ഇന്ത്യയുടെ തലയിൽ കയറിയിറങ്ങുന്ന സ്വാതന്ത്ര്യം (ലേഖനം): കാരൂർ സോമൻ, ലണ്ടൻ

ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക പരിപാടികൾ കലുഷിതങ്ങളായ പല പ്രശ്‌നങ്ങളുണ്ടായിട്ടും മനുഷ്യരിലെ സകല മാലിന്യങ്ങളും കഴുകിക്കളയുന്ന പ്രകാശം പൊഴിക്കുന്ന ഒരാഘോഷമായിട്ടാണ് നാട്ടിലെങ്ങും കൊണ്ടാടിയത്. അതിനിടയിൽ ബുദ്ധിഭ്രമം സംഭവിച്ച ചിലർ ജന്മസിദ്ധമായ അവരുടെ ഔഷധഫലങ്ങൾ പുറത്തെടുത്തു. താമരപ്പൂവ് വികസിക്കുന്നതു പോലെ അവരുടെ വാക്കുകൾ ഇതളുകളായി മാധ്യമങ്ങളിൽ വിടർന്നു വന്നു. ഇന്ത്യയുടെ ഇന്നത്തെ വ്യവസ്ഥിതിയെടുത്താൽ വിളവ് തന്നെ വേലി തകർക്കുന്നത് കാണാം. അധികാരം കിട്ടിക്കഴിഞ്ഞാൽ അകത്തൊന്ന് മുഖത്തൊന്ന് എന്ന ഭാവമാണ്. അകലെ നിന്ന് കേൾക്കുമ്പോൾ മാന്യന്മാരെ അടുത്തറിയുമ്പോൾ വർഗ്ഗീയത തെളിഞ്ഞു നിൽപ്പുണ്ട്. ഇന്ത്യയുടെ അടിത്തറ മാന്തുന്ന ഇവർ അടിതൊട്ട് മുടിയോളം അല്ലെങ്കിൽ മുടിതൊട്ട് അടിയോളം രാജ്യം മുടിഞ്ഞാലും ജാതി മുന്നേറണം എന്ന ചിന്തയുള്ളവരാണ്. ഏതോ സങ്കല്പിക ലോകത്തു് ജീവിക്കുന്ന ദൈവങ്ങളുടെ പേരിൽ സമൂഹത്തിൽ ഭിന്നതകൾ വളർത്തി ദയ, സ്‌നേഹം, കാരുണ്യം എന്തെന്നറിയാത്തവർക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളണം. നാവിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും തിന്മകളാണ് കാണുന്നത്. ഈ സങ്കുചിത താൽപര്യക്കാർ നിശ്ശബ്ദതയുടെ താഴ്‌വാരങ്ങളിലങ്ങനെ മേഞ്ഞു നടക്കുന്നു. രാജ്യസ്‌നേഹികളെ എങ്ങനെയാണ് കണ്ടെത്തുക?

ഇന്ത്യയുടെ ആത്മാവായി ജീവിക്കുന്ന ഗാന്ധിജിയുടെ പ്രാർത്ഥനാ യോഗങ്ങളിൽ ഹിന്ദു, മുസ്ലീം മറ്റ് ഇതരവിഭാങ്ങളിലുള്ളവരും പങ്കെടുത്തു. 1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം വരവേറ്റവരൊക്കെ ആഹ്ലാദം പങ്കിട്ടു. ഈശ്വര വിശ്വാസിയല്ലാത്ത ജവഹർലാൽ നെഹ്‌റു പ്രഥമ പൗരനായ ഇന്ത്യയുടെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ വീട്ടിൽ നടന്ന പൂജാ പ്രാർത്ഥനകളിൽ പങ്കെടുത്തില്ല. ആരുടേയൂം വർഗ്ഗ താല്പര്യം സംരക്ഷിക്കാനോ സങ്കുചിത ആശയങ്ങൾ നടപ്പാക്കാനോ അദ്ദേഹം ശ്രമിച്ചില്ല. ജാതിമതത്തിന്റെ മറവിൽ അധികാര ശക്തിയുറപ്പിക്കാനോ നെഹ്‌റു ശ്രമിച്ചില്ല. 1947-ൽ നെഹ്‌റു പറഞ്ഞതും ഇന്നത്തെ ഇന്ത്യയും പ്രതിനിധാനം ചെയ്യുന്നത് മനുഷ്യ മനസ്സിന്റെ മടിത്തട്ടിലുറങ്ങുന്ന മത വിചാരവികാരങ്ങളല്ലേ?വിശ്വാസിയല്ലാത്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ഇന്ത്യക്കാരനോട് പറഞ്ഞത് ‘ഇന്ത്യയെ സേവിക്കയെന്നാൽ പാവങ്ങളെ സേവിക്കയെന്നാണ്’. അതിനപ്പുറം ജാതി മത രാഷ്ട്രീയം നോക്കി മനുഷ്യരെ വേട്ടയാടുന്ന ഇരുണ്ട നാളുകളിലേക്ക് പോകുന്ന ദരിദ്ര പട്ടികയിൽ ലോകത്ത് നൂറ്റിയൊന്നാം സ്ഥാനമുള്ള രാജ്യമാക്കി മാറ്റിയത് ആരാണ്? രാജ്യത്തെ അപകടകാരികൾ ആരൊക്കെയാണ്?

