കഞ്ചാവ് മാഫിയകളുടെ തലതൊട്ടപ്പന്മാർ: കാരൂർ സോമൻ, (ചാരുംമൂടൻ)

കേരളത്തിലെ രക്ഷിതാക്കൾ ഇന്ന് ആശങ്കാകുലരാണ്. പലരും അത്യുച്ചത്തിൽ വിലപിക്കുന്നു. നമ്മുടെ ഹരിത വിദ്യാലയങ്ങളിൽ ഇന്ന് കെട്ടിയിറക്കിയിരിക്കുന്നത് വിദ്യാർത്ഥികളുടെ അടിത്തറയിളക്കുന്ന, ജീവിതം തകിടം മറിക്കുന്ന അപകടകാരികളായ ലഹരി മരുന്നുകളാണ്. കുഞ്ഞിളം പ്രായത്തിൽ പ്രസരിപ്പോടെ കാന്തി ചിതറി കാണേണ്ട മുഖം വാടിക്കരിഞ്ഞും ചഞ്ചല മിഴികളോടെ നോക്കുന്നു. കരളിന്റെ മുഖ്യ ശത്രു മദ്യപാനമെന്നപോലെ കുട്ടികളുടെ നാഡീഞരമ്പുകളെ ഭ്രാന്തുപിടിപ്പിക്കുന്ന വിധം അവരിൽ ആരാണ് മയക്കു മരുന്നുകൾ അടിച്ചേൽപ്പിക്കുന്നത്? ലഹരി മരുന്നിനോടുള്ള ആസക്തി എങ്ങനെയുണ്ടായി? അറിവിന്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികൾ അവരുടെ പഠന നൈപുണ്യം തെളിയിക്കേണ്ടത് സ്വന്തം വിജ്ഞാനത്തെ ഉല്പാദിപ്പിച്ചുകൊണ്ടാണ്. അതിന് പകരം മയക്കുമരുന്നല്ല ഉല്പാദിപ്പിക്കേണ്ടത്. അവിടെ മന്ദബുദ്ധികളെ ഉല്പാദിപ്പിക്ക മാത്രമല്ല അറപ്പും, വെറുപ്പും മടുപ്പും മൃഗീയ പ്രവർത്തികൾക്ക് കാരണമാകുന്നു. അത് സ്വന്തം ജീവിതത്തെ മാത്രമല്ല കുടുംബത്തിലുള്ളവർക്കും കണ്ണീരിന്റെ പാടുകൾ പതിയുന്നു.സമുഹത്തെ, സംസ്‌ക്കാരത്തെ ധർമ്മസങ്കടത്തിലാഴ്ത്തുന്നു. കേരളത്തിലെ വിദ്യാഭ്യാസ കച്ചവടം മൂലം കുട്ടികൾക്ക് അവിടെ പഠിക്കാൻ താല്പര്യമില്ലാതെ സമ്പത്തുള്ളവരൊക്കെ നാട് വിട്ട് പോകുന്നു. പലരും മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങുന്നു. ആ കാഴ്ച്ചകൾ കണ്ടിരിക്കെ വിദ്യാലയങ്ങളിൽ അപമാനകരമായ മയക്ക്മരുന്ന് മാഫിയകളുടെ വിളയാട്ടം. അത് പൂർവ്വാധികം ശക്തിപ്രാപിച്ചിരിക്കുന്നു. കുട്ടികൾ ധരിക്കുന്ന യൂണിഫോമിൽ ജാതി ചിന്തകൾ പിടിമുറുക്കുന്നതു പോലെ കേരളത്തിലെ ലഹരി മാഫിയകൾ കുട്ടികളുടെ ഭാവി തകർക്കുന്നു. കുട്ടികളുടെ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന വിഷപ്പാമ്പുകളെ കേരളത്തിൽ പാലൂട്ടി വളർത്തുന്നത് ആരാണ്? ഇവരെ സംരക്ഷിക്കുന്നതിലുള്ള ഗുഢതാല്പര്യം ആരിലാണ്? എത്ര പ്രാകൃതമായ ഗുണവിശേഷങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നത്. പാഠപുസ്തകങ്ങൾ വിൽക്കുന്നതു പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മയക്കുമരുന്ന് എങ്ങനെ വിറ്റഴിയുന്നു?

