പട്ടാമ്പി കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പട്ടാമ്പി ഗവ. സംസ്കൃത കോളേജ് ഫ്രറ്റേണിറ്റി യൂണിറ്റ് ഭാരവാഹികൾ പ്രിൻസിപ്പലിന് നിവേദനം നൽകുന്നു

പാലക്കാട്: കേരളത്തിൽ തന്നെ ഏറ്റവും വലിയ കെട്ടിടമുള്ള സർക്കാർ കോളേജായ എസ്.എൻ.ജി.എസ് കോളേജ് പട്ടാമ്പിയിൽ അടുത്ത അദ്ധ്യയന വർഷത്തേക്ക് പുതിയ ഡിഗ്രി, പി.ജി കോഴ്സുകൾ അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പുതിയ സയൻസ് ബ്ലോക്കും ഐ.ടി ഹബ്ബും അടക്കമുള്ള വികസനങ്ങൾ കൂടി വന്നതോടെ സർവകലാശലക്ക് തുല്യമായ സൗകര്യങ്ങൾ കോളേജിലുണ്ട്. എന്നാൽ, ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുതകുന്ന കോഴ്സുകൾ അവിടെയില്ല പുതിയ പല കോഴ്സുകളും അനുവദിക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും അനുവദിക്കപ്പെട്ടിട്ടില്ല. പുതിയ സയൻസ് ബ്ലോക്ക് നിലവിൽ വന്നതിനാൽ കോളേജിൽ തന്നെയുള്ള ഫിസിക്സ്‌ സബ്ജക്റ്റിൽ പി.ജി അനുവദിക്കണം. ഐ.ടി ഹബ്ബിന്റെ പ്രയോജനം ഉപയോഗപ്പെടുത്തി പുതിയ സാധ്യതകൾ തുറക്കപ്പെടണം.

യൂണിവേഴ്സിറ്റി തലത്തിൽ നിരന്തരം റാങ്കും നൂറുമേനിയും കൊഴിയുന്ന ബി.എ അറബിക്കിന് ശേഷം പഠിക്കാനുള്ള പി.ജി കോഴ്സു പോലും എസ്.എൻ.ജി.എസിൽ എന്നല്ല പാലക്കാട് ജില്ലയിൽ തന്നെ എവിടെയും ഇല്ല. കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്‌, ഹിസ്റ്ററി വിഷയങ്ങളിൽ പുതിയ കോഴ്സുകളും കോളേജിൽ അനുവദിക്കപ്പെടേണ്ടതുണ്ട്.

പുതിയ കോഴ്സുകൾ അനുവദിച്ചു കിട്ടാനായി സർക്കാറിനോട് ആവശ്യപ്പെട്ട് വേണ്ട ഇടപെടലുകൾ നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഫ്രറ്റേണിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി പ്രിൻസിപ്പലിന് നിവേദനം നൽകി. വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News