ഇന്ത്യയിലുള്ള ദാരിദ്ര്യത്തിന്റെ സമ്മർദം കൊണ്ടല്ല ജലീൽ ചരിത്രവിരുദ്ധമായ പ്രസ്താവനകൾ നടത്തിയത്. ഒരു ചരിത്രാധ്യാപകൻ കൂടിയായ വ്യക്തി ചരിത്രത്തെ വക്രീകരിച്ചു് ദുർവ്യാഖ്യാനം നടത്തി ആസാദ് കാശ്മീർ എന്ന് പറഞ്ഞത് ഇന്ത്യയെ ഒറ്റികൊടുക്കുന്നതിന് തുല്യമാണ്. കാശ്മീർ ഒന്നേയുള്ളു അത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. മലയാളിയായ വി.കെ. കൃഷ്ണമേനോൻ 1957-ൽ യു എന്‍ സെക്യൂരിറ്റി കൗൺസിലിൽ പറഞ്ഞതും കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ്. സർദാർ പട്ടേൽ, വി.കെ കൃഷ്ണമേനോൻ അടക്കമുള്ളവർ ഇന്ത്യയെ ഒരു കുടക്കീഴിൽ കൊണ്ടുവന്നത് എന്റെ സർദാർ പട്ടേൽ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മൾ എഴുപത്തഞ്ചാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ വികട രാഷ്ട്രീയ വാദം നടത്തി പാകിസ്താന് വിളവെടുപ്പ് നടത്താൻ ശ്രമിച്ചത് വിദേശ ഇന്ത്യക്കാർക്കു പോലും അപമാനമാണ് വരുത്തിയത്. ഞങ്ങൾ പ്രവാസികളെങ്കിലും ഇന്ത്യയെ നെഞ്ചോട് ചേർത്തു് ജീവിക്കുന്നവരാണ്. ജലീൽ മുന്നോട്ട് വെച്ച ആശയ അർത്ഥാന്തരങ്ങൾ വളരെ വലുതാണ്. അവിടെ ഇടതുപക്ഷമോ വലതുപക്ഷമോ അല്ല പ്രധാനം. സമൂഹത്തിൽ വളരുന്ന വിധ്വംസ ശക്തികളെ ഈ ജനപ്രതിനിധിക്ക് എങ്ങനെ നേരിടാനാകും?

1875-ൽ കേണൽ ഓൾക്കൊട്ടും മാഡം ബ്ലാവൽസ്‌കിയും കൂടി ഹിന്ദുമതത്തെ പരിഷ്‌ക്കരിക്കാൻ ഒരു തിയോസഫിക്കൽ സൊസൈറ്റി അമേരിക്കയിൽ സ്ഥാപിച്ചു.പിന്നീടത് മദ്രാസിലേക്ക് മാറ്റി. 1889-ൽ ആനി ബസന്റ് ഈ സംഘത്തിൽ ചേർന്ന് കൂടുതൽ ശക്തി പകർന്നു. അവിടെ സംഭവിച്ചത് ആത്മീയതയും ഭൗതികതയും തമ്മിലുള്ള പോരാട്ടമായിരിന്നു. അതിലൂടെ പിറവിയെടുത്തത് നമ്മൾ കണ്ട ലോക പ്രശസ്തമായ ബനാറസ്സ് ഹിന്ദു സർവ്വകലാശാലയാണ്. അതാണ് മനുഷ്യൻ അല്ലെങ്കിൽ മതമൈത്രി.