സമൂഹത്തിൽ ശാസ്ത്രീയ-കലാ-സാഹിത്യ-സാംസ്‌ക്കാരിക വിദ്യാരംഗങ്ങളിൽ അരക്കാശിന് വിലയില്ലാത്തവരും, കണ്ടാലും കാണാതിരിക്കുന്നവരും, ആടിനെ പട്ടിയാക്കുന്നവരും, എന്തും അരച്ചു കൊടുത്താൽ കലക്കി കുടിക്കുമെന്ന വിധത്തിലാണ് നമ്മൾ പലതും കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ തെളിവാണ് പ്ലസ്‌വണ്ണിന്റെ പ്രവേശനം നടക്കുന്ന സമയം എക്‌സൈസ് വകുപ്പ് പത്തോളം വരുന്ന പ്ലസ്ടു വിദ്യാർഥികളെ കൊണ്ട് പോലീസ് വാഹനത്തിൽ ഒരു സ്‌കൂളിലേക്ക് വരുന്നത്. അതിൽ ഏഴാം ക്ലാസ് വിദ്യാർഥിയുമുണ്ട്. അവൻ ഏഴാം ക്ലാസ് മുതൽ ഈ പാഠ്യപദ്ധതിയിലുണ്ട്. പഠിച്ചു വളരുന്നത് ലഹരി മരുന്നുകൾ എങ്ങനെ വിറ്റഴിക്കാം. എങ്ങനെ കൂടുതൽ കാശുണ്ടാക്കാം. ഒരധ്യാപകനും അവനിൽ സംഭവിച്ചിട്ടുള്ള തകർച്ച മനസ്സിലാക്കിയില്ല. ബോധപൂർവ്വം ഒഴുവാക്കിയതോ ഒത്താശ ചെയ്തതോ അറിയില്ല. മയക്കുമരുന്നിന് ഇരകളായ അധ്യാപകരെ കേട്ടിട്ടില്ല. എന്തായാലും ഇന്നവൻ ഗുണ്ടാത്തലവനെ പോലെ ലഹരി മാഫിയ തലവനാണ്. ഈ കൂട്ടരേ തീറ്റിപോറ്റുന്നത് ഞാൻ പറഞ്ഞ അര കാശിന് കൊള്ളാത്തവരാണ്. അരവൈദ്യൻ ആയിരം രോഗികളെ കൊല്ലുന്നതു പോലെ ഒരു സ്‌കൂളിലെ കുട്ടികളുടെ ജീവിതത്തെ ലക്ഷ്യബോധമില്ലാത്ത കുട്ടികൾ തകർത്തെറിയുന്നു. നിത്യവും കേസുകളുടെ എണ്ണം കൂടുന്നു, കൊച്ചി എന്ന കൊച്ചു പട്ടണം അതിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. കുട്ടികളെ നിയന്ത്രിക്കാൻ പറ്റാത്ത മാതാപിതാക്കൾ, അധ്യാപകർ മാനസിക വിഭ്രാന്തിയിലാണ്. നമ്മുടെ വിദ്യാലയങ്ങളിൽ നടക്കുന്ന ഈ ഗുരുതര പ്രതിസന്ധിയെ വിദ്യാഭ്യാസ വകുപ്പ് എന്തുകൊണ്ട് നേരിടുന്നില്ല?

വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താൻ കേരളത്തിൽ എല്ലാം വർഷവും പാഠ്യപദ്ധതി പരിഷ്‌ക്കരണം നടക്കാറുണ്ട്. സാഹിത്യ അക്കാദമിയിൽ യോഗ്യതയുള്ളവരെ തള്ളിമാറ്റി ചിലർക്ക് കിട്ടുന്ന അവാർഡുകൾ പോലെ പാഠ്യപദ്ധതിയിൽ യോഗ്യതയുള്ള പുസ്തകങ്ങൾ മാറ്റിവെച്ചിട്ട് സ്വജന പക്ഷപാതം നടത്തി പുസ്തക ഭാഗങ്ങൾ തിരുകി കയറ്റി പഠിപ്പിക്കുന്നതു പോലെ ലഹരി മാഫിയകൾക്ക് മുന്നിൽ ശിഖണ്ഡികളെ പോലെ തിരശ്ശീലക്ക് പിന്നിൽ നിൽക്കുന്നതെന്താണ്? തെരുവുകളിൽ മദ്യപാനികൾ ആടിത്തളർന്നു പോകുന്നതു പോലെ മനുഷ്യ നാഡികളെ തളർത്തുന്ന ഈ മാരക ലഹരി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിക്കുന്നത് ആരാണ്? കേരള ത്തിന്റെ അതിർത്തികൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികളെ ആരാണ് മൗനികളാക്കുന്നത്? അന്യദേശങ്ങളിൽ നിന്ന് ഇതൊക്കെ കൊണ്ടുവരാൻ ഒത്താശ ചെയ്യുന്നത് ആരാണ്? കൗമാരക്കാരായ വിദ്യാർത്ഥികളെ, യുവതീയുവാക്കളെ ലഹരി മാഫിയ വലയിൽ വീഴ്ത്തികൊണ്ടിരിക്കുന്നത് കേരള സമൂഹം കാഴ്ചക്കാരായി കാണുന്നു. സാഹിത്യം ചിലർ ഒരു ഫാഷനായി കൊണ്ടുനടക്കുന്നതു പോലെ വിദ്യാലയങ്ങളിൽ മയക്ക് മരുന്ന് ഒരു ഫാഷനാണോ? സമൂഹത്തിൽ ഗുണ്ടകളെ വളർത്തുന്നതു പോലെ ഇവരെയും തീറ്റിപോറ്റുകയാണോ? കുട്ടികളെ അഴുക്ക് മാലിന്യത്തിലേക്ക് വലിച്ചെറിയാൻ കൂട്ടുനിൽ ക്കുന്നത് ഓരോ കുട്ടികളോടും ചെയ്യുന്ന ക്രൂരതയാണ്. സൽസ്വഭാവികളായ കുട്ടികളെപ്പോലും ആത്മസംഘർ ഷത്തിലാക്കുന്ന, ദുഷിപ്പിക്കുന്ന ഈ കച്ചവടം സ്‌കൂളിൽ മിതമായ നിരക്കിൽ വിറ്റഴിക്കുന്നത് അധ്യാപകർ അറിയാതിരിക്കുന്നത് എത്ര പരിതാപകരമാണ്. ഈ വിഷബാധയെപ്പറ്റി വിദ്യാലയങ്ങളിൽ എന്തെങ്കിലും ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ടോ? കുട്ടികളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഹീന കൃത്യത്തെ ഫലപ്രദമായി നേരിടാൻ അധ്യാപർക്ക് സാധിച്ചിട്ടുണ്ടോ.? അവർ പറയുന്ന പച്ചപരമാർത്ഥം കുട്ടികളുടെ ബാഗുകൾ പരിശോധിക്കാൻ എന്തവകാശമാണ്? അതിനുള്ള സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് വിദ്യാലയങ്ങൾ ചെയ്യേണ്ടത്. ഇല്ലെങ്കിൽ കുട്ടികളുടെ ഭാവി തകരുക മാത്രമല്ല അധ്യാപകർ കബളിപ്പിക്കപ്പെടുക തന്നെ ചെയ്യും. നമ്മുടെ വിദ്യാലയങ്ങൾ മലിനപ്പെടാതെയിരിക്കാൻ അധ്യാപകർ ക്രിമിനലുകൾക്ക് കുട പിടിക്കരുത്. ഇതും സ്‌കൂളിലെ പഠനപുരോഗതിയാണോ?

