ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലേക്കുള്ള വാർഷിക പരീക്ഷ നാളെ (മാര്‍ച്ച് 23 ബുധന്‍) മുതൽ

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം മൂലം നേരിട്ട പ്രതിസന്ധിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ (ബുധനാഴ്ച) സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതും. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള വാർഷിക പരീക്ഷ നാളെ ആരംഭിക്കും. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ വർക്ക് ഷീറ്റ് രൂപത്തിലാണ് വാർഷിക ചോദ്യപേപ്പർ തയ്യാറാക്കിയിരിക്കുന്നത്. 5 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് ചോദ്യപേപ്പറുകൾ നൽകി വാർഷിക മൂല്യനിർണയം നടത്തും.

കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ചോദ്യപേപ്പറാണ് തയാറാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുട്ടികളെ മാനസികമായി തയാറെടുക്കുന്നതിനുവേണ്ടിയാണ് പരീക്ഷ. അടുത്ത അധ്യയന വർഷം മുതൽ സ്‌കൂളുകളുടെ പ്രവർത്തനത്തിന് മാർഗരേഖ തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.എല്‍.പി ക്ലാസിലെ കുട്ടികള്‍ പരീക്ഷ ദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. 5 മുതല്‍ 7 വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8, 9 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങളും ഉണ്ടാകും.

എല്ലാ പാഠങ്ങളിൽ നിന്നും ചോദ്യങ്ങളുണ്ടാകുമെങ്കിലും ആദ്യ ഭാഗത്തിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 8,9 ചോദ്യപേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേതിന് സമാനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂളിൽ പോകാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈനായി പരീക്ഷ എഴുതാം. 34,37,570 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. സംസ്ഥാന സിലബസിലെ പത്താം ക്ലാസ് പരീക്ഷ മാർച്ച് 31ന് ആരംഭിക്കും.

Print Friendly, PDF & Email

Leave a Comment

More News