ആനിബസന്റ് മാത്രമല്ല പാശ്ചാത്യ മിഷനറിമാരെയെടുത്താൽ അവരാരും ജാതി മതത്തിന് അടിമകളല്ല. അവരുടെ മിഴികളിൽ നിന്ന് പ്രസരിക്കുന്ന പ്രകാശ കിരണങ്ങൾ ജീവിതത്തെ എങ്ങനെ വർണ്ണശബളമാക്കാം എന്നതാണ്. ഏത് മത വിശ്വാസിയായാലും ആത്മീയതയുടെ പാദങ്ങളിൽ സമർപ്പിച്ചു കഴിഞ്ഞാൽ സമൂഹത്തിൽ വെറുപ്പും അറപ്പുമുണ്ടാക്കുന്ന പ്രസംഗമോ സോഷ്യൽ മീഡിയ പ്രതിഫലനങ്ങളോ കാണേണ്ടി വരില്ല. ഓരോരുത്തരുടെ നിലനിൽപ്പിന് വേണ്ടി നടത്തുന്ന പ്രസ്താവനകൾക്ക് പിന്നിൽ ധാരാളം നിഗൂഡതകൾ ഒളിഞ്ഞുകിടക്കുന്നു. ഇവരുടെ രക്ഷാകേന്ദ്രങ്ങൾ ഭരണകൂടങ്ങളാണ്. എഴുപത്തഞ്ചാം സ്വാതന്ത്ര്യ ആഘാഷങ്ങൾ നടത്തുന്നവർ ചിന്തിക്കേണ്ടത് ഇപ്പോഴും നമ്മുടെ നാടുകളിൽ ജാതീയമായ ജീർണ്ണതകളില്ലേ? ഇംഗ്ലണ്ടിൽ പഠിച്ച നെഹ്‌റു ജാതി മതത്തിന്റെ വക്താവല്ലായിരുന്നു. ഫാസിസത്തിനെതിരെ പോരാടിയ സോഷ്യലിസ്റ്റ് വീക്ഷണമായിരിന്നു. മതേതര വിശ്വാസികൾ, സോഷ്യലിസ്റ്റുകൾ മതവികാരമുണർത്തി വോട്ടുതേടുന്നവരല്ല. അല്ലാതെയുള്ളവരാണ് മതവികാരമുണർത്തി തെരെഞ്ഞടുപ്പുകളിൽ ജയിച്ചു വരുന്നത്. അവരാണ് സമൂഹത്തെ ഭിന്നിപ്പിക്കുന്നത്. പാവങ്ങളെ മരണത്തിന്റെ മടിത്തട്ടിലേക്കവർ പറഞ്ഞുവിടുന്നു. ഇന്ത്യ ഇന്നനുഭവിക്കുന്നത് വർഗ്ഗീയത, ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, ഭയം, ഭീതി, ഉത്ക്കണ്ഠ തുടങ്ങി ധാരാളം നീറുന്ന വിഷയങ്ങളാണ്. ഇതിനൊക്കെ പരിഹാരം കാണാതെ എന്ത് സ്വാതന്ത്ര്യം? സത്യത്തിൽ ജലീൽ മാത്രമാണോ ദേശവിരുദ്ധ പ്രവർത്തനങ്ങളിലെ പങ്കാളി? രാജ്യത്തു് എന്തുകൊണ്ടാണ് വർഗ്ഗീയത വളരുന്നത്? ഏത് രംഗമെടുത്താലും മനുഷ്യാവകാശ ലംഘനങ്ങൾ, നീതിനിഷേധങ്ങൾ നടക്കുന്നില്ലേ? തലയിൽ കയറി നിരങ്ങുന്ന ഇന്ത്യയിലെ ജനാധിപത്യ സ്വാതന്ത്ര്യം ഈ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തിൽ അവസാനിപ്പിക്കുമോ?

