യു.ഡി.എഫ് പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് മാണി സി.കാപ്പന്‍; നിഷേധിച്ച് സതീശനും ജോസഫും

കോട്ടയം: യു.ഡി.എഫ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മാണി സി.കാപ്പന്‍ എം.എല്‍.എ. യു.ഡി.എഫ് വേദികളില്‍ തന്നെ സ്ഥിരമായി തഴയുന്നു. അഭിപ്രായ വ്യത്യാസമില്ലെങ്കിലും മുട്ടില്‍ മരംമുറി, ഗവര്‍ണറെ കണ്ട് പാതിപ്പെട്ടാന്‍ പോയതും മാടപ്പള്ളി പ്രതിഷേധം അടക്കം മുന്നണി നേതൃത്വം നല്‍കിയ പ്രധാനപ്പെട്ട പല കാര്യങ്ങളും അറിയിക്കുന്നില്ല. കോട്ടയം ജില്ലയില്‍ നടന്ന പ്രതിഷേധമായിട്ടും തന്നെ വിളിച്ചില്ല. ഒരു നേതാവിനു മാത്രമാണ് പ്രശ്‌നമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പരോക്ഷ വിമര്‍ശനവുമായി കാപ്പന്‍ പറഞ്ഞു.

കെ.സുധാകരന്‍ വളരെ നന്നായി കൊണ്ടുപോകുന്നുണ്ടെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. സതീശന്‍ അസംബ്ലിയില്‍ നിന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. പക്ഷേ എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോകുന്നതില്‍ ചെറിയ പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. -കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കാപ്പന്‍ അങ്ങനെ പരാതി ഉന്നയിച്ചതായി അറിയില്ലെന്നായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. ‘ ഞാനാണ് യു.ഡി.എഫ് ചെയര്‍മാന്‍. എല്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നത് പോലെയല്ല യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. യു.ഡി.എഫിന്റെ രീതി വേറെയാണ്. മാണി സി.കാപ്പന് ഇത് പരിചിതമല്ലാത്തത് കൊണ്ട് തോന്നുന്നതാകാം.’ – അദ്ദേഹം പറഞ്ഞു. പരാതി തന്നോടാണ് ഉന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ യു.ഡി.എഫ് കണ്‍വീനറോട് ഉന്നയിക്കണം. പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്, അങ്ങനെ ചെയ്യാന്‍ പാടില്ല. അദ്ദേഹത്തെ കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ട് മാത്രമാണ് അറിയിക്കാതിരുന്നത്. എല്ലാ
നേതാക്കന്മാരേയും ഒരുപോലെയാണ് വിളിക്കുന്നത്. എന്തുപരാതിയുണ്ടെങ്കിലും പരിശോധിക്കും. ഘടകകക്ഷികളുടെ വലിപ്പ ചെറുപ്പം നോക്കിയല്ല കോണ്‍ഗ്രസ് പെരുമാറുന്നതെന്നും സതീശന്‍ പറഞ്ഞു.

കാപ്പന്റെ പരാമര്‍ശം തള്ളി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. രംഗത്തെത്തി കാപ്പനുണ്ടായ ബുദ്ധിമുട്ട് ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ടതാണ്. യുഡിഎഫിന്റെ പ്രവര്‍ത്തനം നന്നായി പോകുന്നുണ്ടെന്നും കേരള കോണ്‍ഗ്രസിന് പരാതികളൊന്നും ഇല്ലെന്നും ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ മദ്യനയം തീര്‍ത്തും നിരാശാജനകമാണ്. സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത വര്‍ധിക്കാനെ പുതിയ മദ്യനയം ഉപകരിക്കൂ എന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.

 

Print Friendly, PDF & Email

Leave a Comment

More News