ബിസിനസ് തട്ടിപ്പ് ആരോപിച്ച് ന്യൂയോർക്ക് അറ്റോർണി ജനറൽ ട്രംപിനും മൂന്ന് മക്കള്‍ക്കുമെതിരെ കേസെടുത്തു

ന്യൂയോര്‍ക്ക്: മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും, അദ്ദേഹത്തിന്റെ മുതിർന്ന മൂന്ന് മക്കള്‍ക്കും, ട്രംപ് ഓർഗനൈസേഷനുമെതിരെ ന്യൂയോർക്ക് അറ്റോർണി ജനറൽ കേസെടുത്തു. സ്വയം സമ്പന്നരാകാനും അനുകൂലമായ വായ്പകൾ നേടാനും തന്റെ ആസ്തി കോടിക്കണക്കിന് ഡോളര്‍ പെരുപ്പിച്ചു കാണിച്ചതിനാണ് കേസ്.

യുഎസ് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് ബുധനാഴ്ച മന്‍‌ഹാട്ടനിലെ ന്യൂയോർക്ക് സ്റ്റേറ്റ് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു.

2011 മുതൽ 2021 വരെയുള്ള സാമ്പത്തിക കണക്കുകള്‍ തയ്യാറാക്കുന്നതിൽ ട്രംപ് ഓർഗനൈസേഷൻ “നിരവധി വഞ്ചനകളും തെറ്റിദ്ധാരണകളും” നടത്തിയെന്നാണ് അറ്റോര്‍ണി ജനറല്‍ ആരോപിക്കുന്നത്.

കുറഞ്ഞ പലിശനിരക്കും കുറഞ്ഞ ഇൻഷുറൻസ് പരിരക്ഷയും ഉൾപ്പെടെയുള്ള ഇടപാടുകളിൽ അനുകൂലമായ സാമ്പത്തിക നേട്ടത്തിനായി തന്റെ കമ്പനിയെ സഹായിക്കുന്നതിന് ട്രംപ് തന്റെ സമ്പത്തിനെ ബില്യൺ കണക്കിന് ഡോളർ കൃത്രിമമായി വര്‍ദ്ധിപ്പിച്ചതായി ലെറ്റിഷ്യ ജെയിംസ് പറഞ്ഞു.

“സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പ്രസ്താവനകൾ വളരെ അതിശയോക്തിപരവും, മൊത്തത്തിൽ ഊതിപ്പെരുപ്പിച്ചതും, വസ്തുനിഷ്ഠമായി തെറ്റായതും, അതിനാൽ വഞ്ചനാപരവും നിയമവിരുദ്ധവുമാണ്,” അവര്‍ ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

“നിങ്ങളുടെ പക്കൽ ഇല്ലാത്ത പണം ക്ലെയിം ചെയ്യുന്നത് ‘ആർട്ട് ഓഫ് ദി ഡീൽ’ എന്നതിന് തുല്യമല്ല. ഇത് മോഷണത്തിന്റെ മറ്റൊരു രൂപമാണ്,” അവർ കൂട്ടിച്ചേർത്തു.

തന്റെ 214 പേജുള്ള പരാതിയിൽ ജെയിംസ് ട്രംപിന്റെ മുതിർന്ന കുട്ടികളുടെ പേരും പറയുന്നുണ്ട്; ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ്, ഇവാങ്ക ട്രംപ് എന്നിവരും മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അല്ലെൻ വീസൽബർഗ് ഉൾപ്പെടെയുള്ള ദീർഘകാല കമ്പനി എക്സിക്യൂട്ടീവുകളും പ്രതികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവരുടെ പെരുമാറ്റം ന്യൂയോർക്ക് സ്റ്റേറ്റ് നിയമത്തിന്റെ ലംഘനമായിരുന്നു എന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ഏകദേശം 250 മില്യൺ ഡോളറാണ് പിഴയായി ട്രം‌പിന് ചുമത്തിയിരിക്കുന്നത്. കൂടാതെ, ട്രംപിനെയും അദ്ദേഹത്തിന്റെ മക്കളെയും അവരുടെ എക്സിക്യൂട്ടീവ് ടീമിലെ അംഗങ്ങളെയും ന്യൂയോർക്ക് സ്റ്റേറ്റിൽ ഏതെങ്കിലും ബിസിനസ്സ് നടത്തുന്നതില്‍ നിന്ന് സ്ഥിരമായി വിലക്കാനും നീക്കം നടക്കുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News