Print Friendly, PDF & Email

One Thought to “ഇന്ത്യയുടെ തലയിൽ കയറിയിറങ്ങുന്ന സ്വാതന്ത്ര്യം (ലേഖനം): കാരൂർ സോമൻ, ലണ്ടൻ”

  1. സുബൈര്‍ വെള്ളാശ്ശേരി

    ലേഖനത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെ കടന്നാക്രമിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ യാത്രാനുഭവങ്ങള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. കശ്മീരില്‍ പോകാത്തവര്‍ക്ക് കശ്മീരിലൂടെ യാത്ര ചെയ്യുന്ന അനുഭവം പ്രാപ്തമാക്കുന്ന രീതിയിലാണ് വിവരണം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ എങ്ങും തന്നെ രാജ്യദ്രോഹപരമായ ഒരു പരാമര്‍ശവും ഉള്‍പ്പെടുത്തിയിട്ടില്ല. എവിടെയോ “ആസാദ് കശ്മീര്‍” എന്ന് എഴുതിയതില്‍ തൂങ്ങിയാണ് സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ ചാനലുകളിലും പടപ്പുറപ്പാട്. എന്തിന്? അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഒരു ഭാഗത്ത് “സ്വാതന്ത്ര്യം മനുഷ്യൻ്റെ ജൻമാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാൻമാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു…” എന്നെഴുതിയിട്ടുണ്ട്. ചിലര്‍ അതില്‍ കയറിപ്പിടിച്ചാണ് വാളെടുത്തിരിക്കുന്നത്. ഒരു പൊതു അഭിപ്രായമല്ലേ അതില്‍ പ്രതിദ്ധ്വനിക്കുന്നത്. ഇന്ന് ലോകമൊട്ടാകെ നടക്കുന്ന ഒരു പ്രക്രിയ. മറ്റൊരിടത്ത് ഇങ്ങനെയും എഴുതിയിട്ടുണ്ട്: “ഏഷ്യയുടെ ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും നടുക്കാണ് കശ്മീരിൻ്റെ കിടപ്പ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ചൈനയും കാശ്മീരിനോട് തൊട്ടുരുമ്മി നിൽക്കുന്നു. 86,000 ചതുരശ്ര മൈൽ ഭൂവിസ്തൃതിയുണ്ട് കശ്മീരിന്. ജനസംഖ്യ 13 ദശലക്ഷം. വിഭജനാനന്തരം ഷേഖ് അബ്ദുല്ലയും അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയോട് ചേർന്നു. അതിനുള്ള സമ്മാനമെന്നോണം പണ്ഡിറ്റ് നഹറു അവർക്ക് നൽകിയ സമ്മാനമാണ് പ്രത്യേക പദവി. അതവരുടെ സമ്മതം കൂടാതെ ദുരെക്കളഞ്ഞതിൽ ജനങ്ങൾ ദു:ഖിതരാണ്. പ്രതീക്ഷിച്ച ഭൗതിക നേട്ടങ്ങൾ കാശ്മീരികൾക്ക് സാദ്ധ്യമാക്കാൻ ഇന്ത്യൻ ഭരണഘടനയുടെ മൂന്നൂറ്റി എഴുപതാം വകുപ്പിനായോ? ഈ ചോദ്യത്തിനുത്തരം കിട്ടാൻ പഹൽഗാമിൽ നിന്ന് ബാരാമുള്ള വരെ യാത്ര ചെയ്താൽ മതി. ഒരു കാര്യം ഉറപ്പ്. അവരുടെ ഗോത്ര സംസ്കാരം അഥവാ കാശ്മീരിയ്യത്ത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കാഴ്ചപ്പണ്ടമെങ്കിലും കഴുത്തിൽ തൂങ്ങിയിരുന്ന അടയാഭരണം ഇരുചെവിയറിയാതെ കേന്ദ്രസർക്കാർ അടിച്ചുമാറ്റിയതിൽ നാട്ടുകാർക്കമർഷമുണ്ട്.” ലേഖകന്‍ എന്തുകൊണ്ട് ഈ ഭാഗം വിസ്മരിച്ചു എന്ന ചോദ്യമാണിവിടെ ചോദിക്കാനുള്ളത്. ജലീല്‍ പറഞ്ഞതല്ലല്ലോ ഇത്. ഇപ്പോഴത്തെ ബിജെപി സര്‍ക്കാര്‍ ചെയ്തതല്ലേ അദ്ദേഹം പറഞ്ഞുള്ളൂ… അതുതന്നെയല്ലേ ശരി? അപ്പോള്‍ “ആസാദ് കശ്മീര്‍” അല്ല പ്രശ്നം…. അത് പറഞ്ഞ ആളാണ്, അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്, അദ്ദേഹത്തിന്റെ ജാതിയാണ്….

Leave a Comment

More News