കോവിഡ്: ഇന്ത്യയില്‍ പതിദിന കേസുകളില്‍ 90% വര്‍ധന; പ്രതിവാര കേസുകള്‍ 35% ഉയര്‍ന്നു

ന്യൂഡല്‍ഹി: കോവിഡ് നാലാം തരംഗ ഭീഷണിക്കിടെ ഇന്ത്യയില്‍ ആശങ്ക വര്‍ധിപ്പിച്ച് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,183 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 89.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് മരണനിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 214 പേരാണ് പുതിയതായി കോവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു. കഴിഞ്ഞ ദിവസം 0.31 ശതമാനമായിരുന്നത് ഇന്ന് 0.83 ശതമാനമായാണ് ഉയര്‍ന്നത്. രാജ്യത്ത് നിലവില്‍ 11,542 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, രാജ്യത്ത് ഡല്‍ഹിയിലാണ് ആശങ്കയായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 4.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കുന്നത് കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

അതിനിടെ, തുടര്‍ച്ചയായി 11 മാസത്തോളം കോവിഡ് കേസുകള്‍ കുറഞ്ഞശേഷം വീണ്ടും കുതിക്കുന്ന സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞുപോയ വാരം കോവിഡ് കേസുകളില്‍ 35% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളില്‍ വര്‍ധിച്ചുവരുന്ന പ്രതിദിന കേസുകളാണ് ഇതിനു കാരണം.

ഡല്‍ഹിയില്‍ പ്രതിവാര പുതിയ കേസുകള്‍ 2307 ആയി. 145% വര്‍ധനവാണിത്. അതിനു മുന്‍പുള്ള ആഴ്ചയില്‍ 943 ആയിരുന്നു പ്രതിവാര രോഗികള്‍. പുതിയ കേസുകല്‍ ഏറെയും നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ് മേഖലകളിലാണ്. ഹരിയാനയില്‍ പ്രതിവാര കേസുകള്‍ 118% ഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍ 14% വര്‍ധനവുണ്ടായി.

എങ്കിലും ആകെയുള്ള കേസുകളുടെ എണ്ണം കുറഞ്ഞുതന്നെയാണ് തുടരുന്നത്. ഏപ്രില്‍ 11-17 വരെയുള്ള ആഴ്ചയില്‍ 6,610 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുന്‍ ആഴ്ചയില്‍ ഇത് 4,900 ആയിരുന്നു. ഇതില്‍ മൂന്നിലൊന്നു കേസുകളും കേരളത്തിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പോയവാരം 27 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 2020 മാര്‍ച്ച് 23-29 ആഴ്ചയ്ക്കു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറവ് നിരക്കാണിത്. കഴിഞ്ഞയാഴ്ചയില്‍ 54 പേര്‍ മരണമടഞ്ഞിരുന്നു. അതില്‍ 13 പേര്‍ കേരളത്തിലാണ്. കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോവിഡ് കേസുകളില്‍ കാര്യമായ മാറ്റമില്ല.

 

Print Friendly, PDF & Email

Leave a Comment

More News