യുഎസ് വനിതാ നാഷണല്‍ ടീം മുന്‍ ഗോള്‍കീപ്പര്‍ മദ്യപിച്ചു വാഹനം ഓടിച്ച കേസില്‍ അറസ്റ്റില്‍

നോര്‍ത്ത് കരോളിന: യുഎസ് വനിതാ ദേശീയ ടീം മുന്‍ സ്റ്റാര്‍ ഗോള്‍കീപ്പര്‍ ഹോപ് സോളോ (41) മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് പിടിയിലായി. ആല്‍ക്കഹോളിന്റെ അളവ് പരിശോധിക്കണമെന്ന പോലീസിന്റെ ആവശ്യം നിരാകരിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.

മാര്‍ച്ച് 31നായിരുന്നു സംഭവം. വിന്‍സ്റ്റണ്‍ സാലേം ഷോപ്പിംഗ് സെന്ററിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ സ്വന്തം കാറിനകത്ത് മദ്യപിച്ചു അബോധാവസ്ഥയിലായ നിലയിലാണ് ഇവരെ പോലീസ് കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഇരട്ടകുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കുട്ടികള്‍ക്ക് രണ്ടു വയസ് മാത്രമായിരുന്നു പ്രായം.

പോലീസിന്റെ ഉത്തരവിനെ ധിക്കരിച്ചതിനും ചൈല്‍ഡ് അബ്യൂസിനും ഇവര്‍ക്കെതിരെ കേസെടുത്ത് ജയിലിലടച്ചു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ജൂണ്‍ 28നു ഇവര്‍ കോടതിയില്‍ ഹാജരാകണം. 2014 ല്‍ ഇവര്‍ക്കെതിരെ കുടുംബകലഹത്തിനു കേസുണ്ട്.

യുഎസ് ദേശീയ ടീമില്‍ 202 തവണ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 153 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഗോള്‍വലയം കാത്തുസൂക്ഷിച്ചത് ഹോപ് സോളോ ആയിരുന്നു. ഇവര്‍ ഉള്‍പ്പെട്ട ടീം വേള്‍ഡ് കപ്പും രണ്ടു ഒളിന്പിക്‌സ് കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ജനുവരിയില്‍ ഇവരെ യുഎസ് സോക്കര്‍ ഹാള്‍ ഓഫ് ഫെയിം ആയി തിരഞ്ഞെടുത്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News