ഷൂട്ടിംഗില്‍ മെഡൽ നേടുന്ന ആദ്യ മലയാളി വനിത; താരത്തിന് സംസ്ഥാനത്തിന്റെ പൂർണ പിന്തുണ ഉറപ്പ്
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗില്‍ വെള്ളിമെഡൽ നേടി ചരിത്രം കുറിച്ച കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. വിദർശയുടെ നേട്ടം കേരളത്തിനാകെ അഭിമാനകരമാണെന്ന് വീഡിയോ കോളിലൂടെ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. താരത്തെ അഭിനന്ദിക്കുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു.
ഏഷ്യൻ ഗെയിംസിലെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ ഉൾപ്പെട്ട ഇന്ത്യൻ സംഘം വെള്ളിമെഡൽ സ്വന്തമാക്കിയത്. ഇതോടെ ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയെന്ന അപൂർവ നേട്ടവും വിദർശ സ്വന്തമാക്കി. ആദ്യ ഏഷ്യൻ ഗെയിംസിൽത്തന്നെ മെഡൽ നേടാൻ കഴിഞ്ഞത് യുവതാരത്തിന്റെ നേട്ടത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
“ഏഷ്യൻ ഗെയിംസിലെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളിമെഡൽ നേടി ചരിത്രം കുറിച്ച കോഴിക്കോട് തിരുവമ്പാടിയിലെ വിദർശ കെ. വിനോദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗില്‍ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന അപൂർവ നേട്ടമാണ് വിദർശ കൈവരിച്ചത്. ആദ്യ ഏഷ്യൻ ഗെയിംസിൽത്തന്നെ രാജ്യത്തിനായി ശ്രദ്ധേയമായ വിജയം നേടാൻ ഈ യുവപ്രതിഭയ്ക്ക് കഴിഞ്ഞു. കഠിനാധ്വാനവും ദൃഢനിശ്ചയവുംകൊണ്ട് രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ വിദർശയ്ക്ക് തുടർന്നും മികച്ച വിജയങ്ങൾ നേടാൻ കഴിയട്ടെ. അവർ കേരളത്തിന്റെ അഭിമാനമാണ്. സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും സഹായവും വിദർശയ്ക്ക് ലഭ്യമാക്കും,” മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കായിക മന്ത്രി ഒ.ജെ. ജനീഷും വിദർശയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. കൃഷിമന്ത്രി ടി. സിദ്ദിഖ് തിരുവമ്പാടിയിലെ വിദർശയുടെ വീട് സന്ദർശിച്ച് അഭിനന്ദനം അറിയിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വെള്ളിമെഡൽ നേടിയ മൂന്നംഗ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു വിദർശ. രാജ്യത്തെ പ്രതിനിധീകരിച്ച് ആദ്യമായി ഏഷ്യൻ ഗെയിംസ് വേദിയിലെത്തിയപ്പോൾത്തന്നെ ചരിത്രനേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അവർ പ്രതികരിച്ചു. നിരന്തര പരിശീലനവും അച്ചടക്കമുള്ള തയ്യാറെടുപ്പുകളുമാണ് നേട്ടത്തിന് പിന്നിലെന്നും വിദർശ പറഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമായെങ്കിലും കഠിനമായ പരിശീലനക്രമം കാരണം ഭർത്താവിനൊപ്പം വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ചെലവഴിക്കാൻ കഴിഞ്ഞതെന്ന് വിദർശ വെളിപ്പെടുത്തി. തന്റെ കായികയാത്രയിലെ എല്ലാ ഘട്ടങ്ങളിലും ഭർത്താവ് പൂർണ പിന്തുണ നൽകിയതായും ആ പിന്തുണ വിജയത്തിലേക്ക് മുന്നേറാൻ വലിയ കരുത്തായെന്നും അവർ പറഞ്ഞു.
ഏഷ്യൻ ഗെയിംസിനു മുമ്പുതന്നെ മെഡൽ ജേതാക്കൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്മാനത്തുക താരങ്ങളുടെ ആത്മവിശ്വാസവും മത്സരവീര്യവും വർധിപ്പിച്ചതായും വിദർശ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ഇത്തരം പ്രോത്സാഹനങ്ങൾ കൂടുതൽ യുവാക്കളെ കായികരംഗത്തേക്ക് ആകർഷിക്കുമെന്നും അന്താരാഷ്ട്ര വേദികളിൽ മികച്ച പ്രകടനം നടത്താൻ താരങ്ങൾക്ക് പ്രചോദനമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
