ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റമുണ്ടാകണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസ്സോസിയേഷന്‍

കൊച്ചി: സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ അടിയന്തരമായുണ്ടാകണമെന്നും സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് എല്ലാവിധ സഹകരണവുമേകുമെന്നും കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളും നൂതന അറിവുകളും വിവിധങ്ങളായ പദ്ധതികളും സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവകാശപ്പെട്ടതാണെന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജ് വിദ്യാര്‍ത്ഥികള്‍ എന്ന വേര്‍തിരിവ് നീതീകരണമില്ലാത്തതാണ്. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ പദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കണം.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളായി വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സ്വാശ്രയ മാനേജുമെന്റുകളുമായി വിവിധ വിദ്യാഭ്യാസപദ്ധതി രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കുമെന്നും, സാങ്കേതിക സര്‍വ്വകലാശാലയും ഉന്നതവിദ്യാഭ്യാസവകുപ്പും കേന്ദ്ര സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഏജന്‍സികളുമായി സഹകരിച്ച് സെമിനാറുകളും ദേശീയതല കോണ്‍ഫ്രന്‍സുകളും സംഘടിപ്പിക്കുവാനും അസോസിയേഷന്‍ തീരുമാനിച്ചു.

പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, ലീഗല്‍ അഡൈ്വസര്‍ അഡ്വ. കുര്യന്‍ ജോര്‍ജ് കണ്ണന്താനം, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ വിവിധ വിഷയാവതരണങ്ങള്‍ നടത്തി.

റവ.ഫാ. ജോണ്‍ വിളയില്‍, ഫാ. റോയി വടക്കന്‍, ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, മോണ്‍.തോമസ് കാക്കശ്ശേരി, മോണ്‍. വില്‍ഫ്രഡ് ഇ., മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, ഫാ.പോള്‍ നെടുമ്പുറം, ഫ്രാന്‍സീസ് ജോര്‍ജ് എക്‌സ് എം.പി., റവ. ഡോ.ജോസ് കണ്ണമ്പുഴ, ഫാ. ജോര്‍ജ് പാറമേന്‍, റവ. ഡോ. റ്റോമി ജോസഫ് പടിഞ്ഞാറേവീട്ടില്‍, ഫാ. ജെയിംസ് ചെല്ലങ്കോട്ട് , ഫാ. മാത്യു അറേക്കളം സിഎംഐ, ഫാ. ജസ്റ്റിന്‍ ആലുങ്കല്‍, ഫാ. ജോണ്‍ പാലിയക്കര സിഎംഐ, ഫാ. ജോര്‍ജ് റബയ്‌റോ എന്നിവര്‍ സംസാരിച്ചു.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ വന്നിരിക്കുന്ന ആനുകാലിക മാറ്റങ്ങളുെട പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കീം പ്രവേശനപരീക്ഷ സമ്പ്രദായം നിലവിലുള്ള 50:50 അനുപാതമെന്ന അഡ്മിഷന്‍ പാറ്റേണ്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നും ഇതരസംസ്ഥാനങ്ങളിലെ അഡ്മിഷന്‍ മാനദണ്ഡങ്ങളും എഐസിറ്റിഇ നിര്‍ദ്ദേശങ്ങളും പരിഗണിക്കണമെന്നും സമ്മേളനം അഭ്യര്‍ത്ഥിച്ചു.

റവ.ഡോ. മാത്യു പായിക്കാട്ട്, പ്രസിഡന്റ്

Print Friendly, PDF & Email

Leave a Comment

More News