ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

ശൈഖ് തഹ്‌നൂനൊപ്പം ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ (ഫയൽ ഫോട്ടോ)

കോഴിക്കോട്: അബുദാബി രാജകുടുംബാംഗവും അൽഐൻ ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് ആൽ നഹ്‌യാന്റെ വിയോഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുശോചനമറിയിച്ചു. ആധുനിക എമിറേറ്റ്സ് കെട്ടിപ്പടുക്കുന്നതിൽ സവിശേഷ പങ്കുവഹിച്ച ശൈഖ് തഹ്‌നൂനുമായി ഏറെ നാളത്തെ വ്യക്തിബന്ധമാണ് തനിക്ക് ഉണ്ടായിരുന്നത്. ഇന്ത്യയും യു എ ഇയുമായുള്ള ബന്ധം അഭിവൃദ്ധിപ്പെടുത്തുന്നതിൽ കാര്യമായ ഇടപെടലുകൾ നടത്തുകയും കൂടിക്കാഴ്ചകളിൽ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമ സംബന്ധമായി പലപ്പോഴും അദ്ദേഹം സംസാരിക്കുകയും ചെയ്തു.

നന്മ നിറഞ്ഞ പ്രവർത്തനങ്ങളെയും സാമൂഹ്യക്ഷേമ പദ്ധതികളെയും അങ്ങേയറ്റം സ്നേഹിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്യുന്ന ശൈഖ് തഹ്‌നൂന്റെ വിയോഗം അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതാണ്. രാജകുടുംബത്തിന്റെയും യു എ ഇ ജനതയുടെയും പ്രവാസി ഇന്ത്യക്കാരുടെയും വേദനയിൽ പങ്കുചേരുന്നു. പരലോക ജീവിതം സന്തോഷകരമാവാനും കുടുംബാംഗങ്ങൾക്ക് ക്ഷമയും സമാധാനവും ഉണ്ടാവാനും പ്രാർഥിക്കുന്നുവെന്നും ഗ്രാൻഡ് മുഫ്തി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യക്കാരെ അങ്ങേയറ്റം സ്നേഹിക്കുകയും വിവിധ പദ്ധതികൾക്ക് പിന്തുണ നൽകുകയും ചെയ്ത ശൈഖിന്റെ വിയോഗത്തെ തുടർന്ന് യു എ ഇ പ്രഖ്യാപിച്ച ദുഃഖാചരണത്തിൽ എല്ലാ പ്രവാസികളും പങ്കാളികളാകാനും ഇന്ത്യയിലെ വിവിധ പള്ളികളിലും മദ്റസകളിലും മതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും പ്രാർഥന നടത്താനും ഗ്രാൻഡ് മുഫ്തി ആഹ്വാനം ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News