ഒക്ലഹോമ വിമാനാപകടം; പൈലറ്റ് ഉള്‍പ്പടെ മൂന്നു മരണം

പോണ്ട്ക്രീക്ക് (ഒക്ലഹോമ): നോര്‍ത്ത് വെസ്റ്റേണ്‍ ഒക്ലഹോമയിലുണ്ടായ വിമാനാപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു.

പൈലറ്റ് വില്യം ബില്‍ (58), ഭാര്യ ക്രിസ്റ്റി ബില്‍ (58), മകള്‍ റീഗന്‍ (21) എന്നിവരാണ് മരിച്ചതെന്ന് ഒക്ലഹോമ ഹൈവേ പെട്രോള്‍ സംഘം അറിയിച്ചു. ഇവര്‍ നെബ്രാസ്‌ക സ്വദേശികളാണ്.

മാര്‍ച്ച് 17 നു വൈകുന്നേരം നാലോടെ ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം ഒക്ലഹോമ സിറ്റിയില്‍നിന്നും 129 കിലോമീറ്റര്‍ അകലെ പോണ്ട് ക്രിക്കില്‍ നിയന്ത്രണം വിട്ട് അതിവേഗം നിലത്തുപതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളാണ് വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

മില്‍ഫോര്‍ഡിലെ ലോന്പര്‍ ഫ്യൂണറല്‍ ആന്‍ഡ് ക്രിമേഷന്‍ സര്‍വീസ് ഉടമയാണ് വില്യം. ടെക്‌സസില്‍ താമസിക്കുന്ന മകളെ സന്ദര്‍ശിച്ച ശേഷം മടങ്ങുന്‌പോഴാണ് കുടുംബം അപകടത്തില്‍പെട്ടത്.

അപടത്തെകുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ദേശിയ സുരക്ഷാ ബോര്‍ഡും സംയുക്തമായി അന്വേഷണം ആരംഭിച്ചു. എയര്‍ക്രാഫ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ലെന്നും രണ്ടാഴ്ചക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുമെന്നും എന്‍ടിഎസ്ബി വക്താവ് എറിക് വിയ്‌സ് പറഞ്ഞു. അതേസമയം 1967 പൈപ്പര്‍ പിഎ-30 ഇരട്ട എന്‍ജിന്‍ വിമാനമാണ് തകര്‍ന്നുവീണതെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.

Print Friendly, PDF & Email

Leave a Comment

More News