സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വീണാ വിജയനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നു

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർണായക നടപടി തുടങ്ങി. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ ചോദ്യം ചെയ്യാൻ ഇഡി ആലോചിക്കുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ അതീവ ഗുരുതരമാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ.

കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. നിലവില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ പ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കുകയും ഒപ്പം ഇതുമായി ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയുമാണ് ഇഡി ചെയ്യുന്നത്. തെളിവുകളെല്ലാം ശേഖരിച്ചശേഷം വീണയെ ചോദ്യം ചെയ്യാനാണ് നീക്കം. മജിസ്ട്രേറ്റിന് 164 പ്രകാരം സ്വപ്‌ന നല്‍കിയ മൊഴിയില്‍ ശക്തമായ നിലപാടുമായി നീങ്ങാനാണ് ഇ ഡിയുടെ തീരുമാനം. സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്ക് എന്‍ഐഎ തെളിവുകള്‍ കൈമാറി.

കോടതി ഉത്തരവിനെ തുടർന്ന് വാട്‌സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉൾപ്പെടെയുള്ള തെളിവുകൾ എൻഐഎ ഇഡിക്ക് കൈമാറി. ഇവ വിശദമായി പരിശോധിച്ച ശേഷം കേസിലെ പ്രതി സരിത്തിന്റെ മൊഴിയെടുക്കാൻ വീണ്ടും വിളിച്ചു വരുത്തും. സ്വർണം, ഡോളർ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ കസ്റ്റംസും എൻഐഎയും കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇഡിയുടെ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

Print Friendly, PDF & Email

Leave a Comment

More News