സില്‍‌വര്‍ ലൈന്‍: പദ്ധതി കേരളത്തിന്റെ ഈടു വെയ്പാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എന്തു പ്രതിസന്ധി വന്നാലും സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ അറിയിച്ചു. പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതായി അറിയിച്ചിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതി കേരളത്തിന്റെ ഈടുവെയ്പാണെന്നാണ് പ്രസ്താവനയില്‍ മുഖ്യമന്ത്രി അവകാശപ്പെടുന്നത്.

സംസ്ഥാനത്ത് വ്യാവസായങ്ങള്‍ എത്താന്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനമാണ് സില്‍വര്‍ലൈന്‍. ദേശിയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വിമാനത്താവളം, ദേശീയ ജലപാത എന്നിവയ്‌ക്കൊപ്പം റെയില്‍ വികസനവും കേരളത്തിന് ആവശ്യമാണ്. അതിനായാണ് കെ-റയില്‍ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്.വാഹന സാന്ദ്രതയും ജനസാന്ദ്രതയും മൂലം സംസ്ഥാനത്തെ നിരത്തുകളിലെ ശരാശരി വേഗത ദേശീയ ശരാശരിയെക്കാള്‍ കുറവാണ്. ഈ പരിമിതി വ്യാവസായിക വളര്‍ച്ചയ്ക്ക് തടസമാവുകയാണ്. ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. വിശദമായ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സിൽവർ ലൈൻ കടന്നുപോകുന്ന ജില്ലകളിൽ സാമൂഹിക പ്രത്യാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭിക്കും. സിൽവർ ലൈൻ പദ്ധതിക്ക് പുറമെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. സർക്കാരിന്റെ പ്രോഗ്രസ് കാർഡ് ജൂൺ രണ്ടിന് പുറത്തിറക്കും.

Print Friendly, PDF & Email

Leave a Comment

More News