ചോദ്യങ്ങളെ ഭയക്കുന്ന അധികാരം; സ്തുതിപാഠകരാകുന്ന മാധ്യമങ്ങൾ (എഡിറ്റോറിയല്‍)

ജനാധിപത്യത്തിൽ അധികാരത്തിന്റെ ഏറ്റവും വലിയ അസ്വസ്ഥത ചോദ്യങ്ങളാണ്. ചോദ്യം ചെയ്യപ്പെടാൻ തയ്യാറല്ലാത്ത അധികാരം സുതാര്യതയിൽനിന്ന് അകലുകയാണ്. വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഭരണകൂടം ജനാധിപത്യത്തിന്റെ അന്തസ്സത്തയെയാണ് ദുർബലപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ പത്രസമ്മേളനങ്ങളിൽ നിന്നും ഔദ്യോഗിക പരിപാടികളിൽ നിന്നും വിമർശനാത്മക മാധ്യമങ്ങളെ തിരഞ്ഞു പിടിച്ച് വിലക്കുകയും തങ്ങൾക്ക് അനുകൂലമായ മാധ്യമങ്ങൾക്ക് മാത്രം വാതിൽ തുറന്നു കൊടുക്കുകയും ചെയ്യുന്ന പ്രവണതയെ സാധാരണ ഭരണ നടപടിയായി കാണാനാവില്ല. അത് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട വിവരങ്ങളുടെ ഒഴുക്കിനെ നിയന്ത്രിക്കാനുള്ള ശ്രമമായി കരുതണം.

പത്രസമ്മേളനം ഭരണാധികാരിയുടെ പ്രസംഗം കേട്ട് കൈയടിച്ച് പിരിയാനുള്ള വേദിയല്ല. ഭരണകൂടത്തോട് ജനങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ മാധ്യമ പ്രവർത്തകർ ഉന്നയിക്കുന്ന ഇടമാണ്. അധികാരത്തിലുള്ളവരുടെ വാക്കുകൾ കുറിച്ചെടുത്ത് പ്രചരിപ്പിക്കുക മാത്രമല്ല മാധ്യമ പ്രവർത്തനം. വാഗ്ദാനങ്ങളും യാഥാർഥ്യവും തമ്മിലുള്ള അന്തരം അന്വേഷിക്കണം; നേട്ടങ്ങളുടെ അവകാശവാദങ്ങൾ പരിശോധിക്കണം; പരാജയങ്ങളുടെ കാരണങ്ങൾ ചോദിക്കണം; പൊതുപണത്തിന്റെ വിനിയോഗത്തെക്കുറിച്ച് വിശദീകരണം തേടണം; അധികാരത്തിന്റെ മറവിൽ നടക്കുന്ന ക്രമക്കേടുകൾ പുറത്തുകൊണ്ടുവരണം. ഇതൊക്കെയാണ് മാധ്യമങ്ങളുടെ ജനാധിപത്യപരമായ ഉത്തരവാദിത്വം.

അത്തരം ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമങ്ങളെ വാതിലിനു പുറത്തു നിർത്തുമ്പോൾ ഉയരുന്ന ചോദ്യം ലളിതമാണ്: അധികാരം എന്തിനെയാണ് ഭയപ്പെടുന്നത്? മാധ്യമങ്ങളെയോ, അവർ ചോദിക്കുന്ന ചോദ്യങ്ങളെയോ?

ഭരണത്തിന്റെ നേട്ടങ്ങൾ ജനങ്ങൾ അറിയണം. അതുപോലെ പരാജയങ്ങളും വീഴ്ചകളും തെറ്റായ തീരുമാനങ്ങളും അറിയണം. ഭരണാധികാരിക്ക് ഇഷ്ടമുള്ളത് മാത്രം വാർത്തയാവുകയും ഇഷ്ടമില്ലാത്തത് ജനങ്ങളിൽനിന്ന് മറയ്ക്കപ്പെടുകയും ചെയ്താൽ അത് മാധ്യമ പ്രവർത്തനമല്ല; അധികാരത്തിന്റെ പ്രചാരണ പ്രവർത്തനമാണ്. ജനാധിപത്യത്തിൽ ഭരണാധികാരികൾക്ക് മാധ്യമങ്ങളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണ് ജനങ്ങൾക്ക് ഭരണത്തെക്കുറിച്ച് അറിയാനുള്ള അവകാശവും.