ലോകമിന്ന് ഓരോ വ്യക്തികളിൽ ചുരുങ്ങികൊണ്ടിരിക്കുന്ന കാലമാണ്. സോഷ്യൽ മീഡിയ ലോകമെങ്ങും കുതിച്ചു ചാടിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ ദുരുപയോഗം കൂടി ചിന്തിക്കുന്നതു പോലെ കുട്ടികളിൽ മയക്ക് മരുന്നെത്തിക്കുന്നവരെ തുറുങ്കിലടക്കാനോ, കടിഞ്ഞാണിടാനോ ഇതുവരെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല? ഞാൻ പഠിക്കുന്ന കാലങ്ങളിൽ മദ്യമോ, മയക്കുമരുന്നോ ആ പേരുകൾ പോലും ചത്തിയറ, താമരക്കുളം ഹൈസ്‌കൂളിൽ കേട്ടിരുന്നില്ല. രാഷ്ട്രീയ അഴിഞ്ഞാട്ടവുമില്ലായിരുന്നു.ചത്തിയറ സ്‌കൂൾ മാനേജർ കൊപ്പാറ നാണുപിള്ള സാറിന്റെയടുക്കൽഞാനടക്കം മൂന്ന് കുട്ടികൾ വിദ്യാർത്ഥി സംഘടനകളുടെ കാര്യം പറഞ്ഞപ്പോൾ കിട്ടിയ ഉത്തരം. ‘ഇപ്പോൾ പഠിക്കുന്ന പുസ്തകം പഠിച്ചാൽ മതി. രാഷ്ട്രീയം വേണ്ട’. അന്നദ്ദേഹം താമരക്കുളം പഞ്ചായത്തു പ്രസിഡന്റ് ആയിരിന്നു. നിർഭാഗ്യവശാൽ ഇന്ന് പലതും അങ്കലാപ്പോടെ കേൾക്കുന്നു. അന്ന് പഠിച്ചവർ ലോകത്തിന്റെ നെറുകയിലേക്ക് പറന്നുയർന്നത് പഠിക്കാൻ പോയ കാലങ്ങളിൽ അവർ പരിശീലിച്ചത് അക്ഷരങ്ങളാണ്. അതവർക്ക് കരുത്തു പകർന്നു. കച്ചവട സിനിമകൾ പഠിക്കാനല്ല പോയത്. അച്ചടക്കവും അനുസരണയുമുള്ള കുട്ടികളായിരിന്നു. ആരും ഗുരുനിന്ദ ഏറ്റുവാങ്ങിയിട്ടില്ല. ആ പഠനം ജീവിതത്തിന്റെ വഴിത്തിരിവായി. അധ്യാപകർ മാതൃകാ ഗുരുക്കന്മാരായിരിന്നു. അന്ന് പസ്തകങ്ങൾ വായിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. സ്‌കൂളുകളിൽ ഇന്നത്തെ പോലെ ലൈബ്രറിയില്ല. ഞാൻ എങ്ങനെ പുസ്തകം കണ്ടെത്തി വായിച്ചതും, മുൻ മന്ത്രി ജി.സുധാകരൻ വായിച്ചതും എന്റെ ആത്മകഥ ‘കഥാകാരന്റെ കനൽ വഴിയിൽ’ (പ്രഭാത് ബുക്ക്‌സ്) എഴുതിയിട്ടുണ്ട്. നാം ഇന്നനുഭവിക്കുന്ന പ്രശ്‌നം? നമുക്ക് വിദ്യാഭ്യാസമുണ്ട്. സമ്പത്തുണ്ട്, പദവികളുണ്ട് എന്നാൽ ആദരപൂർവ്വം മറ്റൊരാളെ കാണാനുള്ള അറിവോ സംസ്‌ക്കാരമോ നേടിയിട്ടില്ല. എങ്ങനെ സമ്പത്തുണ്ടാക്കാം, കുറെ ബിരുദങ്ങൾ നേടാം. ഇതുള്ളതു കൊണ്ട് സംസ്‌ക്കാരം അറിയണമെന്നില്ല. മനുഷ്യത്വരഹിതമായ പ്രവർത്തികൾ ചെയ്യുന്നവർക്ക്, ചിന്തിക്കുന്നവർക്ക് സംസ്‌ക്കാരമുണ്ടാകില്ല. ആ സംസ്‌ക്കാരത്തിന്റെ അഭാവം മൂലമാണ് ഇത്തരത്തിലുള്ള വിടുഭോഷന്മാർ കുട്ടികളെ മാത്രമല്ല സമൂഹത്തെയും ചൂഷണം ചെയ്യുന്നത്, മദ്യമരുന്നു മാഫിയകൾക്ക് അടിമകളാകുന്നത്. ഓരോ കുട്ടികളുടെ ബാഗുകൾ മാത്രമല്ല ശരീരവും കർശന പരിശോധനകൾക്ക് വിധേയമാക്കണം. അവരെ ക്കൊണ്ട് ആത്മപ്രതിജ്ഞ ചെയ്യിക്കണം. ഓരോ ക്ലാസ്സിലും ബോധവൽക്കരണമുണ്ടാകണം. പട്ടി ചന്തക്ക് പോയതു പോലെയല്ല കുട്ടികൾ പഠിച്ചു വളരേണ്ടത്. കേരളത്തിലെ വിദ്യാർത്ഥികളിൽ പലരും ലഹരി മരുന്നിന് അടിമകളാണ്. എന്ത് കാല്‍വെയ്പുകളാണ് അധ്യാപകർ, വിദ്യാഭ്യാസ വകുപ്പ്, എക്‌സൈസ്, പോലീസ് വകുപ്പ്, മാതാപിതാക്കൾ ഈ രംഗത്ത് നടത്തിയിട്ടുള്ളത്? ഈ കഞ്ചാവ്, മയക്ക് മരുന്ന് മാഫിയകളുടെ തലതൊട്ടപ്പന്മാരെ തുറുങ്കിലടക്കാൻ സാധിച്ചിട്ടുണ്ടോ.?

Print Friendly, PDF & Email

Leave a Comment

More News