കെ‌എസ്‌ആര്‍‌ടി‌സിക്ക് സുപ്രീം കോടതിയുടെ പ്രഹരം; സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് അമ്പതിനായിരം രൂപ പിഴ ശിക്ഷ

ന്യൂഡൽഹി: കടക്കെണിയില്‍ പെട്ട് നട്ടം തിരിയുന്ന കെഎസ്ആർടിസിക്ക് സുപ്രീം കോടതിയുടെ പ്രഹരം. വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് തുക നല്‍കുന്നതിനെ സംബന്ധിച്ചുള്ള വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനാണ് 50,000 രൂപ പിഴ ചുമത്തിയത്. ഇന്ന് പിഴയടച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു.

വാഹനാപകടത്തിൽ ഇരയായവർക്കുള്ള ഇൻഷുറൻസ് തുക വൈകുന്നത് ഒഴിവാക്കാൻ സ്ഥിരം കോർപ്പസ് ഫണ്ട് രൂപീകരിക്കണമെന്നും ഇക്കാര്യം സത്യവാങ്മൂലത്തിൽ അറിയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാല്‍, കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും മറുപടി നല്‍കിയിട്ടില്ല. മറുപടി നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് പതിനായിരം രൂപയും നല്‍കാത്തവര്‍ക്ക് അമ്പതിനായിരവുമാണ് പിഴ. സത്യവാങ്മൂലം വൈകിപ്പിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് പിഴത്തുക ഈടാക്കാനാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്.

എന്നാൽ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ കണ്ടെത്താനാകാത്തതിനാൽ കെഎസ്ആർടിസി ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. പക്ഷേ ഉദ്യോഗസ്ഥന്‍ പിഴ അടയ്‌ക്കേണ്ടതിന് പകരം കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നി്‌ന്നെടുക്കുന്നത് കോടതിയുടെ വിമര്‍ശനത്തിന് കാരണമാകുമോ എന്ന ഭയവുമുണ്ട്. അതിനാല്‍ പിഴയൊടുക്കി റിപ്പോര്‍ട്ട് നല്‍കേണ്ട കാര്യത്തിലും തീരുമാനമെടുക്കാനാവാതെ വലയുകയാണ് മാനേജ്‌മെന്റ്.

Print Friendly, PDF & Email

Leave a Comment

More News