എന്നാൽ, കുറ്റം അധികാര കേന്ദ്രങ്ങളുടെ ഭാഗത്ത് മാത്രം അന്വേഷിച്ചാൽ മതിയാകില്ല. ഭരണാധികാരിയുടെ ഓരോ വാക്കിനെയും മഹത്വവൽക്കരിക്കുകയും ഓരോ നടപടിയെയും ചരിത്ര നേട്ടമായി അവതരിപ്പിക്കുകയും വീഴ്ചകൾക്ക് മുന്നിൽ കണ്ണടയ്ക്കുകയും ചെയ്യുന്ന മാധ്യമങ്ങളും ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറുകയാണ്. അധികാരത്തെ ചോദ്യം ചെയ്യേണ്ടവർ അധികാരത്തിന്റെ സ്തുതിപാഠകരായി മാറുമ്പോൾ നഷ്ടപ്പെടുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത മാത്രമല്ല; ജനങ്ങളുടെ അറിയാനുള്ള അവകാശം കൂടിയാണ്.

പഴയ രാജകൊട്ടാരങ്ങളിൽ രാജാവിന്റെ അപദാനങ്ങൾ പാടാൻ സ്തുതിപാഠകരുണ്ടായിരുന്നു. രാജാവിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുകയല്ല, അവയെ മഹത്വവൽക്കരിക്കുകയായിരുന്നു അവരുടെ ജോലി. ജനാധിപത്യകാലത്ത് മാധ്യമങ്ങൾ ആ സ്ഥാനത്തേക്ക് സ്വയം താഴരുത്. ഭരണാധികാരികളുടെ പ്രസ്താവനകൾക്ക് അലങ്കാരം ചേർത്ത് പ്രചരിപ്പിക്കുന്നതല്ല ജേർണലിസം. അധികാരത്തിന്റെ മുഖത്തുനോക്കി പ്രസക്തമായ ചോദ്യം ചോദിക്കാനും ലഭിക്കുന്ന മറുപടിയെ വസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കാനും കഴിയുന്നതാണ് അതിന്റെ ശക്തി.

അതിലും അപകടകരമാണ് പണത്തിനും മറ്റ് പ്രതിഫലങ്ങൾക്കും വേണ്ടി വാർത്തയുടെ വേഷത്തിൽ പ്രചാരണം സൃഷ്ടിക്കുന്നത്. പരസ്യത്തെ വാർത്തയാക്കി മാറ്റുകയും താൽപര്യങ്ങളെ വസ്തുതകളായി അവതരിപ്പിക്കുകയും ചെയ്യുന്നവർ മാധ്യമ പ്രവർത്തനത്തിന്റെ വിശ്വാസ്യതയെ കച്ചവടച്ചരക്കാക്കുകയാണ്. പണം വാങ്ങിയുള്ള പ്രചാരണം വാർത്തയായി അവതരിപ്പിക്കപ്പെടുമ്പോൾ വായനക്കാരനാണ് വഞ്ചിക്കപ്പെടുന്നത്. വാർത്തയും പരസ്യവും തമ്മിലുള്ള അതിർത്തി ബോധപൂർവം മായ്ച്ചുകളയുന്ന പ്രവർത്തനത്തെ സ്വതന്ത്ര മാധ്യമ പ്രവർത്തനമെന്ന് വിശേഷിപ്പിക്കാനാവില്ല.

