വളഞ്ഞവട്ടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയം ശതാബ്ദി നിറവില്‍

ന്യൂയോര്‍ക്ക്: തിരുവല്ല വളഞ്ഞവട്ടം വെസ്റ്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ശതാബ്ദിയുടെ നിറവില്‍ എത്തിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ കടപ്ര വില്ലേജില്‍ പുളിക്കീഴ് ബ്ലോക്കിലെ വളഞ്ഞവട്ടത്ത് 1922-ല്‍ സ്ഥാപിതമായ ഈ ദേവാലയം 100 വര്‍ഷത്തെ സ്മരണകളുമായി ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ചെമ്പകശ്ശേരി രാജാവിന്റെ ക്ഷണപ്രകാരം അമ്പലപ്പുഴ താലൂക്കിലെ തലവടിയില്‍ താമസമുറപ്പിച്ച അവിരാ വൈദ്യന്റെ പിന്‍തലമുറക്കാരാണ് ഈ ദേവാലയത്തിന് രൂപം നല്‍കിയത്. വളഞ്ഞവട്ടം വല്യപറമ്പില്‍ താമസമുറപ്പിച്ച ഒരു പിതാവിന്റെ നാലു മക്കളില്‍ നിന്നു വളര്‍ന്നു വന്ന കുടുംബങ്ങള്‍ ആരാധനക്കായി ആദ്യം നിരണം സെന്റ് മേരീസ് പള്ളിയിലാണ് എത്തിയിരുന്നത്. പിന്നീട് സൗകര്യാര്‍ത്ഥം വളഞ്ഞവട്ടം സെന്റ് മേരീസ് പള്ളിയില്‍ അംഗങ്ങളാകുകയും അവിടെ നിന്ന് അല്പകാലം പുളിക്കീഴ്‌ സെന്റ് മേരീസ് പള്ളിയില്‍ ചേരുകയും ചെയ്തു. പിന്നീട് 1922-ല്‍ സൗകര്യാര്‍ത്ഥം കുടുംബാംഗങ്ങളൊരുമിച്ച് അവരുടെ സ്ഥലത്ത് ആറ് കരിങ്കല്‍ത്തൂണുകളില്‍ താങ്ങിനിര്‍ത്തിയ, ഓല മേഞ്ഞ ഒരു ദേവാലയം സ്ഥാപിച്ച് അവിടെ ആരാധന ആരംഭിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം മറ്റു ചില ക്രൈസ്തവ ഭവനങ്ങള്‍ കൂടി ഈ ദേവാലയത്തില്‍ അംഗങ്ങളായിരുന്നു. നാല്പതുകളുടെ അവസാനത്തിലാണ് ഇന്നത്തെ ദേവാലയം നിര്‍മ്മിതമായത്.

വി. ഗീവറുഗീസ് സഹദായുടെ നാമധേയത്തില്‍ സ്ഥാപിതമായ ഈ ദേവാലയം ഭക്തജനങ്ങള്‍ക്ക് ആശ്രയമായി മാറിയിരിക്കുന്നു. പെരുന്നാള്‍ ഈ ദേശത്തിന്റെ ആഘോഷമാണ്. രണ്ടു ദിവസങ്ങളിലായാണ് ഇവിടെ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒന്നാം ദിവസം ആദ്യഫല ശേഖരണവും, കിഴക്ക് പ്രധാന റോഡില്‍ സ്ഥാപിതമായ കുരിശടിയിലേക്കുള്ള ഭക്തിനിര്‍ഭരമായ റാസയും, രണ്ടാം ദിവസം രാവിലെ മൂന്നിന്മേല്‍ കുര്‍ബ്ബാന, ലേലം എന്നിവക്കു ശേഷം പടിഞ്ഞാറു ഭാഗത്തേക്ക് ഒരു കിലോമീറ്ററോളം ദൂരത്തില്‍ റാസയും ഉണ്ടാകും.

ഈ റാസകളില്‍ വിവിധ മതസ്ഥരായ ആളുകള്‍ പങ്കെടുക്കുന്നു. ശയനപ്രദിക്ഷണം, ഇഷ്ടിക ചുമന്നുകൊണ്ടും മുട്ടേല്‍ നീന്തിയും, കൊടി, മുത്തുക്കുട എന്നിവ വഹിച്ചും, വെറ്റില വിതറിയും പലവിധത്തില്‍ വിശ്വാസികള്‍ നേര്‍ച്ചകള്‍ നിവര്‍ത്തിക്കുന്നു. ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന അപ്പവും ഇറച്ചിയും ചേര്‍ന്ന നേര്‍ച്ച വിളമ്പോടുകൂടി പെരുന്നാള്‍ സമാപിക്കുന്നു. സാധാരണ ദിവസങ്ങളില്‍ പോലും ഇവിടെ നേര്‍ച്ചകളും പ്രാര്‍ത്ഥനകളുമായി വിശ്വാസികള്‍ കടന്നുവരുന്നുണ്ട്. ഈ ദേവാലയത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇടവകാംഗങ്ങള്‍.

2022-2023 ശതാബ്ദി വര്‍ഷമായി ആഘോഷിക്കുകയാണ്. മെയ് 4-ാം തീയതി മാതൃദേവാലയമായ നിരണം വല്യപള്ളിയില്‍ നിന്ന് ഏറ്റുവാങ്ങുന്ന ശതാബ്ദി പതാകയുമായി പുളിക്കീഴ്, വളഞ്ഞവട്ടം എന്നീ പള്ളികള്‍ സന്ദര്‍ശിച്ച് വാഹന ഘോഷയാത്രയുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടു കൂടി ദേവാലയത്തിലെത്തുന്നു. 6-ാം തീയതി പ്രധാന പെരുന്നാളിനോടൊപ്പം പതാക ഉയര്‍ത്തലും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനസമ്മേളനവും നടത്തുന്നു. തുടര്‍ന്ന് മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സുകളും, കണ്‍വെന്‍ഷനും, തീര്‍ത്ഥയാത്രയും, മോട്ടിവേഷന്‍ ക്ലാസ്സുകളും, ചികിത്സാസഹായവും, മെഡിക്കല്‍ക്യാമ്പും, വിദ്യാഭ്യാസധനസഹായവും, ഭവനനിര്‍മ്മാണ പദ്ധതിയും, മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചേര്‍ന്ന വിപുലമായ പ്രവര്‍ത്തനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

2023 മെയ് മാസത്തിലെ പെരുന്നാളിനോടനുബന്ധിച്ചാണ് ശതാബ്ദിയാഘോഷങ്ങളുടെ സമാപനം.

Print Friendly, PDF & Email

Related posts

Leave a Comment