അമേരിക്കയില്‍ പൂര്‍ണ്ണമായും ഗര്‍ഭഛിദ്രം നിരോധിച്ചാല്‍ കാനഡയിലേക്ക് വരാമെന്ന് ട്രൂഡോ സര്‍ക്കാര്‍

ഒട്ടാവ (കാനഡ): അമേരിക്ക പൂര്‍ണ്ണമായും ഗര്‍ഭഛിദ്ര നിരോധന നിയമത്തിനു കീഴില്‍ വരുമെന്ന സൂചന ലഭിക്കുകയും, നിരവധി പ്രമുഖ സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്രം പൂര്‍ണമായും നിരോധിക്കുകയും ചെയ്ത സാഹചര്യത്തില്‍, പുതിയ നീക്കവുമായി കാനഡ. ഗര്‍ഭഛിദ്രം ആവശ്യമുള്ള അമേരിക്കക്കാര്‍ ഉള്‍പ്പെടെ എല്ലാവരേയും കാനഡയിലെ ട്രൂഡോ സര്‍ക്കാര്‍ സ്വാഗതം ചെയ്തു.

അമേരിക്കന്‍ സുപ്രീം കോടതി നിലവിലുള്ള ഗര്‍ഭഛിദ്ര അനുകൂലനിയമം (റോ. വി. വേയ്‌സ്) മാറ്റുന്നതോടെ കൂടുതല്‍ ആളുകളെ ഇവിടെ നിന്നും കാനഡയിലേക്ക് ആകര്‍ഷിക്കാമെന്ന് കാനഡയിലെ മുതിര്‍ന്ന മന്ത്രിമാരുടെ സമ്മേളനം അഭിപ്രായപ്പെടുകയും ചെയ്തു.

ഗര്‍ഭഛിദ്രം ആവശ്യമുള്ളവര്‍ക്കു കാനഡയിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിക്കുന്നതിനെ കുറിച്ചും യാത്ര സുഗമമാക്കുന്നതിനെക്കുറിച്ചും കാനഡ ബോര്‍ഡര്‍ സര്‍വീസും ഏജന്‍സികളുമായി പബ്ലിക്ക് സേഫ്റ്റി മിനിസ്റ്റര്‍ മര്‍ക്കൊ മെന്‍സിസിനൊ ചര്‍ച്ച നടത്തി.

ഗര്‍ഭഛിദ്ര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള ഫീസ് നല്‍കേണ്ടി വരും. കാനഡയില്‍ ആരോഗ്യസംരക്ഷണം ഗവണ്‍മെന്റില്‍ നിക്ഷിപ്തമായതിനാല്‍ സൗജന്യ ചികിത്സയാണ് ലഭിക്കുക. എന്നാല്‍, അമേരിക്കയില്‍ നിന്നും വരുന്നവര്‍ക്ക് പണം കൊടുക്കേണ്ടിവരുമെന്ന് കുടുംബ മന്ത്രി കരീന ഗൗള്‍സ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News