മാധ്യമ സ്വാതന്ത്ര്യം എന്നത് മാധ്യമങ്ങൾക്ക് എന്തും പറയാനുള്ള അനിയന്ത്രിത അവകാശവുമല്ല. വസ്തുത പരിശോധിക്കുക, ആരോപണങ്ങൾക്ക് മറുപടി തേടുക, തെറ്റുകൾ തിരുത്തുക, വാർത്തയെയും അഭിപ്രായത്തെയും വേർതിരിക്കുക, വ്യക്തിപരമായോ സാമ്പത്തികമായോ രാഷ്ട്രീയമായോ താൽപര്യങ്ങൾ വാർത്തയെ നിയന്ത്രിക്കാൻ അനുവദിക്കാതിരിക്കുക—ഇവയെല്ലാം അതിന്റെ അടിസ്ഥാന ഉത്തരവാദിത്വങ്ങളാണ്. അധികാരത്തിന്റെ സമ്മർദത്തിനു വഴങ്ങുന്നതു പോലെ തന്നെ സ്വന്തം മുൻവിധികൾക്കനുസരിച്ച് വസ്തുതകളെ വളച്ചൊടിക്കുന്നതും മാധ്യമ ധർമ്മത്തിന് വിരുദ്ധമാണ്.

ജനാധിപത്യത്തിന്റെ ‘നാലാം തൂൺ’ എന്ന വിശേഷണം മാധ്യമങ്ങൾക്ക് ലഭിച്ച അലങ്കാരപ്പട്ടമല്ല; വലിയൊരു ഉത്തരവാദിത്വത്തിന്റെ ഓർമപ്പെടുത്തലാണ്. അധികാര കേന്ദ്രങ്ങളെ നിരീക്ഷിക്കുക, മറച്ചുവയ്ക്കപ്പെടുന്ന കാര്യങ്ങൾ അന്വേഷിക്കുക, പൊതുതാൽപര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തുക, ഭരണാധികാരികളുടെ അവകാശവാദങ്ങളെ വസ്തുതകളുമായി താരതമ്യം ചെയ്യുക – ഇവ നിർവഹിക്കുമ്പോഴാണ് മാധ്യമങ്ങൾ ആ വിശേഷണത്തിന് അർഹത നേടുന്നത്.

ചോദ്യങ്ങളെ ഒഴിവാക്കാൻ മാധ്യമങ്ങളെ വിലക്കുന്നതും അധികാരത്തിന്റെ പ്രീതി നേടാൻ ചോദ്യങ്ങൾ ഉപേക്ഷിക്കുന്നതും ഒരേ ജനാധിപത്യരോഗത്തിന്റെ രണ്ട് ലക്ഷണങ്ങളാണ്. ഒന്നിൽ അധികാരം മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു; മറ്റൊന്നിൽ മാധ്യമങ്ങൾ സ്വയം അധികാരത്തിന് കീഴടങ്ങുന്നു. ഭരണാധികാരികൾ ഓർക്കണം: പത്രസമ്മേളനം രാജസദസ്സല്ല; മാധ്യമ പ്രവർത്തകർ സ്തുതിപാഠകരുമല്ല.

മാധ്യമങ്ങളും ഓർക്കണം: അധികാരത്തിന്റെ വാതിൽ തുറന്നുകിട്ടുന്നതല്ല മാധ്യമ പ്രവർത്തനത്തിന്റെ വിജയമെന്ന് മാധ്യമങ്ങളും ഓര്‍ക്കണം. ആ വാതിലിനകത്ത് കയറി ജനങ്ങൾക്ക് വേണ്ടി ചോദിക്കേണ്ട ചോദ്യം ഭയമില്ലാതെ ചോദിക്കാൻ കഴിയുന്നതാണ് മാധ്യമ ധര്‍മ്മം.

ചോദ്യങ്ങളെ ഭയക്കുന്ന അധികാരികളും ചോദ്യം ചെയ്യാൻ ഭയക്കുന്ന മാധ്യമങ്ങളും ഒടുവിൽ വഞ്ചിക്കുന്നത് ജനത്തെയാണെന്നോര്‍ക്കണം.

ചീഫ് എഡിറ്റര്‍

Leave a Comment

More News