എസ്‌എസ്‌പി ഓഫീസിലെത്തിയ കർഷകൻ സ്വയം തീകൊളുത്തി; ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിൽ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം എസ്‌എസ്‌പി ഓഫീസിലെത്തിയ കർഷകൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു കര്‍ഷകന്റെ ആത്മഹത്യാ ശ്രമം. എസ്‌എസ്‌പി ഓഫീസിലെത്തിയ കർഷകൻ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് പൊള്ളലേറ്റ കർഷകനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഡോക്ടർമാർ ബറേലി ഹയർ സെന്ററിലേക്ക് റഫർ ചെയ്തു. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം, അലംഭാവം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്എസ്പി നടപടിയെടുത്തു. ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കൃഷ്ണപാൽ എന്നാണ് കർഷകന്റെ പേര്. ബദൗണിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിലെ റസൂൽപൂരിലെ താമസക്കാരനാണ്. 20 ദിവസം മുമ്പ് ഇയാളുടെ ഗോതമ്പ് തോട്ടം അക്രമികൾ കത്തിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും മാണ്ഡി പോസ്റ്റിൽ നിയമിച്ച പോസ്റ്റ് ഇൻചാർജ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് സ്‌റ്റേഷനിലും ഓഫീസർമാരുടെ ഓഫീസുകളിലും കയറിയിറങ്ങിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. നടപടിയെടുക്കുന്നതിന് പകരം പോലീസുകാർ തന്നെ തീരുമാനമെടുത്ത് സമ്മർദ്ദം ചെലുത്താൻ തുടങ്ങിയെന്ന് കർഷകർ ആരോപിക്കുന്നു. മാണ്ഡി ഔട്ട്‌പോസ്റ്റിലെ പോലീസുകാർ പ്രതികളുമായി അടുത്തിടപഴകുന്നതും പരസ്പരം ഷേയ്ക്ക്‌ഹാന്റ് കൊടുക്കുന്നതും കണ്ടതായി കര്‍ഷക കുടുംബം ആരോപിച്ചു. അതുകൊണ്ടാണ് തങ്ങളുടെ കേസിൽ ഇതുവരെ നടപടിയൊന്നും ഉണ്ടാകാത്തതെന്നും കുടുംബം പറയുന്നു. തന്നെയുമല്ല, പ്രതികളുമായി ഒത്തുതീർപ്പിലെത്താന്‍ പോലീസുകാർ നിരന്തരം സമ്മർദ്ദം ചെലുത്തിയെന്നും കര്‍ഷക കുടുംബം ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News