല്‍ നിമിഷയുടെ പാസ്‌പോർട്ട് കൈക്കലാക്കുകയും ചെയ്തു.

2017 ജൂലൈയിൽ പാസ്‌പോർട്ട് വീണ്ടെടുക്കുന്നതിനായി നിമിഷ തലാലിന് മയക്കമരുന്ന് കുത്തിവച്ചു. മയക്കുമരുന്ന് അമിതമായതിനെത്തുടര്‍ന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ തലാല്‍ മരിച്ചു. നിമിഷ തന്റെ കൂടെ ജോലി ചെയ്തിരുന്ന ഹനാന്‍ എന്ന യെമനിയുടെ സഹായം തേടി. ഇരുവരും ചേര്‍ന്ന് താലാലിന്റെ മൃതദേഹം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ നിക്ഷേപിച്ചു എന്നാണ് കേസ്. 2017 ഓഗസ്റ്റിലാണ് ഹനാനും നിമിഷയും അറസ്റ്റിലായത്. ഹനാനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നിമിഷപ്രിയയെ വധശിക്ഷയ്ക്കും വിധിച്ചു.

Print Friendly, PDF & Email

Leave a Comment

More News