ഭര്‍തൃമാതാവിനെ വെടിവച്ചു കൊന്ന യുവതി അറസ്റ്റില്‍

ഡാളസ്: ഡാളസില്‍ ഭര്‍തൃമാതാവിനെ വെടിവച്ചു കൊന്ന യുവതി അറസ്റ്റില്‍. റിച്ചാര്‍ഡ്‌സണിലെ റണ്ണര്‍ റോഡിലുള്ള സ്റ്റാര്‍ബക്‌സിലാണു സംഭവം നടന്നത്. അറസ്റ്റ് റിച്ചാര്‍ഡ്‌സണ്‍ പൊലിസ് സ്ഥിരീകരിച്ചു. ഏപ്രില്‍ 18 തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

കൊച്ചുമകളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ടു ട്രിനീഷ ഒക്ടാവില്‍ ട്രിന വാട്ടുസും (23) ഭര്‍ത്തൃമാതാവ് കെന്റോറിയൊ നിക്കോള്‍ എഡ്വേര്‍ഡ്‌സും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. എഡ്‌വേഡിന്റെ കൂടെയുണ്ടായിരുന്ന കുട്ടിയെ കാണണമെന്നു വാട്ട്‌സ് ആവശ്യപ്പെട്ടു. സ്റ്റാര്‍ബക്‌സില്‍ കണ്ടുമുട്ടാം എന്നു സമ്മതിക്കുകയും ചെയ്തു. കുട്ടിയുമായി സ്റ്റാര്‍ബക്‌സില്‍ എത്തിയ എഡ്വേര്‍ഡിനെ പെട്ടെന്നു യാതൊരു പ്രകോപനവുമില്ലാതെ ട്രിന വെടിവയ്ക്കുകയായിരുന്നു എന്നാണു ദൃക്‌സാക്ഷികള്‍ പറയുന്നത്.

വെടിയേറ്റു വീണ എഡ്‌വേഡിനു പ്രഥമ ചികിത്സ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിവോള്‍വര്‍ ഉപയോഗിച്ചു രണ്ടുതവണ വെടിയുതിര്‍ത്ത ശേഷം കുട്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച വാട്ട്‌സിനെ പൊലിസ് അറസ്റ്റ് ചെയ്തു റിച്ചാര്‍ഡ്‌സണ്‍ സിറ്റി ജയിലിലടച്ചു. ഇവര്‍ക്ക് ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

വളരെ ശാന്തമായ റിച്ചാര്‍ഡ്‌സണ്‍ സിറ്റിയില്‍ ഈ വര്‍ഷം ആദ്യം നടക്കുന്ന കൊലപാതകമാണിതെന്നും ഇതേക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ റിച്ചാര്‍ഡ്‌സണ്‍ പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിനെ 9727444800 നമ്പറില്‍ വിളിച്ചു അറിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News