അമ്മൂമ്മയ്‌ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്ന കാമുകന്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

കൊച്ചി: കലൂരിലെ സ്വകാര്യ ഹോട്ടലില്‍ അമ്മൂമ്മയുടെ കാമുകന്‍് ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. സംഭവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസ് എന്നയാളെ പോലീസ് പിടികൂടി. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍വച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

പാല്‍ കുടിച്ചപ്പോള്‍ കുട്ടി ഛര്‍ദിച്ചെന്നുപറഞ്ഞാണ് അമ്മൂമ്മ സിപ്‌സിയും സുഹൃത്ത് ജോണും ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുംമുന്‍പേ കുട്ടി മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ഇതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മൂമ്മയേയും കാമുകനെയും ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് വെളിവായത്. പോസ്റ്റുമോര്‍ട്ടത്തില്‍, കുട്ടി മരിച്ചത് വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തിയിരുന്നു.

പ്രതി ജോണ്‍ ബിനോയ് ഡിക്രൂസ് സംഭവത്തിന് പിന്നാലെ സ്വന്തം അമ്മയോട് കുറ്റസമ്മതം നടത്തിയിരുന്നതായി പോലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് ജോണ്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യങ്ങള്‍ അമ്മയോട് പറഞ്ഞത്. പിന്നീട് പോലീസ് സ്റ്റേഷനില്‍ വിളിച്ച് അമ്മ തന്നെയാണ് ഇക്കാര്യങ്ങള്‍
പോലീസിനെ അറിയിച്ചതെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു.

അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെ പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും പോലീസിനെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തിയതായും നാഗരാജു പറഞ്ഞു.

സിപ്സി കുഞ്ഞിനെ ജോണിനെ ഏല്‍പ്പിച്ച് അര്‍ധരാത്രി ഹോട്ടലില്‍നിന്ന് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. സ്ഥിരമായി ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ട്. ഇയാള്‍ മര്‍ദ്ദിക്കുന്നതായി കാണിച്ച് സിപ്സി പോലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും പരാതി നല്‍കാറുണ്ട്. ഈ മുന്‍വൈരാഗ്യം കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമായെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. കുട്ടി അനക്കമില്ലാതെ കിടക്കുകയാണെന്ന് പ്രതി തന്നെയാണ് സിപ്സിയെ വിളിച്ചുപറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍
പുലര്‍ച്ചെ രണ്ടരയോടെ സിപ്സി ഹോട്ടലിലെത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയയത്. കൊലപാതകത്തിന് പിന്നില്‍ ജോണ്‍ മാത്രമാണെന്നാണ് നിലവിലെ നിഗമനം. സിപ്സിക്കും കൃത്യത്തില്‍ പങ്കുണ്ടോയെന്നത് അടക്കമുള്ള കൂടുതല്‍ കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും നാഗരാജു അറിയിച്ചു

കഴിഞ്ഞ ശനിയാഴ്ചയാണ് സിപ്സിയും കാമുകനും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഇവര്‍ക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് ജീവനക്കാര്‍ പറയുന്നത്. കുഞ്ഞിന്റെ അമ്മ വിദേശത്തായിരുന്നു.കുട്ടികളുടെ പിതാവായ സിപ്സിയുടെ മകന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും സിപ്സിയാണ് പരിചരിച്ചിരുന്നത്.. കുഞ്ഞിന്റെ മരണ വാര്‍ത്ത അറിഞ്ഞ് അമ്മ നാട്ടിലെത്തി.

 

Print Friendly, PDF & Email

Leave a Comment

More News