മൂന്നാറിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവും എട്ടു മാസം പ്രായമുള്ള മകളും മരിച്ചു

ഇടുക്കി: ആന്ധ്രാപ്രദേശിൽ നിന്നുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തോട്ടിലേക്ക് മറിഞ്ഞ് സംഘത്തിലുണ്ടായിരുന്ന 32കാരനും എട്ടുമാസം പ്രായമുള്ള മകളും മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

ആന്ധ്രാപ്രദേശിൽ നിന്നുള്ള 18 അംഗ വിനോദസഞ്ചാര സംഘം ചിന്നക്കനാലിൽ നിന്ന് മൂന്ന് കാറുകളിലായി മൂന്നാറിലേക്ക് പോവുകയായിരുന്നു. മൂന്നാറിന് സമീപം ലോക്ഹാർട്ട് ഗ്യാപ്പില്‍ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു.

നൗഷാദ് (32), നൈസ എന്ന പെൺകുട്ടിയുമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30 ഓടെ ഗ്യാപ്പ് റോഡിൽ 500 അടിയിലധികം താഴ്ചയിലുള്ള ബൈസൺവാലി ഹൈവേയിലേക്കാണ് വാഹനം വീണത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമായിരിക്കാമെന്ന് അവർ പറഞ്ഞു.

സമീപത്തെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ചിലർ സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ജനറൽ ആശുപത്രിയിലെത്തിച്ചു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഗുരുതരമായി പരിക്കേറ്റ നൗഷാദ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മറ്റുള്ളവരെ പരിക്കുകളോടെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം.

ആന്ധ്രാപ്രദേശിൽ നിന്നുള്ള വിനോദസഞ്ചാരികൾ മൂന്ന് വാഹനങ്ങളിലായാണ് മൂന്നാറിലെ ഹിൽസ്റ്റേഷനിലേക്ക് പുറപ്പെട്ടത്.

ഗ്യാപ് റോഡിലെ വളവ് തിരിയുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതോ കാറിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതോ ആകാം അപകടത്തിൽ കലാശിച്ചതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞു. ശാന്തൻപാറ, മൂന്നാർ സ്‌റ്റേഷനിൽ നിന്നുള്ള പോലീസുകാർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News