ഉക്രെയിനില്‍ നിന്ന് എല്ലാ ഇന്ത്യൻ പൗരന്മാരേയും സുരക്ഷിതമായി ഒഴിപ്പിക്കും: കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: ഉക്രെയ്‌നിൽ പ്രതിസന്ധിയിലായ ഇന്ത്യൻ പൗരന്മാരെ എങ്ങനെയാണ് സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതെന്ന് ഓപ്പറേഷൻ ഗംഗയുടെ കീഴിൽ റൊമാനിയയിൽ മുൻകൈയെടുത്ത കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരിച്ചു.

മുഴുവൻ ഒഴിപ്പിക്കൽ പദ്ധതിയും നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്ന് മന്ത്രി സിന്ധ്യ അറിയിച്ചു. ആദ്യത്തേത്, ഉക്രെയ്നിൽ നിന്ന് എല്ലാ വിദ്യാർത്ഥികളെയും അയൽരാജ്യത്തിന്റെ അതിർത്തികളിലേക്ക് കൊണ്ടുവരിക എന്നതാണ്, രണ്ടാമത്തേത് അതിർത്തി കടന്ന് അയൽ രാജ്യത്തേക്ക് കടക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ്. അയല്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് അവരെ വിമാനത്താവളങ്ങളിലെത്തിക്കുന്നതാണ് മൂന്നാമത്തെ ഭാഗം, അവരെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതാണ് നാലാമത്തേത്.

അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ബുക്കാറെസ്റ്റിൽ നിന്ന് 3500 വിദ്യാർത്ഥികളും, സുസെവയിൽ നിന്ന് 1300 ഓളം വിദ്യാർത്ഥികളും ഇന്ത്യയിലേക്ക് വരുമെന്നും മന്ത്രി അറിയിച്ചു. നാളെ മന്ത്രി സിന്ധ്യ സിററ്റ് ബോർഡറിലേക്ക് പോകുകയും ഓരോ ഇന്ത്യക്കാരെയും സിററ്റിൽ നിന്ന് ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു ദിവസം അവിടെ തങ്ങുകയും ചെയ്യും.

റൊമാനിയയിലെ സുസേവ നഗരത്തിൽ നിന്ന് വിമാനങ്ങൾ ഇറങ്ങുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ വിജയകരമാണെന്നും വ്യാഴാഴ്ച, അതായത് മാർച്ച് 4 ന് സുസേവയിൽ നിന്ന് രണ്ട് വിമാനങ്ങൾ പുറപ്പെടുമെന്നും മന്ത്രി സിന്ധ്യ അറിയിച്ചു. ബുക്കാറെസ്റ്റിൽ നിന്നുള്ള വിമാനത്തെ അപേക്ഷിച്ച് വിമാന യാത്രാ സമയം 6 മണിക്കൂർ കുറയ്ക്കാൻ ഇത് സഹായിക്കും.

ഇന്ത്യൻ വിദ്യാർത്ഥികളെ ഏകോപിപ്പിക്കുന്നതിനായി ഞങ്ങൾ രണ്ട് കോൾ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട് — ഒന്ന് ബുക്കാറെസ്റ്റിലും മറ്റൊന്ന് സൈററ്റിലും (റൊമാനിയ) എന്ന് വ്യോമയാന മന്ത്രി പറഞ്ഞു.

“ഇന്നലെ ഞാൻ 300-400 ഇന്ത്യൻ വിദ്യാർത്ഥികളെ വിമാനത്താവളത്തിൽ കണ്ടുമുട്ടി. അവർ ഒരുപാട് പരീക്ഷണങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയുമാണ് കടന്നുപോയത്. അവരെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചയക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്,”ഇന്ത്യൻ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി സിന്ധ്യ പറഞ്ഞു.

ബുധനാഴ്ച അദ്ദേഹം റൊമാനിയയിൽ റൊമാനിയൻ പ്രധാനമന്ത്രി നിക്കോളാ സിയുക്കയെ കാണുകയും ഉക്രെയ്നിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ സഹായിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News