രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ പശ്ചിമഘട്ടജനതയെ വഞ്ചിക്കുന്നു: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: പരിസ്ഥിതിലോലവിഷയത്തില്‍ ഭരണസംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പശ്ചിമഘട്ടത്തിലെ ജനസമൂഹത്തെ ഒന്നര പതിറ്റാണ്ടായി വഞ്ചിക്കുകയാണെന്നും പുതിയ വിജ്ഞാപനം ജനങ്ങളില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആരോപിച്ചു.

പശ്ചിമഘട്ടത്തെയൊന്നാകെ കാര്‍ബണ്‍ ഫണ്ടിനായി ആഗോള പരിസ്ഥിതി സംഘടനകള്‍ക്ക് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ തീറെഴുതി കൊടുത്തുവെങ്കില്‍ അതില്‍ നിന്ന് ഒരു തിരുത്തലിന് ഇന്നത്തെ കേന്ദ്രഭരണകൂടം തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. 2010 ലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മലയോരജനതയുടെ ജീവിതത്തിന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിലനില്‍ക്കെയാണ് 2013ല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തുടര്‍ന്ന് 2014 ല്‍ ആദ്യ കരടു വിജ്ഞാപനവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. തുടര്‍ന്ന് യുപിഎ സര്‍ക്കാരിനെ പുറന്തള്ളി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ തുടർച്ചയായി വിജ്ഞാപനങ്ങള്‍ മാറ്റമില്ലാതെ പുതുക്കിയിറക്കുകയാണ് ചെയ്തത്.

ജനവാസമേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതിലോല പ്രദേശത്തുനിന്ന് ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയനേതൃത്വങ്ങളും ആവര്‍ത്തിച്ചുപറയുന്നത് പച്ചക്കള്ളമാണെന്ന് പുതിയ കരടുവിജ്ഞാപനത്തില്‍നിന്ന് വ്യക്തമാണ്. വനവും കൃഷിഭൂമിയും ജനവാസമേഖലകളും ഉള്‍പ്പെടെ 9,993.7 ചതുരശ്രകിലോമീറ്റര്‍ 2018 മുതല്‍ പരിസ്ഥിതിലോലമായി നിലനില്‍ക്കുമ്പോള്‍, സംസ്ഥാനം മാറിമാറി ഭരിച്ചവും ജനപ്രതിനിധികളും ഇതിന് മറുപടി നല്‍കുവാന്‍ ബാധ്യസ്ഥരാണ്. 123 വില്ലേജുകളില്‍ ചിലതു വിഭജിച്ചെങ്കിലും പരിസ്ഥിതി ലോല വിസ്തീര്‍ണ്ണത്തില്‍ വ്യത്യാസമില്ലാതെ ഈ സ്ഥലങ്ങളും കൂടി ഉള്‍പ്പെടുത്തി 131 വില്ലേജുകള്‍ പുതിയ വിജ്ഞാപനത്തില്‍ വന്നിരിക്കുന്നത് ഏറെ ആസൂത്രിതമാണ്.

പരിസ്ഥിതിലോല മേഖലയുടെ പേരില്‍ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി ജനങ്ങളെ കുടിയിറക്കി വനവല്‍ക്കരണത്തിന് നിയമനിര്‍മ്മാതാക്കളായ ജനപ്രതിനിധികള്‍ ഒത്താശചെയ്യുന്നത് എതിര്‍ക്കപ്പെടണം. പശ്ചിമഘട്ടമേഖലയില്‍തന്നെ ജനജീവിതത്തിന് ഭീഷണിയാകുന്ന അണക്കെട്ടുകളും പവര്‍ സ്റ്റേഷനുകളും സര്‍ക്കാര്‍ രമ്യഹര്‍മ്യങ്ങളും രാഷ്ട്രീയപ്പാർട്ടി ഓഫീസുകളും പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണ ജനങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും നിരന്തരം വെല്ലുവിളി ഉയര്‍ത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പൊതുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും കര്‍ഷകസംഘടനകളെയും ബഹുജന പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് സംഘടിത പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ചു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാൻ അഡ്വ. ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കൺവീനർ അഡ്വ: വി സി സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക സംഘടനാ നേതാക്കളായ മുതലാംതോട് മണി, പ്രൊ: ജോസുകുട്ടി ഒഴുകയിൽ, ജോയി കണ്ണൻചിറ, ജോര്‍ജ് സിറിയക്ക്, ജിനറ്റ് മാത്യു, പി.ജെ.ജോണ്‍ മാസ്റ്റര്‍, അപ്പച്ചൻ തെള്ളിയിൽ, സണ്ണി തുണ്ടത്തിൽ റോസ് ചന്ദ്രന്‍, ബേബി സക്കറിയാസ്,മാർട്ടിൻ തോമസ്, ആയാംപറമ്പ് രാമചന്ദ്രന്‍, റോജര്‍ സെബാസ്റ്റ്യന്‍, ജോബിള്‍ വടാശ്ശേരി, അപ്പച്ചൻ ഇരുവേലിൽ, അഷ്‌റഫ് കല്പറ്റ, വിദ്യാധരന്‍ ചേര്‍ത്തല, ടോമിച്ചന്‍ ഐക്കര, കെ.വി.,സ്‌കറിയ നെല്ലംകുഴി എന്നിവര്‍ സംസാരിച്ചു.

Leave a Comment

More News