വധശിക്ഷക്ക് ഫയറിംഗ് സ്‌ക്വാഡ്; സൗത്ത് കരോളൈനയില്‍ ആദ്യ വധശിക്ഷ ഏപ്രില്‍ 29 ന്

സൗത്ത് കരോളൈന: രണ്ടു പതിറ്റാണ്ടിലധികമായി വധശിക്ഷയും കാത്തു ജയിലില്‍ കഴിയുന്ന റിച്ചാര്‍ഡ് ബെര്‍നാര്‍ഡ് മൂറി (57)ന്റെ വധശിക്ഷ ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് ഏപ്രില്‍ 29 നു നടപ്പാക്കണമെന്ന് സ്റ്റേറ്റ് സൂപ്രീം കോടതി ക്ലാര്‍ക്ക് അറിയിച്ചു.

1999 ല്‍ സ്പാര്‍ട്ടല്‍ ബെര്‍ഗിലെ കണ്‍വീനിയന്‍ സ്റ്റോറില്‍ അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്ന ക്ലാര്‍ക്കില്‍നിന്നും പണം പിടിച്ചുപറിക്കുന്നതിനിടയില്‍ ക്ലാര്‍ക്കും റിച്ചാര്‍ഡും പരസ്പരം വെടിയുതിര്‍ത്തു. സംഭവത്തില്‍ റിച്ചാര്‍ഡിന്റെ കൈപ്പത്തിക്കു വെടിയേറ്റുവെങ്കിലും റിച്ചാര്‍ഡിന്റെ പ്രത്യാക്രമണത്തില്‍ ക്ലാര്‍ക്ക് വെടിയേറ്റു മരിക്കുകയും ചെയ്തു. ഈ കേസിലാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തി റിച്ചാര്‍ഡിനെ വധശിക്ഷക്കു വിധിച്ചത്.

സൗത്ത് കരൊളൈനയില്‍ വിഷമിശ്രിതം ഉപയോഗിച്ച് വധശിക്ഷ നടത്തുന്നതിനാവശ്യമായ മരുന്നുകള്‍ ലഭിക്കാതിരുന്നതാണ് രണ്ടു രീതിയില്‍ വധശിക്ഷ സ്വീകരിക്കുന്നതിന് പ്രതിക്ക് അവസരം നല്‍കിയത്. ഇതില്‍ ഇലക്ട്രിക് ചെയറും ഫയറിംഗ് സ്‌ക്വാഡുമാണ് അനുവദിച്ചതില്‍ റിച്ചാര്‍ഡ് ഫയറിംഗ് സ്‌ക്വാഡാണ് തിരഞ്ഞെടുത്തത്.

കറക്ഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ മൂന്നു വോളണ്ടിയര്‍മാരാണ് വധശിക്ഷ നടപ്പിലാക്കുക. ഇതിനു മുന്പായി പ്രതിയുടെ തലയില്‍ ഒരു ഹുഡ വയ്ക്കും. അവസാനമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു തടസപ്പെടാതിരിക്കാനാണ് തല മറയ്ക്കാത്തത്.

സൗത്ത് കരൊളൈനയില്‍ റിച്ചാര്‍ഡിനു പുറമെ 35 പേരാണ് വധശിക്ഷ കാത്തു കഴിയുന്നത്. ഇവര്‍ക്ക് ഫയറിംഗ് സ്‌ക്വാഡോ, ഇലക്ട്രിക് ചെയറോ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഈ ആവശ്യത്തിനായി കൊളംബിയായിലുള്ള ഡെത്ത് ചേംബര്‍ 53,600 ഡോളര്‍ ചെലവഴിച്ചു പുതുക്കി പണിതു.

Print Friendly, PDF & Email

Leave a Comment

More News